മധ്യവയസ്കയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; ഭർത്താവിന് ജീവപര്യന്തം കഠിന തടവ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭാര്യയെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം കഠിന തടവ്. നെയ്യാറ്റിൻകര സ്വദേശി അരുണിനെ (32) ആണ് ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചത്. ത്രേസ്യാപുരം പുത്തൻ വീട്ടിൽ ശാഖാ കുമാരിയെ (52) കൊല്ലപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിച്ചത്. 2 ലക്ഷം രൂപ പിഴയും അടയ്ക്കണം. നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ കോടതി ജഡ്ജി എ എം ബഷീറാണ് വിധി പ്രസ്താവിച്ചത്.
2020 ഡിസംബർ 26നാണ് കേസിന് ആസ്പദമായ സംഭവം. തിരുവനന്തപുരം നഗരത്തിലെ ചില ആശുപത്രികളിൽ ഇലക്ട്രീഷ്യൻ ആയിരുന്നു പ്രതിയായ അരുൺ. കൊല്ലപ്പെട്ട ശാഖാകുമാരിയുടേയും പ്രതി അരുണിന്റെയും പ്രണയവിവാഹമായിരുന്നു. 2020 ഒക്ടോബർ 29നായിരുന്നു ഇരുവരുടേയും വിവാഹം. ക്രിസ്ത്യൻ മാതാചാരപ്രകാരം നടന്ന വിവാഹത്തിൽ വരന്റെ ഭാഗത്തു നിന്നും ഒരു സുഹൃത്ത് മാത്രമാണ് പങ്കെടുത്തത്. വിവാഹം രഹസ്യ മായിരിക്കണമെന്നും വിവാഹ ഫോട്ടോ, വീഡിയോ ഒന്നും മീഡിയയിൽ പ്രചരിപ്പിക്കാൻ പാടില്ല എന്നു പ്രതി നിർബന്ധിച്ചിരുന്നു.
എന്നാൽ ശാഖാകുമാരിയുടെ ബന്ധുക്കളിൽ ചിലർ വിവാഹ ഫോട്ടോസ് മീഡിയ മുഖേനെ പ്രചരിപ്പിച്ചത് അരുണിനെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. വിവാഹ ശേഷം പ്രതി അരുൺ ഭാര്യ വീട്ടിൽ തന്നെ കഴിഞ്ഞു വരികയായിരുന്നു. പ്രതി മുൻപും ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. അന്ന് ശാഖാകുമാരി തല നാരിഴയ്ക്കാണ് രക്ഷപെട്ടത്.
ശാഖാകുമാരിയെ തെളിവില്ലാതെ കൊലപെടുത്താനും നിയമപരമായ ഭർത്താവ് എന്ന നിലയിൽ സ്വത്തുക്കളുടെ അവകാശിയായി മാറുക എന്നതുമായിരുന്നു പ്രതി അരുൺ ലക്ഷ്യമിട്ടിരുന്നത്. ഡിസംബർ 25ന് ക്രിസ്തുമസ് രാത്രിയിൽ ബന്ധുക്കൾ പിരിഞ്ഞ ശേഷം പ്രതി അരുൺ ഭാര്യയെ കൊല്ലാൻ മുൻകൂട്ടി പദ്ധതിയിട്ടിരുന്നു. പുലർച്ചെ 1.30 മണിയോടെ അരുൺ ബെഡ് റൂമിൽ വച്ചു ബലം പ്രയോഗിച്ചു ശാഖാകുമാരിയുടെ വായും മുഖവും അമർത്തി ശ്വാസം മുട്ടിച്ചു ബോധം കെടുത്തി. ശേഷം ശാഖയെ വീടിന്റെ ഹാളിലെത്തിച്ച് മുൻകൂട്ടി കരുതി വച്ചിരുന്ന പ്ലഗും വയറും ഉപയോഗിച്ച് ഷോക്കടിപ്പിക്കുകയായിരുന്നു.
ശാഖാ കുമാരിയുടെ വലതു കൈതണ്ടയിലും, മൂക്കിലും വയറുകൾ ഘടിപ്പിച്ച് കറന്റ് കടത്തി വിട്ടു കൊലപെടുത്തുകയായിരുന്നു. പ്രതി കൃത്യം മറയ്ക്കാൻ കേടായ സീരിയൽ ബൾബ് സെറ്റ് ശാഖാ കുമാരിയുടെ മൃതദേഹത്തിൽ വിതറിയിട്ടിരുന്നു. തുടർന്ന് പുലർച്ചെ 6 മണിയോട് കൂടി പ്രതിയായ അരുൺ തന്നെ അയൽവാസികളെ വിളിച്ചു കൊണ്ട് വന്നു ശാഖാകുമാരിയുടെ മൃതദേഹം കാണിക്കുക ആയിരുന്നു. തുടർന്നാണ് മൃതദേഹത്തിൽ നിന്നും സ്വിച്ച് ഓഫ് ചെയ്ത് അരുൺ വയറുകൾ മാറ്റിയത്.
