എം ജി എസ്‌: ഡോക്ടറാകേണ്ടെന്നുവച്ച്‌ 
ചരിത്രത്തിലേക്ക്‌

MGS NARAYANAN
വെബ് ഡെസ്ക്

Published on Apr 27, 2025, 03:26 AM | 2 min read

മകൻ തന്നെപ്പോലെ ഒരു ഡോക്ടർ ആകണമെന്നായിരുന്നു ശങ്കരനാരായണന്റെ അച്ഛൻ ഡോ. കെ പി ജി മേനോൻ ആഗ്രഹിച്ചത്‌. അത്‌ നടക്കില്ലെന്നായപ്പോൾ പഠിക്കാൻ സമർഥനായ മകൻ ഐഎഎസുകാരനാകണമെന്ന്‌ അച്ഛൻ ആഗ്രഹിച്ചു. എന്നാൽ, രണ്ടുതവണയും അച്ഛനെ കബളിപ്പിച്ച്‌, അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾക്ക്‌ ചേരാത്ത പഠനവഴികളിലേക്ക്‌ തിരിഞ്ഞാണ്‌ ശങ്കരനാരായണൻ നാമറിയുന്ന ചരിത്രകാരൻ എം ജി എസ്‌ നാരായണൻ ആയത്‌.


മികച്ചനിലയിൽ പത്താംക്ലാസ്‌ പാസായ ശങ്കരനാരായണനെ കോഴിക്കോട്‌ സാമൂതിരി കോളേജിൽ ചേർത്തത്‌ അച്ഛനാണ്‌. ഡോക്ടറാക്കാൻ സെക്കൻഡ്‌ ഗ്രൂപ്പിലാണ്‌ ചേർത്തതെങ്കിലും ചോര കണ്ടാൽ പേടിക്കുന്ന മകൻ അതിഷ്ടപ്പെട്ടില്ല. ഒരു സിനിമ കാണാൻപോലും ഒഴിവുകിട്ടാത്ത ജോലിയാണ്‌ ഡോക്ടറുടേതെന്ന്‌ അച്ഛന്റെ അനുഭവത്തിൽനിന്ന്‌ പഠിച്ചിരുന്നതായാണ്‌ എം ജി എസ്‌ ആത്മകഥയിൽ പറയുന്നത്‌. ലാബിനടുത്തുകൂടി പോയപ്പോൾ കണ്ട അസ്ഥികൂടവും ചുവരിൽ പതിച്ച തവളയുടെ ശവവും അവിടെ തങ്ങിനിന്ന സൾഫ്യൂറിക്‌ ആസിഡിന്റെ മണവുമെല്ലാം തീരുമാനം ഉറപ്പിച്ചു. അച്ഛൻ പോയപാടെ അദ്ദേഹത്തിന്റെ സ്‌നേഹിതനും പ്രിൻസിപ്പലിന്റെ വലംകൈയുമായ സഭാപതിമാസ്‌റ്ററെ സമീപിച്ച്‌ തേഡ്‌ ഗ്രൂപ്പിലേക്ക്‌ മാറണമെന്ന ആവശ്യമുന്നയിച്ചു. തേഡ്‌ ഗ്രൂപ്പകാരെ അധകൃതരായാണ്‌ കണക്കാക്കിയിരുന്നത്‌. എന്തായാലും മാസ്‌റ്ററും പ്രിൻസിപ്പലും ആവശ്യം അംഗീകരിച്ചു.


ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ ചരിത്രത്തെ വെറുത്തിരുന്ന എം ജി എസ്‌ അങ്ങനെയാണ്‌ ചരിത്രവഴിയിലെത്തിയത്‌. സ്‌കൂളിൽ പഠിപ്പിച്ചിരുന്നവരുടെ വിരസമായ ക്ലാസുകളാണ്‌ ചരിത്രത്തിൽ വെറുപ്പുണ്ടാക്കിയത്‌. ചരിത്രനായകർ മനുഷ്യരാണെന്നുപോലും തോന്നിയിരുന്നില്ല. എന്നാൽ, കോളേജിൽ ചരിത്രം പഠിപ്പിച്ച കെ വി കൃഷ്‌ണയ്യർ അമ്പലങ്ങളിലും പള്ളികളിലും മറ്റും കൊണ്ടുപോയപ്പോൾ അതിന്‌ ജീവൻവച്ചു. ‘ഒച്ചയിട്ടും അഭിനയിച്ചും അദ്ദേഹം ചരിത്രക്ലാസുകൾ അനുഭവസമ്പന്നമാക്കി’ എന്നാണ്‌ എം ജി എസ്‌ പറഞ്ഞത്‌. അക്കാലത്ത്‌ വായിച്ച മാർക്‌സിസ്‌റ്റ്‌ കൃതികളാണ്‌ ചരിത്രത്തിൽ താൽപ്പര്യമുണ്ടാക്കിയ രണ്ടാമത്തെ ഘടകം.


നല്ല മാർക്കോടെ ബിരുദാനന്തരബിരുദം നേടിയപ്പോഴും മകന്റെ വഴിതിരിക്കാൻ അച്ഛന്റെ ഇടപെടലുണ്ടായി. ഐഎഎസ്‌ പരീക്ഷയ്‌ക്കിരിക്കാൻ ഉപദേശിച്ചുകൊണ്ട്‌ അദ്ദേഹം അപേക്ഷാഫോം വാങ്ങി അയക്കുകയും ഫീസടയ്‌ക്കുകയും ചെയ്‌തു. എം ജി എസ്‌ ആവഴിക്ക്‌ തിരിഞ്ഞതേയില്ല. എങ്കിലും അതിനുള്ള ഒരുക്കമാണെന്ന്‌ വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചു. കോളേജ്‌ അധ്യാപകനോ സാഹിത്യകാരനോ ആകാനായിരുന്നു ആഗ്രഹം. തൽക്കാലം പിടിച്ചുനിൽക്കാൻ അന്നത്തെ മദ്രാസ്‌ റവന്യുബോർഡിൽ ക്ലർക്കിന്റെ ജോലി നേടി. കോളേജുകളിൽ അധ്യാപകരെ ആവശ്യമുണ്ടെന്ന പരസ്യങ്ങൾക്കെല്ലാം മറുപടിയയച്ചു. മാസങ്ങൾക്കകം, താൻ ഇന്റർമീഡിയറ്റ്‌ പഠിച്ച സാമൂതിരി കോളേജിൽത്തന്നെ, പ്രിയപ്പെട്ട അധ്യാപകൻ കൃഷ്‌ണയ്യർ വിരമിച്ച ഒഴിവിൽ ചരിത്ര അധ്യാപകനായി നിയമിതനുമായി.



deshabhimani section

Related News

View More
0 comments
Sort by

Home