എംജി സര്‍വകലാശാല ഉള്‍പ്പെട്ട ഗവേഷണ പദ്ധതിക്ക്‌ 
100 കോടിയുടെ ഗ്രാന്റ്‌

mg university
വെബ് ഡെസ്ക്

Published on Apr 17, 2025, 12:02 AM | 1 min read


കോട്ടയം : എംജി സർവകലാശാല ഉൾപ്പെട്ട ബയോമെഡിക്കൽ ഗവേഷണ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ നൂറ്‌ കോടി രൂപയുടെ ഗ്രാന്റ്‌. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷനാണ് ഗ്രാന്റ്‌ അനുവദിച്ചത്. പ്രമേഹം, ഫാറ്റി ലിവർ എന്നിവ ബാധിക്കാനുള്ള സാധ്യത നിർമിത ബുദ്ധിയുടെ സഹായത്തോടെ മുൻകൂട്ടി കണ്ടെത്തി ജീവിത ശൈലി ക്രമീകരിക്കാൻ സഹായിക്കുന്ന ഗവേഷണ പദ്ധതിയാണ് സർവകലാശാല സമർപ്പിച്ചത്.


പാർട്ണർഷിപ്പ് ഫോർ അക്സിലറേറ്റഡ് ഇന്നവേഷൻ ആൻഡ്‌ റിസർച്ച്(പെയർ) പരിപാടിയിൽ ഹബ് ആൻഡ്‌ സ്പോക്ക് സംവിധാനത്തിൽ ഒന്നിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ചേർന്ന ഗ്രൂപ്പുകളെയാണ് ഗ്രാന്റിനായി പരിഗണിച്ചത്. നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിം വർക്ക്(എൻഐആർഎഫ്) റാങ്കിങ്ങിൽ 30ന്‌ മുകളിലുള്ള സ്ഥാപനങ്ങളെയാണ് ഹബ്ബായി പരിഗണിക്കുക. ഹൈദരാബാദ് സർവകലാശാല ഹബ്ബായ ഗ്രൂപ്പിൽ എംജി സർവകലാശാലക്ക്‌ പുറമെ മറ്റ് അഞ്ച് സ്പോക്ക് സർവകലാശാലകൾ കൂടിയുണ്ട്. ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിക്ക് 30 കോടി രൂപയും ബാക്കി 70 കോടി രൂപ മറ്റ് ആറ്‌ സർവകലാശാലകൾക്കായും ലഭിക്കും. എംജിക്ക്‌ പത്ത്‌ കോടിയിലേറെ രൂപയാണ് ലഭിക്കുക.


സ്കൂൾ ഓഫ് ബയോ സയൻസസിലെ ഡോ. ഇ കെ രാധാകൃഷ്ണനാണ് പ്രൊജക്ട് ഇൻവെസ്റ്റിഗേറ്റർ. വൈസ് ചാൻലർ ഡോ. സി ടി അരവിന്ദകുമാർ, പ്രൊഫ. പി ആർ ബിജു, പ്രൊഫ. കെ ജയചന്ദ്രൻ, പ്രൊഫ. വി ആർ ബിന്ദു, ഡോ. കെ മോഹൻകുമാർ, ഡോ. എസ്‌ അനസ്, ഡോ. എം എസ് ശ്രീകല, ഡോ. മഹേഷ് മോഹൻ എന്നിവരും ഗവേഷണ സംഘത്തിൽ ഉൾപ്പെടുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home