ട്രംപിന്റെ തീരുവനയം: ഔഷധമേഖലയിലെ പ്രത്യാഘാതം

MEDICINE
avatar
ഡോ. ബി ഇക്‌ബാൽ

Published on Aug 30, 2025, 12:10 AM | 3 min read

യുഎസ്‌ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പ്രഖ്യാപിച്ച പരസ്പര തീരുവനയം (Reciprocal Tariff Policy) ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ള പ്രധാന മേഖലയാണ് ഔഷധ വ്യവസായം. “അവർ നമ്മളോട് ചെയ്യുന്ന അതേ തീരുവകൾ നമ്മൾ അവരിലും ചുമത്തും” എന്ന് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര തർക്കങ്ങൾ പരിഹരിക്കുന്നതിനും ഉഭയകക്ഷി വ്യാപാര ഉടമ്പടിക്ക് (Bilateral Trade Agreement) അന്തിമരൂപം നൽകുന്നതിനും ഇന്ത്യാ സർക്കാരും വാണിജ്യ മന്ത്രാലയവും വ്യവസായ പ്രതിനിധികളും പ്രയത്നിക്കുന്നുണ്ടെങ്കിലും, ഇന്ത്യക്ക് ഇതിൽ ഇളവുകൾ ലഭിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഈ തീരുവനയം ഇന്ത്യൻ മരുന്ന് നിർമാതാക്കളെ മാത്രമല്ല, അമേരിക്കയിലെ ഔഷധ കമ്പനികളെയും ഉപഭോക്താക്കളെയും ദോഷകരമായി ബാധിക്കുമെന്നും വ്യക്തമായിരിക്കുകയാണ്. തീരുവയുടെ സ്വഭാവവും നിരക്കുകളും ട്രംപിന്റെ തീരുവനയത്തിന്റെ കൃത്യമായ സ്വഭാവം ഇനിയും വ്യക്തമല്ല. ഇത് ഒന്നുകിൽ ഒരു മേഖലയ്ക്ക് ഒരു നിശ്ചിത നിരക്കായിരിക്കാം, അല്ലെങ്കിൽ ഓരോ ഉൽപ്പന്നത്തിനും വ്യത്യസ്ത നിരക്കുകളാവാം. കൂടാതെ, മറ്റ് മേഖലകളിൽ നിന്നുള്ള കയറ്റുമതിക്ക് ഉയർന്ന തീരുവ ചുമത്തുന്ന ഒരു "ക്രോസ്-സെക്ടർ പ്രതികാര നടപടി" (cross-sector retaliatory tariffs) ആകാനും സാധ്യതയുണ്ട്. ഒരു റിപ്പോർട്ട് അനുസരിച്ച്, യുഎസ് ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ഏകദേശം പൂജ്യം ശതമാനം തീരുവയാണ് ഉള്ളത്, എന്നാൽ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന യുഎസ് ഉൽപ്പന്നങ്ങൾക്ക് ശരാശരി 10.9 ശതമാനം തീരുവ നേരിടേണ്ടിവരുന്നുണ്ട്. അതിനാൽ, ഒരു നിശ്ചിത നിരക്ക് നടപ്പാക്കുകയാണെങ്കിൽ, ഇന്ത്യൻ ഔഷധ കയറ്റുമതിക്കാർക്ക് 10.9 ശതമാനം തീരുവ നേരിടേണ്ടിവരുമെന്ന് ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവിന്റെ റിപ്പോർട്ട് പറയുന്നു. എന്നാൽ, ക്രോസ്-സെക്ടർ പ്രതികാര നടപടിയാണ് സ്വീകരിക്കുന്നതെങ്കിൽ ഈ നിരക്ക് 10.9 ശതമാനത്തിലും കൂടുതലായിരിക്കും.

