പറഞ്ഞത്‌ വിഴുങ്ങി ജനങ്ങളെ പറ്റിക്കുന്നതല്ല എൽഡിഎഫ്‌ രീതി: മന്ത്രി കെ എൻ ബാല​ഗോപാൽ

K N Balagopal
വെബ് ഡെസ്ക്

Published on Jan 22, 2025, 03:25 PM | 4 min read

തിരുവനന്തപുരം: ഭരണത്തിൽ ഇരിക്കുമ്പോൾ ഒന്നു പറയുകയും പ്രതിപക്ഷത്തായാൽ മുമ്പ്‌ പറഞ്ഞത്‌ മുഴുവൻ വിഴുങ്ങി ജനങ്ങളെയും തൊഴിലാളികളെയും ജീവനക്കാരെയും പറ്റിക്കുന്ന നിലപാടല്ല എൽഡിഎഫ്‌ സ്വീകരിക്കുന്നതെന്ന്‌ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. പ്രതിപക്ഷത്തായിരിക്കുമ്പോഴും ഭരണപക്ഷത്തായിരിക്കുമ്പോഴും ഒരേ നിലപാടു തന്നെയാണ്‌ എൽഡിഎഫ്‌ സ്വീകരിക്കുന്നത്‌. ജീവനക്കാർക്ക്‌ അർഹതപ്പെട്ട എല്ലാ ആനുകൂല്യങ്ങളും നൽകണമെന്നുതന്നെയാണ്‌ സർക്കാർ നിലപാട്‌. ജീവനക്കാർ ബാധ്യതയാണെന്ന നിലപാട്‌ സർക്കാരിനില്ല. നല്ല ജീവനക്കാരും നല്ല സിവിൽ സർവീസും ഉണ്ടെങ്കിലെ സംസ്ഥാനത്തിന്‌ മുന്നേറാനാകുവെന്നതാണ്‌ എൽഡിഎഫ്‌ കാഴ്‌ചപ്പാട്‌. സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണവും പങ്കാളിത്ത പെൻഷനും അടക്കമുള്ള ആനുകൂല്യങ്ങൾ സംബന്ധിച്ച്‌ സഭാ നടപടികൾ നിർത്തിവച്ചു ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ നോട്ടീസിന്‌ മറുപടി പറയുകയായിരുന്നു ധനകാര്യ മന്ത്രി.


