മെഡിക്കൽ പ്രവേശനം: പ്രധാനമന്ത്രി ഇടപെടണം - കെ വി തോമസ്

കൊച്ചി: മെഡിക്കൽ കൗൺസിലിന്റെ കീഴിൽ വരുന്ന പ്രഫഷണൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനം അനന്തമായി നീളുന്നത് രാജ്യത്തെ മെഡിക്കൽ വിദ്യാർഥികളുടെ ഭാവി പ്രതിസന്ധിയിലാക്കിയിരിക്കയാണെന്നും അടിയന്തരമായി ഇടപെട്ട് പ്രശ്‌നം പരിഹരിക്കുവാൻ നടപടി എടുക്കണമെന്നും കേരളത്തിന്റെ ഡൽഹി പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ് പ്രധാനമന്ത്രിക്ക് അയച്ച സന്ദേശത്തിൽ ആവശ്യപ്പെട്ടു.
എംബിബിഎസ്, ബിഡിഎസ്, ബിഎസ്‍സി നഴ്‌സിങ് എന്നീ കോഴ്‌സുകളിലേക്ക് രാജ്യത്തെ വിവിധ സർക്കാർ മെഡിക്കൽ കോളേജുകളിലേക്കുള്ള പ്രവേശനമാണ് അനന്തമായി നീളുന്നത്. 2025 മെയ് മാസമാണ് എൻട്രൻസ് എക്‌സാമും കൗൺസിലിംഗും നടന്നത്. ആദ്യ റൗണ്ട് അഡ്മിഷൻ നടത്തുകയും ചെയ്തു. എന്നാൽ രണ്ടാം റൗണ്ട് അഡ്മിഷൻ, സെപ്തംബർ 18ലെ മെഡിക്കൽ കൗൺസിലിന്റെ നോട്ടീസ് പ്രകാരം വീണ്ടും മാറ്റിവച്ചിരിക്കുകയാണ്. ഈ കാലതാമസം നൂറുകണക്കിന് വിദ്യാർഥികളിലും മാതാപിതാക്കളിലും വലിയ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.
പ്രധാനമന്ത്രി ഇടപെട്ട് എത്രയും വേഗം മെഡിക്കൽ കോളേജിലേക്കുള്ള പ്രവേശനത്തിനുള്ള ഏർപ്പാടുകൾ പൂർത്തിയാക്കണമെന്ന് പ്രധാനമന്ത്രിക്കയച്ച സന്ദേശത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.









0 comments