ശ്രവണ പരിമിതർക്ക് പ്രത്യേക പുസ്തകം; മന്ത്രി വി ശിവന്‍കുട്ടി പ്രകാശനം ചെയ്തു

special books
വെബ് ഡെസ്ക്

Published on Jun 30, 2025, 05:55 PM | 2 min read

തിരുവനന്തപുരം: കേരളത്തിലെ ശ്രവണ വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി തയ്യാറാക്കപ്പെട്ട പ്രത്യേക പുസ്തകങ്ങള്‍ രാജ്യത്തിന് തന്നെ മാതൃകയാകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. സവിശേഷ വിദ്യാലയങ്ങളിലെ ഒന്ന് മുതല്‍ മൂന്ന് വരെ ക്ലാസുകളിലെ ശ്രവണ വൈകല്യമുള്ള കുട്ടികള്‍ക്കുള്ള പ്രത്യേക പാഠപുസ്തകങ്ങളുടെയും പ്രവര്‍ത്തന പുസ്തകങ്ങളുടെയും പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.


ശ്രവണ വെല്ലുവിളി നേരിടുന്ന കുട്ടികള്‍ പഠനത്തില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ചര്‍ച്ച ചെയ്യപ്പെട്ട സാഹചര്യത്തിലാണ് സവിശേഷ വിദ്യാലയങ്ങളിലെ കുട്ടികള്‍ നേരിടുന്ന പഠനപ്രയാസങ്ങള്‍ വിശകലനം ചെയ്യാന്‍ എസ്‍സിഇആര്‍ടി തീരുമാനിച്ചത്. സര്‍ഗാത്മകതയ്ക്ക് ഊന്നല്‍ നല്‍കി തയ്യാറാക്കിയ പൊതുപാഠപുസ്തകങ്ങള്‍ ഇത്തരം പ്രയാസങ്ങൾ നേരിടുന്ന കുട്ടികള്‍ക്ക് അനുയോജ്യമായ പഠനാനുഭവങ്ങള്‍ നല്‍കുന്നില്ലെന്ന് കണ്ടെത്തുകയുണ്ടായെന്ന് മന്ത്രി പറഞ്ഞു.



Related News


കേൾവിക്ക് പ്രയാസം നേരിടുന്ന കുട്ടികള്‍ക്ക് ഉച്ചരിക്കാന്‍ കഴിയുന്ന അക്ഷരക്രമവും പദക്രമവും പാലിച്ചുകൊണ്ടും ദൃശ്യാനുഭവങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയും പ്രത്യേക പാഠപുസ്തകങ്ങള്‍ പ്രൈമറി ക്ലാസുകള്‍ക്കായി തയാറാക്കുന്നതാണ് ഉചിതമെന്നും പഠനം നിര്‍ദ്ദേശിച്ചിരുന്നു. ഈ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് എസ്‍സിഇആര്‍ടി തയാറാക്കിയ പ്രത്യേക പാഠ്യപദ്ധതി ഗവണ്‍മെന്റ് പരിശോധിച്ച് അംഗീകാരം നല്‍കിയത്.


പ്രത്യേക പാഠ്യപദ്ധതിയെ അടിസ്ഥാനമാക്കിയാണ് കേരളത്തിലെ 32 സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ പഠിക്കുന്ന ഒന്ന്, രണ്ട്, മൂന്ന് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി 12 പ്രത്യേക പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. ആസ്വാദ്യകരവും കാര്യക്ഷമവുമായ പഠനാനുഭവങ്ങള്‍ ഉറപ്പുവരുത്തി, കുട്ടികളുടെ ഭാഷാര്‍ജ്ജനം ശക്തിപ്പെടുത്താനും, എഴുത്തും വായനയും പരിപോഷിപ്പിക്കാനുമാണ് പാഠപുസ്തകം ലക്ഷ്യമിടുന്നത്. ഇതിനായി ഉള്ളടക്ക ഭാരം, സങ്കീര്‍ണമായ ഭാഷാപ്രയോഗങ്ങള്‍ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. കുട്ടിക്ക് സ്വയംപഠനത്തിന് സാധ്യമാകുന്ന തരത്തില്‍ കൂടുതല്‍ ചിത്രങ്ങളും ദൃശ്യാനുഭവങ്ങളും, ഐസിടി സാധ്യതകളും പ്രയോജനപ്പെടുത്തിയാണ് പാഠപുസ്തകങ്ങളില്‍ പഠനപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.


12 പാഠപുസ്തകങ്ങളുടെയും പ്രായോഗിക പരീക്ഷണം ഈ അധ്യയന വര്‍ഷം വിദ്യാലയങ്ങളില്‍ നടത്തി. അധ്യാപകരുടെയും രക്ഷിതാക്കളുടെയും അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ച് അടുത്ത വര്‍ഷം കൂടുതല്‍ മെച്ചപ്പെടുത്തി പ്രസിദ്ധീകരിക്കുന്നതിന് എസ്ഇആര്‍ടിഇക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. ജഗതി സര്‍ക്കാര്‍ ബധിരവിദ്യാലയത്തില്‍ നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ്. എസ് അധ്യക്ഷനായി. എസ്‍സിഇആര്‍ടി ഡയറക്ടര്‍ ജയപ്രകാശ്, സമഗ്ര ശിക്ഷ കേരളം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ എ ആര്‍ സുപ്രിയ, ഹെഡ്മിസ്ട്രസുമാരായ സി സ്വപ്ന, കെ ഒ ആന്‍സിമോള്‍ എന്നിവര്‍ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home