യുജിസിയെ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ഉപകരണമാക്കുന്നു: മന്ത്രി ആർ ബിന്ദു

minister r bindu

ഫയൽ ചിത്രം

avatar
സ്വന്തം ലേഖകൻ

Published on Mar 11, 2025, 08:46 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനങ്ങൾക്കുമേൽ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നതിനുള്ള ഉപകരണമാക്കി കേന്ദ്രം യുജിസിയെ മാറ്റുന്നു എന്ന്‌ മന്ത്രി ആർ ബിന്ദു. കരട് യുജിസി ചട്ടങ്ങൾ– 2025 എന്ന വിഷയത്തെ ആസ്പദമാക്കി സ്റ്റേറ്റ് ലെവൽ ക്വാളിറ്റി അഷ്വറൻസ് സെല്ലും തിരുവനന്തപുരം ഗവ. വനിതാ കോളേജും സംഘടിപ്പിച്ച ചർച്ച ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.


സർവകലാശാലകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഭരണഘടനാപരമായ സംസ്ഥാനങ്ങളുടെ അവകാശം ഇല്ലാതാക്കുന്നതാണ് കരട് യുജിസി ചട്ടങ്ങൾ. വൈസ്ചാൻസലർ നിയമനമടക്കമുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാരിന്റെ അധികാരങ്ങൾ ഇല്ലാതാക്കുന്നതാണ് നിലവിലെ നിർദേശങ്ങൾ. യുജിസി ഗൈഡ്‌ലൈൻ എന്നത് മാറ്റി റഗുലേഷൻ എന്ന് ഉപയോഗിച്ചിരിക്കുന്നത് അമിത നിയന്ത്രണത്തെയാണ് സൂചിപ്പിക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ വർഷം 1,800 കോടി രൂപയും കഴിഞ്ഞ നാല് വർഷത്തിൽ 6,000 കോടി രൂപയും ചെലവഴിച്ച സംസ്ഥാനമാണ് കേരളം. ദൈനംദിന പ്രവർത്തനങ്ങളും ബജറ്റ് വിഹിതവുമടക്കം നീക്കി വയ്‌ക്കുന്ന സംസ്ഥാനങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയന്ത്രണമുണ്ടാകില്ല എന്നത് അംഗീകാരിക്കാനാകില്ലെന്ന് മറ്റു സംസ്ഥാനങ്ങളും നിലപാട് സ്വീകരിച്ചിട്ടുണ്ട്.


വിദ്യാഭ്യാസ യോഗ്യതയ്‌ക്കപ്പുറം മറ്റു മാനദണ്ഡങ്ങൾ വിസി നിയമനത്തിനടക്കം ബാധകമാക്കുന്നത് ഉന്നതവിദ്യാഭ്യാസ രംഗത്തെ നിലവാരം കുറയുന്നതിന് കാരണമാകും. സിലിബസ് പരിഷ്‌ക്കരണത്തിലടക്കം സങ്കുചിതമായ ചിന്താഗതി പുലർത്തരുതെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ സുധീർ അധ്യക്ഷനായി. ഡോ. കെ എൻ ഗണേഷ്, ഡോ. ജിജു പി അലക്‌സ്, ഡോ. വാണി കേസരി എന്നിവർ സെഷനുകൾ നയിച്ചു. സ്റ്റേറ്റ് ലെവൽ ക്വാളിറ്റി അഷ്വറൻസ് സെൽ ഡയറക്ടർ ഡോ. എം എ ലാൽ, തിരുവനന്തപുരം ഗവ. വനിതാ കോളേജ് പ്രിൻസിപ്പൽ ഡോ. അനിത, ഐക്യുഎസി കോഓർഡിനേറ്റർ ഡോ. ഗോഡ്‌വിൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home