ഇതും തൃത്താലയുടെ ചരിത്രത്തിൽ ആദ്യം; 2764 കുടുംബങ്ങൾക്ക് പട്ടയം നൽകിയെന്ന് എം ബി രാജേഷ്

തിരുവനന്തപുരം: തൃത്താല നിയമസഭാ മണ്ഡലത്തിലെ 2764 കുടുംബങ്ങൾക്ക് കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ പട്ടയം നൽകാനായത് പുതിയ ചരിത്രമാണെന്ന് മന്ത്രി എം ബി രാജേഷ്. 2011 മുതൽ 2021 വരെയുള്ള 10 വർഷം കൊണ്ട് തൃത്താലയിൽ ആകെ നൽകിയ പട്ടയങ്ങളുടെ ഏതാണ്ട് ഒന്നര ഇരട്ടി പട്ടയങ്ങളാണ് കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ നൽകിയതെന്നും മന്ത്രി -ഫേസ്‌ബുക്കിൽ കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം:
"ഇതും തൃത്താലയുടെ ചരിത്രത്തിൽ ആദ്യം! തൃത്താലയിലെ 2764 കുടുംബങ്ങൾക്ക് കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ പട്ടയം നൽകാനായത് പുതിയ ചരിത്രമാണ്. ഏറെ ചാരിതാർഥ്യം നൽകുന്നതും. 2011 മുതൽ 2021 വരെയുള്ള 10 വർഷം കൊണ്ട് തൃത്താലയിൽ ആകെ നൽകിയ പട്ടയങ്ങളുടെ ഏതാണ്ട് ഒന്നര ഇരട്ടി പട്ടയങ്ങളാണ് കഴിഞ്ഞ 4 വർഷത്തിനുള്ളിൽ നൽകിയത്. 2011-–21 വർഷകാലയളവിൽ നൽകിയതാവട്ടെ 1165 പട്ടയങ്ങൾ മാത്രവും.
എം എൽ എ ആയി ചുമതലയേറ്റപ്പോൾ തൃത്താലയിലെ വിവിധ പഞ്ചായത്തുകളിലെ വിവിധ നഗറുകളിൽ (മുൻപ് കോളനികൾ എന്നാണ് ഇവയെ പറഞ്ഞിരുന്നത് ) താമസിക്കുന്നവർക്ക് പട്ടയം ലഭിക്കാത്ത പ്രശ്നം പലരും ശ്രദ്ധയിൽ പെടുത്തിയിരുന്നു. പത്രങ്ങളിൽ പലപ്പോഴും ഇത് വാർത്തകളായും വന്നിരുന്നു. ആര് വന്നിട്ടും കാര്യമില്ല പുറമ്പോക്കിൽ കിടക്കുന്നവർക്ക് എന്നും പുറമ്പോക്കിൽ കിടക്കാനാണ് വിധി എന്നായിരുന്നു ആ പാവപ്പെട്ടവർ സങ്കടപ്പെട്ടിരുന്നത്. ഇത് എങ്ങനെ പരിഹരിക്കാം എന്ന ആലോചനയുടെ ഭാഗമായി നിയമസഭ സ്പീക്കർ ആയിരിക്കെ ബഹുമാനപ്പെട്ട റവന്യു മന്ത്രിയുടെ സാന്നിധ്യത്തിൽ റവന്യു സെക്രട്ടറി, ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്ത് നഗർ പട്ടയങ്ങൾ നൽകുന്നതിന് തൃത്താലയിൽ പ്രത്യേകമായ പദ്ധതി ആവിഷ്കരിച്ചു.