പങ്കാളിത്ത പെൻഷൻ കൊണ്ടുവരാൻ ഉമ്മൻചാണ്ടി സർക്കാർ തീരുമാനിച്ചപ്പോൾ, അതിനെ ന്യായീകരിച്ചുക്കൊണ്ട്‌ എൻജിഒ അസോസിയേഷന്റെ അന്നത്തെ പ്രസിഡന്റ്‌ കോട്ടാത്തല മോഹനൻ ഒരു പുസതകം തയ്യാറാക്കി പ്രസിദ്ധീകരിച്ചിരുന്നു. കേരളത്തിലെ ജീവനക്കാരുടെ ആയുസ്‌ വർദ്ധിക്കുന്നതിന്റെ കാരണങ്ങളും, അതുമൂലം പെൻഷൻ കൊടുക്കാൻ കഴിയാത്തതുമായ കാര്യങ്ങളാണ്‌ അന്ന്‌ അദ്ദേഹം പുസ്‌തകത്തിലൂടെ വിവരിച്ചത്‌. അതിനാൽ പങ്കാളിത്ത പെൻഷനെ എല്ലാവരും അനുകൂലിക്കണമെന്നതായിരുന്നു പുസ്‌തകത്തിലൂടെ വിശദീകരിച്ചത്‌. എന്നാൽ, ഉറപ്പുള്ള പെൻഷൻ (അഷ്വേർഡ്‌ പെൻഷൻ) വേണമെന്നതുതന്നെയാണ്‌ എൽഡിഎഫ്‌ സർക്കാരിന്റെ നിലപാട്‌. അത്‌ സംബന്ധിച്ച്‌ പഠിക്കാൻ ധനകാര്യ മന്ത്രിയും നിയമ മന്ത്രിയും ചീഫ്‌ സെക്രട്ടറിയും അടങ്ങുന്ന ഒരു സമിതിയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. പങ്കാളിത്ത പെൻഷൻ സംബന്ധിച്ച്‌ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കാര്യങ്ങൾക്ക്‌ ഇപ്പോഴും ഒരു വ്യക്തത വന്നിട്ടില്ല. കാര്യങ്ങളിൽ ഒരു വ്യക്തത വരുത്തുന്നതിന്‌ ആവശ്യമായ വിവരങ്ങൾ തേടി കേന്ദ്ര സർക്കാരിന്‌ കത്ത്‌ അയച്ചിരിക്കുകയാണ്‌. കോൺഗ്രസ്‌ ഭരണത്തിലുണ്ടായിരുന്ന രാജസ്ഥാനിലും, ഹിമാചൽ പ്രദേശ്‌, പഞ്ചാബ്‌ തുടങ്ങിയ സംസ്ഥാനങ്ങളിലുമൊക്കെ പങ്കാളിത്ത പെൻഷനിൽ മാറ്റം വരുത്തുമെന്ന്‌ പറഞ്ഞെങ്കിലും കേന്ദ്ര സർക്കാർ അതിന്‌ അനുമതി നൽകയിട്ടില്ല. ഈ സാഹചര്യത്തിലും ഉറപ്പുള്ള പെൻഷൻ എന്ന നിലപാടുമായി തന്നെയാണ്‌ എൽഡിഎഫ്‌ സർക്കാർ മുന്നോട്ടുപോകുന്നത്‌.


എൽഡിഎഫ്‌ അധികാരത്തിലില്ലാതായ പശ്ചിമ ബംഗാളിലെയും ത്രിപുരയിലെയും സിവിൽ സർവീസിനുണ്ടായ അപചയം ഒന്നു കണ്ണോടിക്കുന്നത്‌ നല്ലതാണ്‌. 20,000-ൽപരം പൊതു സ്‌കൂളുകളുണ്ടായിരുന്ന ബംഗാളിൽ 8500 എണ്ണം തൃണമൂൽ കൊൺഗ്രസ്‌ നേതൃത്വത്തിലുള്ള സർക്കാർ അടച്ചുപൂട്ടി. അത്രയും സ്‌കൂളുകളിലെ കുട്ടികൾക്ക്‌ വിദ്യാഭ്യാസവും അധ്യാപകർക്ക്‌ ജോലിയും നിഷേധിക്കപ്പെട്ടു. ബംഗാളിൽ കഴിഞ്ഞ 13 വർഷത്തിനിടയിൽ പിഎസ്‌സി വഴി 13,000-ൽ താഴെ പേർക്കുമാത്രമാണ്‌ നിയമനം ലഭിച്ചത്‌. ത്രിപുരയിൽ 1.59 ലക്ഷം സർക്കാർ ജീവനക്കാരുണ്ടായിരുന്നു. ഏഴ്‌ വർഷത്തെ ബിജെപി ഭരണത്തിനിടയിൽ വിമരിച്ച 59,000 ജീവനക്കാരുടെ ഒഴിവിൽ പകരം നിയമനം നടത്തിയില്ല. അഞ്ചു വർഷത്തിൽ ഒരിക്കൽ എൽഡിഎഫ്‌, യുഡിഎഫ്‌ എന്ന നിലയിൽ സർക്കാരുകൾ മാറിമാറിവന്നതാണ്‌ കേരളത്തിലെ പൊതുവിദ്യാഭ്യാസം അേടക്കം എല്ലാ മേഖലകളും സംരക്ഷിക്കപ്പെട്ടത്‌. അഞ്ച്‌ വർഷം കഴിഞ്ഞും എൽഡിഎഫ്‌ സർക്കാർ തന്നെ തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ്‌ ഇപ്പോൾ ഇന്ത്യയാകെ സംസ്ഥാന സിവിൽ സർവീസ്‌ തകർക്കപ്പെടുമ്പോഴും കേരളത്തിൽ അത്‌ ശക്തമായിതന്നെ നിലനിൽക്കുന്നത്‌. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്‌ ജീവനക്കാരുടെ ആനുകൂല്യങ്ങൾ എല്ലാം സംസ്ഥാന സർക്കാർ ഉറപ്പാക്കുന്നുവെന്നത്‌ മനസിലാക്കിയ കേന്ദ്ര സർക്കാർ പിന്നീട്‌ അത്‌ മുടക്കാനുള്ള ശ്രമങ്ങളാണ്‌ തുടരുന്നത്‌. അതിന്റെ ഫലമായി സംസ്ഥാനത്തിന്‌ അർഹതപ്പെട്ട ധന വിഹിതങ്ങളെല്ലാം കുറയ്‌ക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നു. ഇതെല്ലാം മറിക്കടന്നാണ്‌ ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിൽ പ്രതിജ്ഞാബദ്ധമായ നിലപാട്‌ സ്വീകരിക്കുന്നത്‌. ഇക്കാര്യങ്ങളെല്ലാം കേരളത്തിലെ ജീവനക്കാർക്ക്‌ ബോധ്യമുള്ളതാണ്‌. എൽഡിഎഫാണ്‌ സർക്കാർ ജീവനക്കാരുടെയും കൃഷിക്കാരുടെയും തൊഴിലാളികളുടെയുമെല്ലാം ഗ്യാരണ്ടി. എൽഡിഎഫ്‌ ഇല്ലെങ്കിൽ തങ്ങൾക്ക്‌ അർഹതപ്പെട്ടത്‌ ലഭിക്കില്ലെന്ന്‌ ബംഗാളും ത്രിപുരയും നൽകുന്ന അനുഭവ പാഠങ്ങളിൽനിന്ന്‌ അവർക്ക്‌ ബോധ്യപ്പെട്ടിട്ടുണ്ട്‌.


