തൊഴിലാളികൾ ഇനിയും സമരംചെയ്യും; മാധ്യമങ്ങൾ മുട്ടിലിഴഞ്ഞോളൂ


സ്വന്തം ലേഖകൻ
Published on Jul 11, 2025, 07:34 AM | 1 min read
തിരുവനന്തപുരം:
അഖിലേന്ത്യ പണിമുടക്കിൽ രാജ്യത്തെ തൊഴിലാളികൾ ഒറ്റക്കെട്ടായി അണിനിരന്നതിൽ വല്ലാത്ത വേവലാതിയുമായി വലതുപക്ഷ മാധ്യമങ്ങൾ. തൊഴിലാളികളുയർത്തിയ വിഷയമോ, സമരത്തിന്റെ ആവശ്യമോ മുഖവിലയ്-ക്കെടുക്കാതെയാണ് കേന്ദ്രത്തിന് വേണ്ടിയുള്ള ഈ മുട്ടിലിഴച്ചിൽ.
തൊഴിലാളികൾ 100 ദിവസംമുമ്പ് പ്രഖ്യാപിച്ച് നടത്തിയ പണിമുടക്കിൽ ജനങ്ങൾക്ക് വലിയ പ്രയാസമുണ്ടായെന്ന് വരുത്തി തീർക്കാൻ കാട്ടിയ ഉത്സാഹം കണ്ടാലറിയാം ഇവരുടെ വിധേയത്വം എവിടെവരെ എത്തിയെന്ന്.
മാർച്ച് 18ന് ഡൽഹിയിൽ ചേർന്ന സംയുക്ത ട്രേഡ് യൂണിയൻ കൺവൻഷനിലാണ് 17 ആവശ്യങ്ങളുയർത്തി മെയ് 20ന് പണിമുടക്ക് തീരുമാനിച്ചത്. പിന്നീട് സമരം ജൂലൈ ഒമ്പതിലേക്ക് മാറ്റി.
സിഐടിയു, എഐടിയുസി, ഐഎൻടിയുസി, എച്ച്‌എംഎസ്, എഐയുടിയുസി, സേവാ, ടിയുസിസി, എൽപിഎഫ്, യുടിയുസി, എഐസിസിടിയു എന്നീ കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും സ്വതന്ത്ര അഖിലേന്ത്യാ മേഖലാ ഫെഡറേഷനുകളുടെയുമ സംയുക്ത വേദിയാണ് കൺവൻഷൻ സംഘടിപ്പിച്ചത്. നിലവിലുണ്ടായിരുന്ന തൊഴിൽനിയമം അട്ടിമറിച്ച് നാല് ലേബർ കോഡുകളുണ്ടാക്കിയതിലൂടെ തൊഴിലാളികളുടെ തൊഴിൽസുരക്ഷ ഇല്ലാതായി.
ആശമാർ ഉൾപ്പെടെയുള്ള സ്‌കീം വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കണമെന്നായിരുന്നു മറ്റൊരു പ്രധാന ആവശ്യം. ഈ ആവശ്യങ്ങളുയർത്തി കേന്ദ്രസർക്കാരിന് നിവേദനം നൽകി. സമരസമിതിയുമായി ചർച്ചചെയ്യാൻ സമയമുണ്ടായിട്ടും അതിനുതയ്യാറാകാത്ത കേന്ദ്രസർക്കാരിനെതിരെ ഒരുവരി എഴുതാനുള്ള ധാർമികത ഇവർക്കുണ്ടായില്ല.
പണിമുടക്ക് കേരളത്തിൽ സമ്പൂർണമായത്, ജനങ്ങൾ അതിനോട് ഐക്യപ്പെട്ടതിനാലാണ്. വ്യാപാരിസംഘടനകൾ ഐക്യദാർഢ്യം പ്രഖ്യാപിച്ച് കടകൾ അടച്ചിട്ടു. അടിയന്തര ആവശ്യത്തിന് പോയ ആർക്കും പ്രയാസമുണ്ടായില്ല. സ്വകാര്യവാഹനം നിരത്തിലിറങ്ങാനും ബുദ്ധിമുട്ടുണ്ടായില്ല. അവശ്യസേവനങ്ങളെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിരുന്നു.
തൊഴിലാളികൾ അവകാശം ചോദിക്കുമ്പോൾ, വിമർശിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്ന മനോനിലയിലാണ് വലതുമാധ്യമങ്ങൾ. ഇതിനെല്ലാമുള്ള ചുട്ടമറുപടി രാജ്യത്ത് വളർന്നുവരുന്ന തൊഴിലാളിഐക്യം നൽകും.









0 comments