പട്ടിത്തറയിലെ കുഞ്ഞമ്പു നഗർ, കറുത്തേടത്ത് നഗർ, കരണപ്ര നഗർ, കാശാമുക്ക് നഗർ, ചാലിശ്ശേരിയിലെ കുന്നത്തേരി നഗർ, നാഗലശ്ശേരിയിലെ മണിയാരം കുന്ന് നഗർ, കപ്പൂരിലെ രാജീവ് ദശലക്ഷം നഗർ എന്നിവിടങ്ങളിലെയെല്ലാം രേഖകൾ പരിശോധിച്ചു. റവന്യു വകുപ്പിന്റെ കാര്യക്ഷമമായ ഇടപെടൽ ഉറപ്പ് വരുത്തി. സംസ്ഥാന സർക്കാരിന്റെ 'എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ' എന്ന നയം കൂടി ചേർന്നപ്പോൾ കാര്യങ്ങൾ വേഗത്തിലായി.തുടർന്ന്, 2023 ജനുവരി 6 ന് ബഹു. റവന്യു മന്ത്രി ശ്രീ. കെ രാജൻ നേരിട്ട് എത്തി തൃത്താലയിലെ ആദ്യ പട്ടയ മേള നടത്തി. 344 പട്ടയങ്ങളാണ് അന്ന് നൽകിയത്. ഇന്ന് അവിടങ്ങളിൽ താമസിക്കുന്നവർക്കെല്ലാം അവരുടെ ഏറ്റവും വലിയ സ്വപ്നമായ, തല ചായ്ക്കാൻ സ്വന്തമായി ഒരു തുണ്ട് ഭൂമി ലഭിച്ചിരിക്കുന്നു.ഒരു ജനപ്രതിനിധിക്ക് മതിമറന്ന് ആഹ്ലാദിക്കാൻ മറ്റെന്ത് വേണം!
അതൊരു തുടക്കമായിരുന്നു. അതിന്റെ തുടർച്ചയായി തദ്ദേശ വകുപ്പ് മന്ത്രി എന്ന നിലയിൽ തദ്ദേശ വകുപ്പും പ്രത്യേകമായി ഒരു ഉത്തരവിറക്കി. ഈ ഉത്തരവിറങ്ങിയതോടെ തിരുവനന്തപുരത്ത് നിന്നുള്ള അനുമതിക്ക് കാക്കാതെ തന്നെ തദ്ദേശ സ്ഥാപനങ്ങളുടെ പുറമ്പോക്ക് ഭൂമിയിൽ അതാത് ജില്ലാ കളക്ടർമാർക്ക് തീരുമാനം എടുക്കാനുള്ള അധികാരം ലഭിച്ചു.അതോടെ തൃത്താല മോഡൽ പട്ടയം മിഷൻ സംസ്ഥാനത്താകെ വ്യാപിപ്പിക്കാൻ സാധിച്ചു. ഈ മാസം 9 ന് ചാലിശ്ശേരി കൊട്ടേക്കാട് നഗറിലെ 9 കുടുംബങ്ങൾക്ക് കൂടി പട്ടയം നൽകുന്നതോടെ തൃത്താലയിലെ വിവിധ നഗറുകളിൽ താമസിക്കുന്നവരിൽ പട്ടയം ലഭിക്കാത്തവരായി ഇനി ആരുമുണ്ടാവില്ല ഈ ദൗത്യം ലക്ഷ്യം കാണുന്നതിന് കട്ടക്ക് കൂടെ നിന്ന പ്രിയ സുഹൃത്ത് റവന്യു മന്ത്രി സ.കെ രാജനോട് എത്ര നന്ദി പറഞ്ഞാലും മതിയാകാതെ വരും.ഇക്കഴിഞ്ഞ 20 ആം തീയതി അദ്ദേഹം തന്നെ വീണ്ടും നേരിട്ടെത്തി 201 കുടുംബങ്ങൾക്ക് കൂടി പട്ടയം നൽകി. ഈ ദൗത്യം വിജയിപ്പിക്കാൻ കൂടെ നിന്ന റവന്യു വകുപ്പ് ഉദ്യോഗസ്ഥരും ഏറെ അഭിനന്ദനം അർഹിക്കുന്നു.
2021 മെയ് മുതൽ വിതരണം ചെയ്ത പട്ടയങ്ങളുടെ വിശദ വിവരങ്ങൾ താഴെ കൊടുക്കുന്നു. മിച്ചഭൂമി പട്ടയങ്ങൾ - 137 ലക്ഷം വീട് പട്ടയങ്ങൾ - 396 അസ്സൈൻമെന്റ് പട്ടയങ്ങൾ - 74 ദേവസ്വം പട്ടയങ്ങൾ - 268 LT പട്ടയങ്ങൾ - 1889 ആകെ - 2764"









0 comments