print edition "മന്ത്രി തെങ്കാശി ക്യാമ്പസ് സന്ദർശിച്ചു, സോഹോ കൊട്ടാരക്കരയിലും എത്തി’

എം അനിൽ
Published on Oct 20, 2025, 01:50 AM | 1 min read
കൊല്ലം: ‘കേരള ധനമന്ത്രി ബാലഗോപാൽ തെങ്കാശിയിൽ വന്ന് ഞങ്ങളുടെ ക്യാമ്പസ് സന്ദർശിച്ചു. ഞങ്ങൾ നല്ല സുഹൃത്തുക്കളായി. അദ്ദേഹം പറഞ്ഞു, ഇതേപോലെയുള്ള സ്ഥാപനം ഞങ്ങളുടെ നാട്ടിലും തുടങ്ങണം. അതിർത്തിക്കപ്പുറത്ത് ഞങ്ങൾ റെഡിയാണ്. ഞങ്ങൾ തൊട്ടടുത്തുണ്ട്. തുടർന്ന് കേരള ഗവൺമെന്റിൽനിന്നും സ്റ്റാർട്ടപ്പ് മിഷനിൽനിന്നും ഞങ്ങൾക്ക് സഹായം കിട്ടി. അങ്ങനെ ഞങ്ങളുടെ ഒരു ക്യാമ്പസ് കൊട്ടാരക്കരയിൽ ആരംഭിച്ചു. അവിടങ്ങളിലുള്ള ഒന്ന് രണ്ട് സ്റ്റാർട്ടപ്പുകളിൽ ഞങ്ങൾ പണം നിക്ഷേപിക്കുകയും ചെയ്തു’–ലോകത്തിലെ പ്രമുഖ ഐടി, ഐടിഇഎസ് കമ്പനി സോഹോ കോർപറേഷൻ സ്ഥാപകൻ ശ്രീധർ വെമ്പു ഒരു ദേശീയ ചാനലിൽ നടത്തിയ വെളിപ്പെടുത്തൽ ഇന്ന് സോഷ്യൽ മീഡിയകളിലും പൊതുസമൂഹത്തിലും വൈറലാണ്. ശ്രീധർ വെമ്പുവിന്റെ അഭിപ്രായം നിരവധിപേർ കോട്ടുചെയ്‌ത് ഫെയ്‌സ്‌ബുക്ക് ഉൾപ്പെടെ സോഷ്യൽ മീഡിയകളിൽ പോസ്‌റ്റിട്ടു.
വാട്‌സാപ്പിന് വെല്ലുവിളി ഉയർത്തുന്ന അറട്ടയുടെ സൃഷ്ടാക്കളായ ഐടി കമ്പനി സോഹോ കൊട്ടാരക്കര നെടുവത്തൂരിൽ സ്ഥാപിച്ച റസിഡൻഷ്യൽ ക്യാമ്പസ് കം ഐടി പാർക്ക് നാടിന് പകർന്നത് പുതുവെളിച്ചം. സോഹോയുടെ ഇന്ത്യയിലെ രണ്ടാമത്തെ റസിഡൻഷ്യൽ കന്പനിയാണ്. ഇതിന് മന്ത്രി കെ എൻ ബാലഗോപാൻ നടത്തിയ ഇടപെടൽ സാക്ഷ്യപ്പെടുത്തുകയാണ് ശ്രീധർ വെമ്പു. ‘ബാലഗോപാലിന്റെ രണ്ടുവർഷം നീണ്ടുനിന്ന പ്രയത്നമാണ് സോഹോയെ കൊട്ടാരക്കരയിൽ എത്തിച്ചത്. ഇതോടെ ഐടി മേഖലയിൽ ഉൾപ്പെടെ നിരവധി കമ്പനികൾ കൊട്ടാരക്കരയിലേക്ക് എത്തുകയാണ്. സോഹോ കോർപറേഷൻ തന്നെ കൊട്ടാരക്കരയിൽ കൂടുതൽ തൊഴിലിടങ്ങൾ സൃഷ്ടിക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണ്’– ശ്രീധർ വെമ്പു അഭിപ്രായപ്പെട്ടു. അതിനിടെ സർക്കാരിന്റെ ആദ്യത്തെ വർക്ക് നിയര്‍ ഹോം പദ്ധതിയും കൊട്ടാരക്കരയിൽ തുടങ്ങി. 150 വർക്ക് സീറ്റുകളാണുള്ളത്. ബജറ്റിൽ പ്രഖ്യാപിച്ച ഐടി പാർക്കിന്റെ നിർമാണം ഡിസംബറിൽ ആരംഭിക്കും. ആയിരത്തിലധികം പേർക്ക് തൊഴിലെടുക്കാൻ കഴിയുന്ന ഐടി പാർക്കാണ് ഒന്നരവർഷംകൊണ്ട് സജ്ജമാക്കുന്നത്.









0 comments