ഈ വർഷം പഴയ മാനദണ്ഡപ്രകാരം റാങ്ക് ലിസ്റ്റ് തയ്യാറാക്കും; വിധി അംഗീകരിക്കുന്നു: മന്ത്രി ബിന്ദു

ഡോ.ആർ ബിന്ദു
തിരുവനന്തപുരം: കേരള എൻജിനീയറിങ്, ആർക്കിടെക്ചർ ആൻഡ് മെഡിക്കൽ എൻട്രൻസ് (കീം) റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധി അംഗീകരിക്കുന്നുവെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ.ആർ ബിന്ദു. വിധിയിന്മേൽ സർക്കാർ അപ്പീൽ നൽകില്ല. ഈ വർഷം പഴയ മാനദണ്ഡപ്രകാരം റാങ്ക് ലിസ്റ്റ് തയ്യാറാക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
അഡ്മിഷൻ പ്രക്രിയ ആഗസ്ത് 14ന് മുൻപായി പൂർത്തീകരിക്കണമെങ്കിൽ ഉടൻ നടപടി സ്വീകരിച്ചേ മതിയാകൂ. അതുകൊണ്ട് ഈ വർഷം പ്രോസ്പെക്ടസിൽ മാറ്റം വരുത്തുന്നതിന് മുൻപുള്ള മാനദണ്ഡമാണ് സ്വീകരിക്കാൻ സാധിക്കുക. കുട്ടികളുടെ അവസരങ്ങൾ നഷ്ടപ്പെടാൻ പാടില്ല. അനിശ്ചിതാവസ്ഥ ഒഴിവാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
സദുദ്ദേശപരമായിട്ടാണ് റാങ്ക് നിർണയത്തിൽ മാറ്റങ്ങൾ വരുത്താൻ സർക്കാർ തീരുമാനിച്ചത്. എല്ലാ കുട്ടികൾക്കും നീതി ലഭിക്കുന്നതിനാണ് ബദൽ സംവിധാനത്തിന് ശ്രമിച്ചത്. പ്രോസ്പെക്ടസ് ഏത് സമയത്തും പുനപരിശോധിക്കാൻ സർക്കാരിന് അധികാരമുണ്ട്. 100 ശതമാനം മാർക്ക് വാങ്ങിയാലും 35 മാർക്ക് കുറഞ്ഞുപോകുന്ന സ്ഥിതി കഴിഞ്ഞ വർഷം ഉണ്ടായിരുന്നു. ഇതിന്മേൽ ഉയർന്ന പരാതികൾ പരിഹരിക്കുകയായിരുന്നു സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.









0 comments