ട്രംപിന്റെ തീരുവനയം എങ്ങനെയാണ് നടപ്പാക്കാൻ പോകുന്നത് എന്ന് അറിയാൻ ഇനിയും കാത്തിരിക്കേണ്ടിവരും എന്നാണിതെല്ലാം സൂചിപ്പിക്കുന്നത്. ഇന്ത്യൻ ജനറിക് മരുന്നുകൾ
ലോകമാർക്കറ്റിൽ വൻകിട ബഹുരാഷ്ട്ര മരുന്നുകമ്പനികളുടെ വിലയേറിയ മരുന്നുകളുടെ സ്ഥാനത്ത് വിലകുറഞ്ഞതും ഗുണമേന്മയുള്ളതുമായ ഔഷധങ്ങൾ ഇന്ത്യൻ കമ്പനികളാണ് മിക്ക വികസ്വര രാജ്യങ്ങളിലും വിപണനം ചെയ്യുന്നത്. വികസ്വര രാജ്യങ്ങൾക്ക് വിലകുറഞ്ഞ മരുന്ന് ലഭ്യമാക്കാൻ ശ്രമിക്കുന്ന ലോകാരോഗ്യസംഘടന, യുണിസെഫ്, മെഡിസിൻ സാൻസ് ഫ്രോണ്ടിയേഴ്സ് (MSF), ഇന്റർനാഷണൽ ഡിസ്പെൻസറി അസോസിയേഷൻ (ഐ ഡി എ) തുടങ്ങിയ മിക്ക സംഘടനകളും ഇന്ത്യൻ കമ്പനികളിൽ നിന്നാണ് മരുന്ന് വാങ്ങുന്നത്. യുണിസെഫ് വിതരണം ചെയ്യുന്ന 50% മരുന്നുകൾക്കും ഐഡിഎ നൽകുന്ന 80 ശതമാനം മരുന്നുകൾക്കും അവർ ആശ്രയിക്കുന്നത് ഇന്ത്യൻ കമ്പനികളെയാണ്. ലോകരാജ്യങ്ങൾക്ക് ഭീഷണിയായി വളർന്നു വന്ന എയ്ഡ്സ് രോഗത്തിനുള്ള മരുന്നുകൾ വില കുറച്ച് ലോകമാർക്കറ്റിൽ ലഭ്യമാക്കിയതു വഴിയാണ് ഇന്ത്യൻ മരുന്നുകമ്പനികൾ ലോക അംഗീകാരം നേടിയത്. ദരിദ്ര രാജ്യങ്ങൾക്ക് താങ്ങാനാവാത്ത അതിഭീമമായ വിലയ്ക്കാണ് ബഹുരാഷ്ട്ര കുത്തക കമ്പനികൾ എയ്ഡ്സ് രോഗത്തിനുള്ള മരുന്നുകൾ വിപണനം ചെയ്തു തുടങ്ങിയത്. ബഹുരാഷ്ട്ര കുത്തകകളുടെ വിലയേറിയ മരുന്നുകളുമായി താരതമ്യം ചെയ്യുമ്പോൾ തുച്ഛമായ വിലയ്ക്ക് എയ്ഡ്സ് മരുന്നുകൾ ഇന്ത്യൻ കമ്പനികൾ ലോകമാർക്കറ്റിൽ എത്തിച്ചു. ഒരു വർഷത്തെ ചികിത്സക്ക് ബഹുരാഷ്ട്ര കമ്പനികളുടെ മരുന്നുകൾക്ക് 10,000 മുതൽ 15,000 ഡോളർ വരെ വില നൽകേണ്ടിവന്നപ്പോൾ ഇന്ത്യൻ കമ്പനികൾ കേവലം 325 ഡോളർ മുതൽ 125 ഡോളർവരെയുള്ള അവിശ്വസനീയമാം വിധം കുറഞ്ഞ വിലക്ക് അതേ മരുന്നുകൾ ലഭ്യമാക്കി എയ്ഡ്സ് രോഗബാധിതർക്ക് ജീവിത പ്രതീക്ഷ നൽകി. ആഗോളതലത്തിൽ 87 രാജ്യങ്ങളിലെ ജനങ്ങൾക്ക് എയ്ഡ്സ് മരുന്നുകൾ വിതരണം ചെയ്യുന്ന ക്ലിന്റൺ ഫൗണ്ടേഷൻ, ഗ്ലോബൽ ഫണ്ട്, ഐ ഡി എ , യുണിസെഫ് എന്നീ പ്രസ്ഥാനങ്ങൾ വാങ്ങുന്ന മരുന്നുകളുടെ 70 ശതമാനവും ഇന്ത്യൻ കമ്പനികളുടേതാണ്. എന്തിന്, എയ്ഡ്സ് രോഗികൾക്ക് അടിയന്തര വൈദ്യ സഹായം നൽകുന്നതിനുള്ള അമേരിക്കൻ പ്രസിഡന്റിന്റെ പദ്ധതിക്ക് (American President's Emergency Plan for AIDS Relief: PEPFAR) ആവശ്യമായ മരുന്നിന്റെ 89 ശതമാനം ഇന്ത്യൻ കമ്പനികളുടേതാണ്. ഇന്ത്യൻ, യുഎസ് താൽപ്പര്യങ്ങൾക്കുള്ള പ്രത്യാഘാതങ്ങൾ ട്രംപ് 200 ശതമാനം തീരുവ എന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇതിനെ ഇന്ത്യൻ ഔഷധമേഖലയിലെ പ്രമുഖർ “അസംബന്ധവും സ്വയം-പരാജയപരവും” എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. ഒരു വർഷത്തിനുള്ളിൽ ഈ തീരുവ പ്രാബല്യത്തിൽ വരുമെന്ന് ട്രംപ് പറഞ്ഞിട്ടുണ്ടെങ്കിലും, ഇത് ഇന്ത്യൻ ഔഷധ നിർമ്മാതാക്കളെക്കാൾ അമേരിക്കൻ താൽപ്പര്യങ്ങളെയാണ് കൂടുതൽ ദോഷകരമായി ബാധിക്കുക. ഇന്ത്യയിൽ നിന്നുള്ള ജനറിക് മരുന്നുകളാണ് അമേരിക്കയിൽ രോഗികൾക്ക് നിർദേശിക്കപ്പെടുന്ന 90 ശതമാനം മരുന്നുകളും.

