ചുവന്ന് തുടുത്ത് എംജി: 123 കോളേജിൽ 104 എണ്ണം നേടി

കോട്ടയം: നുണപ്രചാരണം തകർത്തെറിഞ്ഞ് എംജിയിലെ കലാലയങ്ങൾ വീണ്ടും ചുവന്ന് തുടുത്തു. തെരഞ്ഞെടുപ്പ് നടന്ന 123 കോളേജിൽ 104 എണ്ണം എസ്‌എഫ്‌ഐ നേടി. 44 കോളേജുകളിൽ എതിരില്ലാത്ത വിജയം. എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഭൂരിഭാഗം കോളേജുകളിലും വിജയപതാക പാറിച്ചപ്പോൾ എംജിക്ക് കീഴിലുള്ള ആലപ്പുഴയിലെ ഏക കോളേജായ എടത്വ സെന്റ് അലോഷ്യസിൽ വിജയം ആവർത്തിച്ചു. എറണാകുളത്ത് 41ൽ 34 കോളേജിലായിരുന്നു വിജയം.
12 കോളേജുകളിൽ മുഴുവൻ സീറ്റിലും എതിരില്ലായിരുന്നു. കൊച്ചിൻ, ഇടക്കൊച്ചി സിയന്ന, മണിമലക്കുന്ന്, തൃക്കാക്കര ഭാരത് മാത, കുന്നുകര എംഇഎസ്, പിറവം ബിപിസി കോളേജുകൾ കെഎസ്‌യുവിൽനിന്നും മൂവാറ്റുപുഴ ഇലാഹിയ കോളേജ് എംഎസ്‌എഫിൽനിന്നും തിരിച്ചുപിടിച്ചു. ഭാരത്‌മാതയിൽ നാല് വർഷത്തിനും ബിപിസിയിൽ മൂന്ന് വർഷത്തിനുംശേഷമായിരുന്നു വിജയം.
പത്തനംതിട്ടയിൽ 20 കോളേജിൽ 19ലും വിജയിച്ചു. കോന്നി എൻഎസ്‌എസ് കോളേജ് എബിവിപിയിൽനിന്ന് പിടിച്ചെടുത്തു. പരുമല ഡിബി, കോന്നി കിഴക്കുപുറം എസ്‌എൻഡിപി യോഗം, മല്ലപ്പള്ളി ബിഎഎം, കോന്നി വിഎൻഎസ് കോളേജുകളിൽ മുഴുവൻ സീറ്റുകളിലും എതിരില്ലായിരുന്നു. കോട്ടയത്ത് 35 കോളേജുകളിൽ 29ലും വിജയിച്ചു. ചങ്ങനാശേരി എസ്ബി കോളേജ് രണ്ട് വർഷത്തിന് ശേഷം കെഎസ്‌യുവിൽനിന്ന് തിരിച്ചുപിടിച്ചപ്പോൾ14 കോളേജിൽ എതിരുണ്ടായിരുന്നില്ല. ഇടുക്കിയിലെ 26ൽ 20 കോളേജിലും വിജയപതാക പാറി. ശാന്തൻപാറ ഗവ. കോളേജ്, മുരിക്കാശേരി മാർ സ്ലീവ കോളേജ് എന്നിവ കെഎസ്‌യുവിൽനിന്ന് തിരിച്ചുപിടിച്ചു. 14 ഇടത്തും നാമനിർദേശപത്രിക സമർപ്പിച്ചപ്പോൾത്തന്നെ എസ്‌എഫ്‌ഐ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.









0 comments