'തൊട്ടിലിലാട്ടുമമ്മ, താരാട്ടായി പാടുമമ്മ'; രണ്ടാനമ്മയും അച്ഛനും മർദിച്ച കുട്ടിയുടെ കവിത പങ്കുവെച്ച് മന്ത്രി

തിരുവനന്തപുരം: ആലപ്പുഴയിൽ രണ്ടാനമ്മയുടെയും അച്ഛന്റെയും ക്രൂരമർദ്ദനത്തിനിരയായ നാലാം ക്ലാസുകാരിയുടെ ഹൃദയസ്പർശിയായ കവിത പങ്കുവെച്ച് മന്ത്രി വീണാ ജോർജ്. 'തൊട്ടിലിലാട്ടുമമ്മ, താരാട്ടായി പാടുമമ്മ, ഒന്നല്ല, രണ്ടല്ല, മൂന്നല്ല, നാലല്ല, പതിനായിരം വർഷങ്ങളേറെ ചുമന്നൊരമ്മ...'- എന്നുള്ള അമ്മയുടെ ഓര്‍മ്മകള്‍ നിറഞ്ഞ കുഞ്ഞു ഓര്‍മ്മകളാണ് മന്ത്രി പങ്കുവെച്ചത്.
കുട്ടിയുടെ പുസ്തകത്തിൽ കവിതകളുണ്ടെന്നും നാളെ മുതൽ അവൾ സ്കൂളിൽ പോകുമെന്നും മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. അച്ഛമ്മയുടെ സംരക്ഷണത്തിലുള്ള കുട്ടി, വനിതാ ശിശു വികസന വകുപ്പിന്റെ നിരീക്ഷണത്തിലാണ് ഉണ്ടാവുകയെന്നും മന്ത്രി പറഞ്ഞു.
നാലാം ക്ലാസുകാരിയെ മർദിച്ച സംഭവത്തിൽ കുട്ടിയുടെ അച്ഛനും രണ്ടാനമ്മയും റിമാൻഡിലാണ്. കുട്ടിയുടെ അച്ഛൻ ആദിക്കാട്ടുകുളങ്ങര കഞ്ചുകോട് പൂവണ്ണംതടത്തിൽ അൻസർ(35) , രണ്ടാനമ്മ കായംകുളം രണ്ടാംകുറ്റി സ്വദേശി ഷെഫിന (27) എന്നിവരെയാണ് മാവേലിക്കര കോടതി റിമാൻഡ് ചെയ്‌തത്. ശനി പകൽ രണ്ടോടെയാണ് ഇരുവരെയും കോടതിയിൽ ഹാജരാക്കിയത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിന് അടുത്ത ദിവസം പൊലീസ് അപേക്ഷനൽകും.
വെള്ളി വൈകിട്ടാണ് ഇരുവരും പിടിയിലായത്. വൈകിട്ട് 5.42ന് ശൂരനാട് ചക്കുവള്ളിയിലെ ബന്ധുവീട്ടിൽനിന്ന് ഷെഫിനയെയും രാത്രി 8.30 ഓടെ പത്തനംതിട്ട അടൂരിനടുത്ത് കടമാംകുളത്തുനിന്ന് അൻസറിനെയും പൊലീസിന്റെ പ്രത്യേകസംഘം പിടികൂടി. ഇവരെ ഒളിവിൽ പോകാൻ സഹായിച്ച സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇയാളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. അടൂർ, നൂറനാട് സ്‌റ്റേഷനുകളിലായി ലഹരിക്കച്ചവടം ഉൾപ്പെടെ നിരവധി കേസുകൾ അൻസറിന്റെ പേരിൽനിലവിലുണ്ട്. പൊലീസുകാരെ മർദിച്ചതിനും കേസുണ്ട്.









0 comments