'ഈ സന്തോഷം കാണുന്നത് തന്നെ ഒരു സന്തോഷമല്ലേ' സദസിനെ അവേശത്തിലാക്കി ഹരിതകർമസേനാംഗങ്ങളുടെ നൃത്തം; വീഡിയോ പങ്കുവച്ച് മന്ത്രി

തിരുവനന്തപുരം : അതിദാരിദ്ര്യമുക്ത പ്രഖ്യാപന ചടങ്ങിൽ ആഹ്ലാദ നൃത്തം ചെയ്യുന്ന ഹരിതകർമ സേനാംഗങ്ങളുടെ വീഡിയോ പങ്കുവച്ച് തദ്ദേശ മന്ത്രി എം ബി രാജേഷ്. നവംബർ ഒന്നിന് സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കുന്നതിന്റെ ചടങ്ങിൽ നിന്നുള്ള വീഡിയോയാണ് മന്ത്രി പങ്കുവച്ചത്. പ്രഖ്യാപന ചടങ്ങിനു ശേഷം ഗായകൻ ഹരിശങ്കറിന്റെ സംഗീതനിശ നടത്തിയിരുന്നു. ഇതിനിടെ ഹരിശങ്കറിന്റെ ഗാനത്തിന് നൃത്തം ചെയ്യുന്ന ലീലാമ്മ എന്ന ഹരിത കർമ സേനാംഗത്തിന്റെയും മറ്റ് അംഗങ്ങളുടെയും വീഡിയോയാണ് മന്ത്രി തന്റെ ഫേസ്ബുക്കിൽ പങ്കുവച്ചത്. തമ്പാനൂരിൽ നിന്നുള്ള ഹരിത കർമ സേനാംഗങ്ങളാണ് വീഡിയോയിലുള്ളത്.
ഗായകൻ ഹരിശങ്കറിനെപ്പോലും വിസ്മയിപ്പിച്ച ഈ സന്തോഷച്ചുവടുകൾ തമ്പാനൂരിലെ ഹരിതകർമ്മ സേനാംഗങ്ങളുടേതാണ്. അതിന് നേതൃത്വം കൊടുക്കുന്നത് ലീലാമ്മ എന്ന ഹരിതകർമ്മ സേനാംഗവും. ഈ സന്തോഷം കാണുന്നത് തന്നെ ഒരു സന്തോഷമല്ലേ! അതിദാരിദ്ര്യമുക്ത പ്രഖ്യാപന ചടങ്ങിനെ ആഘോഷമാക്കിയ വ്യത്യസ്തമായ ഒരു നൃത്ത ദൃശ്യം ഇവിടെ സന്തോഷത്തോടെ പങ്കുവെക്കുന്നു- വീഡിയോ പങ്കുവച്ച് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. നിരവധി അഭിനന്ദന കമന്റുകളാണ് വീഡിയോയ്ക്കു താഴെ വരുന്നത്. നവംബർ ഒന്നിന് സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തെ അതി ദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചത്. മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടിയും ചടങ്ങിൽ പങ്കെടുത്തിരുന്നു.









0 comments