ശാഖാകുമാരിക്ക് ജീവനുണ്ടെന്നു നാട്ടുകാരെ വിശ്വസിപ്പിച്ചു മൃതദേഹം കാറിൽ കാരക്കോണം മെഡിക്കൽ കോളേജിൽ എത്തിച്ചു. എന്നാൽ ശാഖ കുമാരിയെ പരിശോധിച്ച ഡോക്ടർ മണിക്കൂർകൾക്ക് മുൻപ് തന്നെ മരണം സംഭവിച്ചതായി സ്ഥീരികരിച്ചു. വിവരം വെള്ളറട സ്റ്റേഷനിൽ പൊലീസ് ഇന്റിമേഷൻ അറിയിച്ചതോടെയാണ് കേസിൽ വഴിതിരിവുണ്ടായത്.
വിധി പറയും മുൻപായി പ്രതി കോടതിയോട് ദയ യാചിച്ചു. അച്ഛൻ ഹൃദ്‍രോഗി ആണെന്നും സഹോദരൻ ഗൾഫിൽ ആണെന്നും വീട്ടുകാരെ സംരക്ഷിക്കാൻ താൻ മാത്രമാണ് ഉള്ളതൊന്നും പ്രതി പറഞ്ഞു. അതിനാൽ ശിക്ഷയിൽ ഇളവ് ഉണ്ടാകണം എന്നും അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഇത് അപൂർവങ്ങളിൽ അപൂർവം ആയ കുറ്റ കൃത്യം ആണെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. ദൃക്സാക്ഷികൾ ഇല്ലാത്ത ഈ കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും ആണ് പ്രോസീക്യൂഷൻ ആശ്രയിച്ചത്.
സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ പി കെ ഉഷാകുമാരി, കുന്നത്തു കാൽ ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനിയർ സുമ എന്നിവർ പ്രധാന സാക്ഷികൾ ആയി. ഈ കേസിൽ പോസ്റ്റ് മോർട്ടം നടത്തിയ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സീനിയർ പൊലീസ് സർജൻ ഡോക്ടർ എസ് ഷാരിജ കോടതിയിൽ നൽകിയ മൊഴി നിർണായകമായി. കൊല്ലപ്പെട്ട ശാഖാ കുമാരിയുടെ വലതു കൈ റിസ്റ്റിനു അകവശം സൂപ്പർ ഫിഷ്യൽ അർട്ടറിയിൽ ഏല്പിച്ച ഇലക്ട്രിക് ഷോക്ക് നേരിട്ട് ഹൃദയ ധമിനി കളുടെ പ്രവർത്തനം ഉടനടി നിറുത്തുന്നതിനു പര്യാപ്തമാണെന്ന ഡോക്ടറുടെ ശാസ്ത്രീയമായ മൊഴി കോടതി പരിഗണിച്ചിരുന്നു.
പ്രതി തിരുവനന്തപുരം നഗരത്തലെ പ്രസിദ്ധമായ ചില ആശുപത്രികളിലെ ഇലക്ട്രിഷ്യൻ ആയിരുന്നു എന്നും മറ്റു സാക്ഷി മൊഴികൾ കൊണ്ട് തെളിവിൽ വന്നു. ഒരു ആശുപത്രിയിലെ അത്യാഹിത ഭാഗം ഇലക്ട്രിക് വിദഗ്ദനു മാത്രമേ ഇപ്രകാരം പ്രവർത്തിക്കാൻ കഴിയുകയുള്ളു എന്നു പ്രോസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞു. വെള്ളറട പോലീസ് സബ്-ഇൻസ്‌പെക്ടർമാരായ ഡി സദാനന്ദൻ, വി രാജതിലകൻ എന്നിവർ പ്രാഥമിക അന്വേഷണം നടത്തിയ കേസിൽ ഇൻസ്‌പെക്ടർ എം ശ്രീകുമാർ ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിൽ ഫയൽ ചെയ്തത്.
കേസിൽ പ്രോസീക്യൂഷൻ ഭാഗം 44 സാക്ഷികളെ വിസ്തരിച്ചു. 83 രേഖകളും 43 കേസിൽ പെട്ട വസ്തുക്കളും കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പാറശ്ശാല എ അജികുമാർ, അഡ്വ മഞ്ജിത എന്നിവർ കോടതിയിൽ ഹാജരായി.









0 comments