എല്ലാ കുട്ടികൾക്കും തുല്യനീതി ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം: കീം വിഷയത്തിൽ മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: സ്റ്റ്റ്റേറ്റ് സിലബസിലെ കുട്ടികളെ കൂടി പരിഗണിച്ചാണ് എല്ലാവർക്കും തുല്യനീതി ലഭ്യമാകുന്ന രീതിയിൽ ഒരു ഫോർമുല തയ്യാറാക്കിയതെന്നും വളരെ സുതാര്യമായാണ് എല്ലാ നടപടികളും ഉണ്ടായിട്ടുള്ളതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. എല്ലാ കുട്ടികൾക്കും നീതി ലഭ്യമാക്കുക എന്നതാണ് ഈ സർക്കാരിന്റെ ലക്ഷ്യം. സർക്കാരിന് വേറെ നിക്ഷിപ്ത താൽപര്യങ്ങളൊന്നുമില്ലെന്നും മന്ത്രി പറഞ്ഞു.
കേരള എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയുടെ( കീം) റാങ്ക് പട്ടിക പുതിയ സമീകരണ രീതി പ്രകാരമാണ് പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് തയ്യാറാക്കിയത്. ഈ റാങ്ക് പട്ടിക ഹൈക്കോടതി റദ്ദാക്കിയതുമായി ബന്ധപ്പെട്ടാണ് മന്ത്രിയുടെ പ്രതികരണം.
കഴിഞ്ഞവർഷം 35 മാർക്ക് വരെ വ്യത്യാസം വരാവുന്ന രീതിയിലായിരുന്നു സ്റ്റാൻഡേർഡൈസേഷൻ പ്രോസസ് സംബന്ധിച്ച് ഉണ്ടായിരുന്നത്. കേരള ബോർഡിൽ പഠിക്കുന്ന ഒരു കുട്ടി മുഴുവൻ മാർക്ക് നേടിയാലും 35 മാർക്ക് കുറവ് കിട്ടുന്ന സ്ഥിതിയായിരുന്നു. ഇത് കൂടി പരിഗണിച്ചാണ് എല്ലാവർക്കും നീതി ഉറപ്പാക്കുന്ന ഒരു ഫോർമുലയിലേക്ക് എത്തിച്ചേരുന്നത്.
അപ്പീൽ പോകണമോ എന്നുള്ള കാര്യങ്ങൾ മന്ത്രിസഭായോഗത്തിനു ശേഷം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. കാബിനറ്റ് കൂടിയാണ് തീരുമാനങ്ങൾ കൈകൊണ്ടത്. അത്കൊണ്ട് തന്നെ കോടതിയിൽ വിധി ലഭ്യമായി കഴിഞ്ഞാൽ കാബിനറ്റുമായി ചേർന്ന് ഉചിതമായ തീരുമാനമെടുക്കും. മന്ത്രി പറഞ്ഞു.
കീം പ്രവേശന പരീക്ഷ പരീക്ഷ ഫലം ഹൈക്കോടതി റദ്ദാക്കിയിരുന്നു. മാർക്ക് ഏകീകരണം ചോദ്യംചെയ്ത ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.









0 comments