തൊഴിലുറപ്പ് പദ്ധതിയെ തകർക്കാൻ കേന്ദ്രത്തിന്റെ ആസൂത്രിത ശ്രമം: എം ബി രാജേഷ്

mb rajesh assembly
വെബ് ഡെസ്ക്

Published on Mar 24, 2025, 05:22 PM | 1 min read

തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്രസർക്കാർ ആസൂത്രിതമായി തകർക്കാൻ ശ്രമിക്കുകയാണെന്ന് മന്ത്രി എം ബി രാജേഷ് നിയമസഭയിൽ പറഞ്ഞു. ഓരോ കേന്ദ്രബജറ്റിലും തൊഴിലുറപ്പിനുള്ള വിഹിതം വെട്ടിക്കുറക്കുകയാണ്. 2024–--25 സാമ്പത്തികവർഷത്തിൽ 10.5 കോടി തൊഴിൽ ദിനങ്ങളുടെ പ്രൊപ്പോസലാണ് കേരളം സമർപ്പിച്ചത്‌. എന്നാൽ ആറുകോടി ദിനങ്ങൾ മാത്രമാണ് അനുവദിച്ചത്.


2025 മാർച്ച് 19 വരെ 8.5 കോടി തൊഴിൽ ദിനങ്ങൾ സംസ്ഥാനം സൃഷ്ടിച്ചു. പക്ഷേ കേന്ദ്രസർക്കാർ ആറുകോടി മാത്രമേ അംഗീകരിക്കുന്നുള്ളൂ. കേരളത്തിൽ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് 811.977 കോടിരൂപയാണ് കേന്ദ്രം നൽകാനുള്ളത്. ഇതിൽ വേതന ഇനത്തിൽമാത്രം ലഭിക്കാനുള്ളത്. 578.12 കോടിയാണ്. ഭരണചെലവ് ഇനത്തിൽ 176.53 കോടിയും മെറ്റീരിയൽ ഘടകമിനത്തിൽ 57.31 കോടിയും ലഭിക്കാനുണ്ട്. 2025-–-26 സാമ്പത്തിക വർഷം 11 കോടി തൊഴിൽ ദിനങ്ങൾ ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചത് കേവലം അഞ്ചുകോടിയാണ്.


തൊഴിൽദിനങ്ങൾ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ കേന്ദ്രഗ്രാമവികസന മന്ത്രിക്ക് കത്ത് നൽകിയെങ്കിലും ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. കേരളത്തിൽ നിന്നുള്ള എംപിമാർ ഈ വിഷയത്തിൽ ഗൗരവമായി ഇടപെടണം. കൂട്ടായ സമ്മർദം ഉയർന്നുവരണം. തൊഴിലുറപ്പിനെ ഒറ്റയടിക്ക് നിർത്തലാക്കാൻ ആകില്ല. അതിനെ അനാകർഷകമാക്കി ആളുകളെ അകറ്റാനുള്ള ശ്രമത്തിലാണ് കേന്ദ്രം. ഇതിന്റെ ഭാഗമായാണ് തൊഴിൽദിനങ്ങൾ കുറയ്‌ക്കുന്നതും വേതനം കുടിശ്ശിക വരുത്തുന്നതുമെന്ന്‌ ചോദ്യോത്തര വേളയിൽ മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home