കേരളത്തെ അപമാനിച്ച കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ മാപ്പ് പറയണം: മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: കേന്ദ്ര ബജറ്റിന് പിന്നാലെ കേരളത്തെ അപമാനിച്ച കേന്ദ്ര മന്ത്രി ജോർജ് കുര്യനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. കേന്ദ്രത്തിന് മുൻപിൽ പിച്ചച്ചട്ടി നീട്ടി നിൽക്കാൻ സൗകര്യമില്ല. കേരളത്തിലെ ജനങ്ങളെ നരകിപ്പിക്കണം എന്നാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്. കേരളത്തിലെ വികസന പദ്ധതികൾ കേന്ദ്രം മാതൃകയാക്കിയതാണെന്ന് ഓർക്കണം. കേരളത്തെ അപമാനിച്ച ജോര്‍ജ് കുര്യന്‍ പ്രസ്താവന പിന്‍വലിച്ച് മന്ത്രി മാപ്പ് പറയണമെന്നും മന്ത്രി പറഞ്ഞു.
കേരളം പിന്നോക്ക സംസ്ഥാനമാണെന്ന് സമ്മതിച്ചാൽ കൂടുതൽ സഹായങ്ങൾ നൽകാമെന്നാണ് കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞത്. കേരളം പിന്നോക്ക സംസ്ഥാനം അല്ലാത്തത് കൊണ്ടാണ് ബജറ്റിൽ കാര്യമായി ഒന്നും പ്രഖ്യാപിക്കാതിരുന്നതെന്നും കേരളം പിന്നോക്ക സംസ്ഥാനമാണെന്ന് സമ്മതിച്ചാൽ കൂടുതൽ സഹായങ്ങൾ കിട്ടും. മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസത്തിലും സാമൂഹ്യ, അടിസ്ഥാന കാര്യങ്ങളിലും കേരളം പിന്നിലാണെന്ന് സമ്മതിക്കണം. അപ്പോൾ കമീഷൻ അത് പരിശോധിച്ച് കേന്ദ്രസർക്കാരിന് റിപ്പോർട്ട് കൊടുക്കുമെന്നുമാണ് കേന്ദ്രമന്ത്രി പറഞ്ഞത്.
മൂന്നാം മോഡി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റിൽ കേരളത്തെ പൂർണമായി അവഗണിക്കുകയായിരുന്നു. കേരളത്തിന് എയിംസോ പ്രത്യേക പദ്ധതികളോ ബജറ്റിൽ ഉണ്ടായിരുന്നില്ല. കേരളം ഉറ്റുനോക്കിയ 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അടക്കം പദ്ധതികളൊന്നും കേന്ദ്രബജറ്റിൽ അനുവദിച്ചില്ല.
വയനാട് ദുരിതാശ്വാസത്തിനായി 2000 കോടിയുടെയും വന്യജീവി പ്രശ്‌നം പരിഹരിക്കാൻ 1000 കോടിയുടെയും പാക്കേജും രാജ്യത്തെ ഏറ്റവും പ്രധാന തുറമുഖമായി മാറുന്ന വിഴിഞ്ഞത്തിനായി 5,000 കോടിയുടെ പ്രത്യേക പാക്കേജും ആവശ്യപ്പെട്ടിരുന്നു. ഇവയൊന്നും നൽക്കാൻ കേന്ദ്രം തയ്യാറായില്ല. കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുന്നതിന് പുറമേ പ്രകൃതിദുരന്തങ്ങളും നേരിട്ട് മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് പ്രത്യേക പാക്കേജ് കേരളം ആവശ്യപ്പെട്ടത്. കഴിഞ്ഞ ബജറ്റ് പ്രസംഗത്തിൽ ഒരു തവണപോലും ധനമന്ത്രി നിർമലാ സീതാരാമൻ കേരളത്തിന്റെ പേര് പരാമർശിച്ചിരുന്നില്ല.









0 comments