റേഷൻ വ്യാപാരികൾ അനിശ്‌ചിതകാല പണിമുടക്ക് ഉപേക്ഷിക്കണം; വീണ്ടും ചർച്ചയ്‌ക്ക് തയ്യാറെന്ന് മന്ത്രി

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 27 മുതൽ റേഷൻ വ്യാപാരികൾ നടത്തുന്ന അനിശ്‌ചിതകാല പണിമുടക്ക് പിൻവലിക്കണമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനുള്ള സമരങ്ങൾക്ക് സർക്കാർ എതിരല്ല. സമരക്കാരുടെ ആവശ്യങ്ങളിൽ രണ്ടെണ്ണം കേന്ദ്രസർക്കാരിന് എതിരെയുള്ളതാണ്. കേന്ദ്ര അവഗണന അവസാനിപ്പിക്കുക, ഭക്ഷ്യധാന്യങ്ങൾക്ക് പകരം പണം നൽകുന്ന ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്‌ഫർ പദ്ധതി നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കുക എന്നിവയാണ് അവ. ഈ ആവശ്യങ്ങളെ സംസ്ഥാന സർക്കാർ സ്വാഗതം ചെയ്യുന്നു.
നിലവിലെ കമ്മീഷൻ പാക്കേജ് പരിഷ്‌കരിക്കുക, കമ്മീഷൻ അതാത് മാസം നൽകുക തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങൾ. സർക്കാരിന്റെ നിലവിലെ സാമ്പത്തിക ബുദ്ധിമുട്ട് മാറുന്ന മുറയ്‌ക്ക് ഇത് പരിഗണിക്കാൻ കഴിയും. തിങ്കളാഴ്‌ച നടന്ന ചർച്ചയിൽ റേഷൻ സംഘടന ഭാരവാഹികളെ ഇക്കാര്യം അറിയിച്ചിരുന്നു. റേഷൻ വ്യാപാരികളുടെ മറ്റാവശ്യങ്ങളിലും പരിഹാരം കാണുന്നതിന് ധനമന്ത്രിയുമായി ചേർന്ന് വീണ്ടും ചർച്ച നടത്താൻ തയ്യാറാണെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഒരു മാസം റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യത്തിന്റെ അളവ് ഏകദേശം 1154000 ക്വിന്റലാണ്. റേഷൻ വ്യാപാരികൾക്ക് ഒരുമാസം കമ്മീഷൻ നൽകുന്നതിന് 33.5 കോടി രൂപ സർക്കാർ ചെലവാക്കുന്നു. ഒരുക്വിന്റൽ ഭക്ഷ്യധാന്യ വിതരണത്തിനായി റേഷൻ വ്യാപാരികൾക്കഎ നിലവിൽ ലഭിച്ചുവരുന്ന ശരാശരി കമ്മീഷൻ 300 രൂപയാണ്. ഇത് രാജ്യത്ത് നിലനിൽക്കുന്ന ഏറ്റവും ഉയർന്ന നിരക്കാണ്. അതേസമയം കമ്മീഷൺ നൽകുന്നതിനായി കേന്ദ്രസർക്കാർ നിശ്‌ചയിച്ചിട്ടുള്ള ഒരുക്വിന്റലിന് 107 രൂപയാണ്. ഇതിന്റെ 50 ശതമാനമായ 53.5 രൂപ മാത്രമാണ് കേന്ദ്രം അനുവദിക്കുന്നത്. ബാക്കി തുക 247 രൂപ നൽകുന്ന സംസ്ഥാനസർക്കാരാണ്.
സമരം ആരംഭിച്ചാൽ ഭക്ഷ്യധാന്യങ്ങൾക്ക് പകരം ഗുണഭോക്താക്കൾക്ക് നേരിട്ട് പണം നൽകാനുള്ള കേന്ദ്രസസർക്കാർ നീക്കം യാഥാർഥ്യമാകാനുള്ള സാധ്യതയുണ്ട്. പൊതുവിതരണ മേഖലയിൽ പണിയെടുക്കുന്ന റേഷൻ വ്യാപാരികൾ ഉൾപ്പെടെയുള്ള പതിനായിരകണക്കിന് തൊഴിലാളികളുടെ ജീവിതമാർഗം ഇല്ലാതാകുമെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു.









0 comments