Deshabhimani

കേന്ദ്ര ബജറ്റിലെ കേരള വിരുദ്ധത; വാസ്‌തവം പറയാതെ 
മാധ്യമങ്ങൾ

MEDIA
avatar
സ്വന്തം ലേഖകൻ

Published on Feb 03, 2025, 02:13 AM | 1 min read

തിരുവനന്തപുരം: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളെയും തുല്യനിലയിൽ കാണേണ്ട കേന്ദ്രസർക്കാർ കേരളത്തെ ബജറ്റിന്റെ പടിക്കു പുറത്തുനിർത്തി അവഗണിച്ചതിനെ കാണാതെ മലയാള മാധ്യമങ്ങൾ. അവകാശപ്പെട്ടത്‌ അനുവദിക്കാതിരിക്കുന്നതിനെ തുറന്നുകാണിക്കാതെ ബജറ്റ്‌ അവതരണത്തിന്‌ എത്തിയ മന്ത്രി ഉടുത്ത സാരിയുടെ പ്രത്യേകതയും കുറഞ്ഞ ശതമാനത്തിനു മാത്രം ഗുണംചെയ്യുന്ന ആദായനികുതി ഇളവിന്റെ മഹിമയും മാത്രമാണ്‌ ഭൂരിപക്ഷം മാധ്യമങ്ങളും വാർത്തയാക്കിയത്‌.


ഡൽഹിയിലേയും ബിഹാറിലേയും നിയമസഭാ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ട്‌ ഡൽഹി-ബിഹാർ ബജറ്റാണ്‌ അവതരിപ്പിച്ചതെന്നു പറയാനും ശ്രമമുണ്ടായില്ല. ഇരു സംസ്ഥാനങ്ങൾക്കും വാരിക്കോരി കൊടുത്തപ്പോൾ ‘കേരളവും ഇന്ത്യയിൽ അല്ലേ’ എന്ന ചോദ്യം ആദ്യമുയർത്തേണ്ട മാധ്യമങ്ങൾ ആദായനികുതിയിളവിൽ അഭിരമിച്ചു. രാജ്യത്തെ 120 കോടി ജനതയിൽ 8.6 കോടി പേർ മാത്രമാണ്‌ 2024ൽ ആദായനികുതി റിട്ടേൺ സമർപ്പിച്ചത്‌. അതിൽ നാലര കോടി പേരാണ്‌ നികുതിയടക്കുന്നതായി കണക്കാക്കുന്നത്‌. അതിൽതന്നെ വളരെ കുറഞ്ഞ ശതമാനമേ ഇളവിനു അർഹരായി ഉണ്ടാകൂ. എന്നാൽ ഇതിലൂടെ ഒരു ലക്ഷം കോടി വരുമാനം നഷ്ടമാകുന്നു എന്നു പറയുന്ന സർക്കാരിന്‌ അവരോടുള്ള സ്‌നേഹം കാരണമല്ല ഇളവു നൽകുന്നത്‌; ഡൽഹി തെരഞ്ഞെടുപ്പു മാത്രമാണ്‌ കാരണം. എന്നാൽ, സമ്പത്തിന്റെ ഭൂരിപക്ഷവും കൈയടക്കിവയ്‌ക്കുന്ന കോർപറേറ്ററുകളെ തൊടുന്നതേയില്ല.


നിശ്‌ചിത വരുമാനക്കാരായ മധ്യവർഗത്തോടുള്ള കേരളം എന്നൊരു സംസ്ഥാനമുണ്ടോ എന്നതുപോലും മറന്ന ബജറ്റിനെ തലോടി കടന്നുപോവുകയാണ്‌ മലയാള മാധ്യമങ്ങൾ. വയനാടിന്റെ കണ്ണീരൊപ്പാൻ ഒരു രൂപ പോലും നീക്കിവയ്‌ക്കാത്തതും വിഴിഞ്ഞം തുറമുഖത്തിന്‌ ഫണ്ട്‌ നീക്കിവയ്‌ക്കാത്തതും കേരളം ഉന്നയിച്ച ഒരു ആവശ്യവും അംഗീകരിക്കാത്തതും അർഹമായ നികുതി വിഹിതം അനുവദിക്കാത്തതും ‘പ്രധാന വാർത്ത’യല്ല.



deshabhimani section

Related News

0 comments
Sort by

Home