2013-നും 2022-നും ഇടയിൽ ഇന്ത്യൻ ജനറിക് മരുന്നുകൾ യുഎസ് സമ്പദ് വ്യവസ്ഥയ്ക്ക് 1.3 ലക്ഷം കോടി ഡോളർ ലാഭമുണ്ടാക്കിയതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. 2022-ൽ മാത്രം ലാഭം 21900 കോടി ഡോളറായിരുന്നു. യുഎസ് വിപണിയിലേക്ക് ഇന്ത്യയുടെ മൊത്തം ഔഷധ കയറ്റുമതിയുടെ 40ശതമാനം (2025 സാമ്പത്തിക വർഷത്തിൽ 980 കോടി ഡോളർ) വരുന്നുണ്ട്. 200 ശതമാനം തീരുവ ചുമത്തുന്നത് ഇന്ത്യൻ ജനറിക് മരുന്നുകളുടെ വില അമിതമായി വർധിപ്പിക്കുകയും യുഎസ് വിപണിയിൽ നിന്ന് അവയെ പുറത്താക്കുകയും ചെയ്യും. ഇത് കുറഞ്ഞവിലക്ക് ജനറിക് മരുന്നുകൾ അമേരിക്കയിൽ എത്തിക്കുന്ന മരുന്ന് കമ്പനികളെ മാത്രമല്ല യുഎസ് ഔഷധ ഉപഭോക്താക്കളെയും പ്രതികൂലമായി ബാധിക്കും. അമേരിക്കക്ക് കുറഞ്ഞവിലക്കുള്ള ജനറിക് മരുന്നുകൾ വലിയ തോതിൽ നിർമ്മിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളില്ല. ഇന്ത്യൻ മരുന്നുകൾ പുറത്താക്കപ്പെടുന്നതോടെ വിലകൂടിയ പേറ്റന്റ് ഉൽപ്പന്നങ്ങളെ അമേരിക്കൻ ജനതക്ക് ആശ്രയിക്കേണ്ടിവരും. ഇപ്പോൾത്തന്നെ ലോകത്ത് ആരോഗ്യസേവനത്തിനായി ഏറ്റവുമധികം സ്വകാര്യചെലവുള്ള അമേരിക്കയിലെ സാധാരണ ജനങ്ങളുടെ ചികിത്സാ ചെലവ് ഇതോടെ കുതിച്ചുയരും. ദീർഘകാലാടിസ്ഥാനത്തിൽ നോക്കുമ്പോൾ ഇന്ത്യൻ ഔഷധ കയറ്റുമതി യുഎസ് വിപണിയെ കൂടുതലായി ആശ്രയിക്കുന്നത് കുറയ്ക്കാൻ സഹായിച്ചേക്കാം എന്നാണ് ഇന്ത്യൻ ഔഷധമേഖലയുടെ പ്രതീക്ഷ. അമേരിക്കൻ ഭീഷണിയെ നേരിട്ട് ഭാവിയിലെ അപകടസാധ്യതകൾ ലഘൂകരിക്കുന്നതിനായി കൂടുതൽ രാജ്യങ്ങളിൽ ജനറിക്ക് ഔഷധ വിതരണകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കേണ്ടിവരും.



deshabhimani section

Related News

View More
0 comments
Sort by

Home