കേന്ദ്ര സർക്കാരിൽനിന്ന്‌ കേരളത്തിന്‌ ലഭിക്കുന്ന ധന വിഹിതങ്ങളിലെ വിചേവനത്തിന്‌ ഏറ്റവും വലിയ ഉദാഹരണമാണ്‌ കഴിഞ്ഞ ആഴ്‌ചയിൽ അനുവദിച്ച നികുതി വിഹിതത്തിന്റെ കണക്കിൽ വ്യക്തമാകുന്നത്‌. അത്‌ ഒരോ മാസവും കിട്ടേണ്ട തുകയാണ്‌. എന്നാൽ, രണ്ടുമാസത്തെ തുകയായി കേരളത്തിന്‌ ലഭിച്ചത്‌ 3330 കോടി രൂപയാണ്‌. ആസാമിന്‌ അയ്യായിരത്തിലേറെ കോടിയും, ഛത്തീസ്‌ഗഢിന്‌ ആറായിരത്തിലേറെ കോടിയും, ഒറസീയ്‌ക്ക്‌ 78,00 കോടി രൂപയും കിട്ടി. രണ്ടുമുന്നു ധനകാര്യ കമ്മീഷനുകൾക്കുമുന്നേയുള്ള കാലത്ത്‌ ഈ സംസ്ഥാനങ്ങൾക്കൊപ്പമുള്ള തുക കേരളത്തിനും ലഭിച്ചിരുന്നു. ഇപ്പോൾ അത്‌ പകുതിയായി കുറഞ്ഞുവെന്നതാണ്‌ യാഥാർത്ഥ്യം. എന്നാൽ, ബിജെപി നേതാക്കൾ അവകാശപ്പെട്ടത്‌ കേരളത്തിന്‌ അധിക ധനസഹായം അനുവദിച്ചുവെന്നാണ്‌.


