ഗൾഫിൽ നിന്ന് പറന്നെത്തി; താരങ്ങളെ സ്വീകരിച്ച് മന്ത്രി

സ്കൂൾ കായികമേളയിൽ പങ്കെടുക്കാൻ ഗൾഫിൽ നിന്നെത്തിയ കായികതാരങ്ങളെ മന്ത്രി വി ശിവൻകുട്ടി സ്വീകരിച്ചപ്പോൾ- ഫോട്ടോ: വി കെ അഭിജിത്ത്
തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായികമേളയിൽ പങ്കെടുക്കാൻ ഗൾഫിൽനിന്നെത്തിയ സംഘത്തെ മന്ത്രി വി ശിവൻകുട്ടി സ്വീകരിച്ചു. 39 വിദ്യാർഥികളും എട്ട് അധ്യാപകരുമുൾപ്പെടെ 47 അംഗ സംഘം തിങ്കൾ രാത്രിയോടെയാണ് തലസ്ഥാനത്ത് എത്തിയത്. കായികമേളയിൽ പങ്കെടുക്കാൻ ഗൾഫിൽനിന്ന് ആദ്യമായി പെൺകുട്ടികളുമെത്തി. ഐഷ നവാബ്, സനാ ഫാത്തിമ, ഷൈഖ അലി, തമന്ന, നജ ഫാത്തിമ എന്നിവരാണ് മത്സരിക്കാനെത്തിയത്.
ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂൾ ദുബായ്, ഗൾഫ് മോഡൽ സ്‌കൂൾ ദുബായ്, മോഡൽ പ്രൈവറ്റ് സ്‌കൂൾ അബുദാബി, ഇന്ത്യൻ സ്‌കൂൾ ഫുജൈറ, ദി ഇന്ത്യൻ പ്രൈവറ്റ് സ്‌കൂൾ ഉം അൽ ക്വയിൻ എന്നിവിടങ്ങളിലെ വിദ്യാർഥികളാണ് സംഘത്തിലുള്ളത്. പെൺകുട്ടികൾ അഞ്ചുപേരും അത്‌ലറ്റിക്‌സിൽ മത്സരിക്കും. രണ്ടുപേർ വീതം അണ്ടർ 19, 17 ഷോട്ട്‌പുട്ടിലും, ഒരാൾ 100 മീറ്റർ ഓട്ടത്തിലും. രണ്ട് ആൺകുട്ടികളും അത്‌ലറ്റിക്‌സിനുണ്ട്, അണ്ടർ 19, അണ്ടർ 17 100, 200 മീറ്റർ. ഫുട്‌ബോൾ അണ്ടർ 17, ബാസ്‌കറ്റ് ബോൾ അണ്ടർ 17, ബാഡ്‌മിന്റൺ അണ്ടർ 17 എന്നിവയാണ് ഗൾഫ് സംഘത്തിന്റെ മറ്റ് മത്സരങ്ങൾ.
ഗൾഫ് മോഡൽ സ്‌കൂൾ ദുബായിലെ കായിക വിഭാഗം മേധാവിയായ സുമേഷ് കുമാർ, മോഡൽ പ്രൈവറ്റ് സ്‌കൂൾ അബുദാബിയിലെ കായിക വിഭാഗം മേധാവി ചന്ദ്രൻ, ന്യൂ ഇന്ത്യൻ സ്‌കൂൾ ദുബായിലെ കായിക വിഭാഗം മേധാവി മുഹമ്മദ് ആസിഫ്, അഫ്‌സത്ത് എന്നീ അധ്യാപകരുടെ നേതൃത്വത്തിലായിരുന്നു തെരഞ്ഞെടുപ്പും പരിശീലനവും.
കഴിഞ്ഞവർഷത്തെ കൊച്ചി മേളയിലാണ് ആദ്യമായി പ്രവാസി വിദ്യാർഥികൾക്ക് മത്സരിക്കാൻ വിദ്യാഭ്യാസ വകുപ്പ് അവസരമൊരുക്കിയത്. കഴിഞ്ഞ തവണ 50 പേരുണ്ടായിരുന്നു.








0 comments