സുപ്രീം കോടതി വിധി

ഗവർണർമാർ കേന്ദ്ര സർക്കാർ അജണ്ടകളുടെ രാഷ്ട്രീയചട്ടുകമാകുന്നതിനുള്ള മുന്നറിയിപ്പ്: മന്ത്രി

BINDHU
വെബ് ഡെസ്ക്

Published on Apr 08, 2025, 05:51 PM | 2 min read

തിരുവനന്തപുരം: സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവെക്കുകയും കാലതാമസം വരുത്തുകയെന്ന ലക്ഷ്യമിട്ട് രാഷ്ട്രപതിക്ക് അയക്കുകയും ചെയ്ത മുൻ ഗവർണറു‌ടെ നടപടി തെറ്റും ഭരണഘടനാ വിരുദ്ധവുമാണെന്ന് സുപ്രീം കോടതി വിധിയിലൂടെ തെളിഞ്ഞിരിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു. നിയമസഭ പാസാക്കിയ ബില്ലുകൾ പിടിച്ചുവയ്ക്കുന്ന ഗവർണമാരുടെ നടപടിക്ക് തടയിട്ടുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ തുടർന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. സംസ്ഥാന സർക്കാരിൻ്റെ ഉപദേശമനുസരിച്ച് പ്രവർത്തിക്കേണ്ട ഗവർണർമാർ കേന്ദ്ര സർക്കാരിൻ്റെ കാവിവത്കരണ അജണ്ടകളുടെ രാഷ്ട്രീയചട്ടുകമാകുന്നതിനെതിരായ കർശനമായ മുന്നറിയിപ്പാണ് പരമോന്നത നീതിപീഠം നൽകിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.


ഇന്ത്യൻ ഭരണവ്യവസ്ഥയുടെ അടിത്തറയായ ഫെഡറൽ സംവിധാനത്തിൻ്റെ അടിവേരുകൾ പിഴുതെറിയുന്ന വിധത്തിൽ ഗവർണർമാരുടെ പദവിയെ കേന്ദ്രസർക്കാർ ദുരുപയോഗിച്ചു കൊണ്ടിരിക്കവെയാണ് സുപ്രീം കോടതിയുടെ ഈ വിധി. മുൻ ഗവർണറുടെ നടപടികളുടെ തിക്തഫലം ഉന്നതവിദ്യാഭ്യാസ വകുപ്പ് സവിശേഷമായും അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ആ പശ്ചാത്തലത്തിൽ ഭരണഘടനയുടെ അന്തസ്സത്ത ഉയർത്തിപ്പിടിച്ച് വന്നിരിക്കുന്ന വിധി കേരളത്തിലെ ഉന്നതവിദ്യാഭ്യാസ പരിഷ്കരണത്തിലടക്കം ഏറെ ആശ്വാസവും ആത്മവിശ്വാസവും നൽകുന്നതാണ്.


തമിഴ്നാട് നിയമസഭ പാസാക്കിയതും ഗവർണർ പിടിച്ചു വെച്ചതുമായ പത്തു ബില്ലുകളും നിയമമായതായാണ് സുപ്രീം കോടതി വിധിച്ചിരിക്കുന്നത്. ഭരണഘടനയെ കാറ്റിൽ പറത്തി ഫെഡറൽ സംവിധാനത്തിന് പുല്ലുവില കൽപ്പിച്ചുള്ള രാഷ്ട്രീയക്കളിയെയാണ് തമിഴ്നാട് ഗവർണറുടെ കാര്യത്തിൽ സുപ്രീം കോടതി വിധി തുറന്നുകാട്ടിയിരിക്കുന്നത്. ബില്ലുകളിൽ ഗവർണർമാർ കൈക്കൊള്ളുന്ന നടപടികൾ ജുഡീഷ്യറിയുടെ പരിശോധനയ്ക്ക് വിധേയമാണെന്നു കൂടി സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത് ഗവർണർസ്ഥാനത്തിരുന്നുള്ള രാഷ്ട്രീയക്കളികൾക്ക് യാതൊരു നിയമസാധുതയുമില്ലെന്ന കേരള സർക്കാരിൻ്റെ നിലപാടിനുള്ള അംഗീകാരം കൂടിയാണ്.


സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകൾ തടഞ്ഞുവെക്കാൻ ഗവർണർമാർക്ക് ഒരധികാരവുമില്ല. ബില്ലിൽ എന്തെങ്കിലും തിരുത്തോ മറ്റോ നിർദ്ദേശിക്കാനുണ്ടെങ്കിൽ അത് നിയമസഭക്ക് തിരിച്ചയക്കുകയാണ് വേണ്ടത്. അതേ ബിൽ വീണ്ടും നിയമസഭ പാസാക്കിയാൽ തടഞ്ഞുവെക്കാൻ ഗവർണർക്ക് സാധിക്കുകയുമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സുപ്രീം കോടതി വിധിയിലൂടെ. നിയമസഭ പാസാക്കുന്ന ബിൽ പൊതു പട്ടികയിൽ പെട്ടതാണെങ്കിലോ, അത് കേന്ദ്രനിയമത്തിന് എതിരായി തോന്നുകയോ ചെയ്താൽ മാത്രമാണ് ബിൽ രാഷ്ട്രപതിക്ക് വിടാൻ ഗവർണർക്ക് സാധിക്കുക.


നിയമസഭക്ക് തിരിച്ചയക്കുന്നതിനും രാഷ്ട്രപതിക്ക് അയക്കുന്നതിനും ഭരണഘടന സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന പിഴവാണ് ദുരുപയോഗിക്കപ്പെടുന്നത്. ഈ അടയിരിയ്ക്കൽ അനുവദിക്കാനാവില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരം ബില്ലുകളിൽ പരമാവധി മൂന്നു മാസത്തിനകം തീരുമാനമെടുക്കണമെന്നാണ് സുപ്രീംകോടതിയുടെ നിർദ്ദേശം. ഭരണഘടനാ പദവികളെ ദുരുപയോഗിക്കുന്നതിനോടുള്ള കടുത്ത താക്കീതാണിത്.


കേരള ഗവർണ്ണർ ആയിരിക്കെ ആരിഫ് മുഹമ്മദ് ഖാൻ നിയമസഭ പാസാക്കിയ ബില്ലുകൾ തടഞ്ഞുവെച്ചതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജികളും സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. തമിഴ്നാട് കേസിൽ വിധി വന്നതോടെ കേരളത്തിനും ഇതേ അനുകൂല വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മന്ത്രി ബിന്ദു പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home