മെഡിസെപ്പ്‌ പദ്ധതി നിർത്തണമെന്ന അഭിപ്രായം യുഡിഎഫിനുണ്ടെങ്കിൽ അത്‌ വ്യക്തമാക്കാൻ തയ്യാറാകണം. ഒരു വർഷം 500 കോടി രൂപ പ്രീമിയമായി നൽകുമ്പോൾ 700 കോടിയോളം രൂപയുടെ ആനുകൂല്യമാണ്‌ കമ്പിനി നൽകുന്നത്‌. മുന്നുവർഷത്തിനുള്ളിൽ 2000 കോടിയിലേറെ രൂപയുടെ ചികിത്സാ ആനുകൂല്യങ്ങൾ ലഭ്യമായി. ഇതര ചികിത്സാ ഇൻഷ്വറൻസ്‌ പദ്ധതികളിൽ 50 വയസിനുമേൽ പ്രായമുള്ളവർക്ക്‌ 50,000 രുപയും അതിനുമുകളിലും പ്രീമിയം നൽകണം. എന്നാൽ, പ്രതിമാസം 500 രൂപ പ്രീമിയത്തിൽ പ്രയഭേദമില്ലാതെ ഒരു കുടുംബത്തിലെ എല്ലാവർക്കും അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ഒരു പദ്ധതി ലോകത്ത്‌ ആദ്യമായിട്ടാണ്‌ ഒരു സംസ്ഥാന സർക്കാർ നടപ്പാക്കിയത്‌. അതിൽ 101 വയസ്‌ ഉണ്ടായിരുന്ന ചിത്രൻ നമ്പൂതിരിപ്പാടിനും ഇൻഷ്വറൻസ്‌ പരിരക്ഷയും സൗജന്യ ചികിത്സയും ലഭിച്ചു. എന്നാൽ, അത്തരമൊരു പദ്ധതി തുടരേണ്ടതില്ലെന്നാണ്‌ പ്രതിപക്ഷത്തിന്റെ അഭിപ്രായമെങ്കിൽ തുറന്നുപറയാൻ തയ്യാറാകണം.


സാമ്പത്തിക ഞെരുക്കൾക്കിടയിലും ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിൽ പ്രതിജ്ഞാബദ്ധമായ നിലപാടുതന്നെയാണ്‌ സർക്കാർ സ്വീകരിച്ചിട്ടുള്ളത്‌. ആനുകൂല്യങ്ങൾ കൃത്യമായി ലഭിക്കുന്നുവെന്ന്‌ ഉറപ്പാക്കും. ജീവനക്കാരോടും സിവിൽ സർവീസിനോടും ഏറ്റവും അനുഭാവപൂർണമായ സമീപനമാണ്‌ എൽഡിഎഫ്‌ സർക്കാരിനുള്ളത്‌. ജീവനക്കാരുടെ എണ്ണം കുറയ്‌ക്കുക എന്ന നിലപാട്‌ സർക്കാരിനില്ല. രാജ്യത്ത്‌ പട്ടാളത്തിൽപോലും കരാർ നിയമനമായി. അഖിലേന്ത്യാ സർവീസിൽ ഐഎഎസ്‌ കേഡറിൽപോലും കരാർ നടത്തുന്നു. സംസ്ഥാനങ്ങളിൽ 32 ലക്ഷത്തിൽപരം തസ്‌തികകൾ ഒഴിഞ്ഞുകിടക്കുന്നു. അതിനിടയിലും രാജ്യത്താകെ സംസ്ഥാന പിഎസ്‌സികൾ നിയമിക്കുന്നതിന്റെ 60 ശതമാനവും കേരളത്തിലാണെന്നത്‌ ആരും കാണാതെ പോകരുത്‌. നാൽപതിനായിരത്തിലേറെ പുതിയ തസ്‌തികകൾ സൃഷ്ടിച്ചു. വിവിധ വിഭാഗം ജനങ്ങൾക്ക്‌ ലഭിക്കേണ്ട ആനുകൂല്യങ്ങൾ സംബന്ധിച്ച്‌ മുഖ്യമന്ത്രി ചട്ടം 300 പ്രകാരം നിയമസഭയിൽ പ്രഖ്യാപിച്ച കാര്യങ്ങൾ എല്ലാം നടപ്പാക്കിവരുകയാണ്‌. ജീവനക്കാരുടെ ആനുകൂല്യങ്ങളെല്ലാം കുടിശികയാണെന്ന തരത്തിലുള്ള ആക്ഷേപങ്ങളിൽ കഴമ്പില്ല. യുഡിഎഫ് സർക്കാരുകൾ ജീവനക്കാരോട്‌ എടുത്ത സമീപനമല്ല എൽഡിഎഫ്‌ സർക്കാരിനുള്ളത്‌. ജീവനക്കാർ എന്ന സംവിധാനം വേണ്ടതില്ലെന്ന അഭിപ്രായവുമില്ല. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്‌ അന്നത്തെ പ്രതിപക്ഷ നേതാവ്‌ ജീവനക്കാരുടെ ശമ്പളം 15 ശതമാനമെങ്കിലും വെട്ടികുറയ്‌ക്കണമെന്ന അഭിപ്രായം മുന്നോട്ടുവയ്‌ക്കുന്ന ലേഖനം പത്രങ്ങളിൽ പ്രസിദ്ധീകരിച്ചു. യുഡിഎഫ്‌ സർക്കാരുകളുടെ കാലത്ത്‌ 20 ശതമാനംവരെ ഡി എ കുടിശിക വരുത്തിയിട്ടുണ്ട്‌. ശമ്പള കമ്മീഷനെ നിയമിക്കുന്നതിലും അതിന്റെ റിപ്പോർട്ട്‌ നടപ്പാക്കുന്നതിലും ബോധപൂർമായ കാലതാമസം വരുത്തി.


എന്നാൽ, കോവിഡ്‌ കാലത്തുപോലും ശമ്പളം പരിഷ്‌കരണം നടപ്പാക്കാനാണ്‌ എൽഡിഎഫ്‌ സർക്കാർ തയ്യാറായത്‌. ഇത്തരത്തിൽ പ്രതിസന്ധി കാലത്തും ശമ്പള പരിഷ്‌കരണം നടപ്പാക്കിയ അപൂർവ സംസ്ഥാനമാണ്‌ കേരളം. ഇതിന്റെ ഭാഗമായ 20,000 കോടി രൂപയുടെ സാമ്പത്തിക ബാധ്യത ഈ സർക്കാരാണ്‌ ഏറ്റെടുത്തത്‌. പെൻഷൻ പരിഷ്‌കരണ കുടിശിക ഏകദേശം 600 കോടി രൂപ ഈവർഷംതന്നെ കൊടുക്കുമെന്നാണ്‌ പറഞ്ഞിട്ടുള്ളത്‌. അത്‌ വിതരണം ചെയ്യും. ജീവനക്കാർക്ക്‌ 30 ദിവസത്തെ ലീവ്‌ സറണ്ടർ ഉറപ്പാക്കിയിട്ടുള്ള ഏക സംസ്ഥാനമാണ്‌ കേരളം. ഇതൊക്കെയാണെങ്കിലും മ്പത്തിക ഞെരുക്കങ്ങൾക്കിടയിലും പ്രഖ്യാപിച്ചതിനും അധികമായി കാര്യങ്ങൾ ഏറ്റെടുക്കാനുള്ള നടപടികളിലാണുള്ളത്‌. അതാണ്‌ ജീവനക്കാർക്ക്‌ ഈ സർക്കാരിന്‌ നൽകാനുള്ള ഉറപ്പ്‌. പറഞ്ഞ കാര്യങ്ങളും, അധിലധികവും ചെയ്യുമെന്ന്‌ തന്നെയാണ്‌ സർക്കാരിന്റെ പ്രഖ്യാപിത നിലപാടെന്നും ധനകാര്യ മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home