കൗൺസിലറുടെ മരണം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ ബിജെപി ആക്രമണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് തിരുമലയിലെ ബിജെപി കൗൺസിലർ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ ബിജെപി ആക്രമണം. ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ ജി പ്രമോദിനെ കയ്യേറ്റം ചെയ്ത് കാമറ നശിപ്പിച്ചു. വനിതാ മാധ്യമപ്രവർത്തകരെയടക്കം മർദിച്ചു. മരിച്ച നിലയിൽ കണ്ടെത്തിയ കെ അനിൽ കുമാറിന്റെ ആത്മഹത്യാക്കുറിപ്പ് ഉൾപ്പെടെ മാധ്യമങ്ങളിൽ പുറത്തുവന്നതാണ് ബിജെപി അക്രമികളെ പ്രകോപിപ്പിച്ചത്.
ബിജെപി വാർഡ് കൗൺസിൽ ഓഫീസിലാണ് അനിൽ കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൗൺസിൽ ഓഫീസിലെത്തിയ മാധ്യമപ്രവർത്തകർക്കുനേരെ ബിജെപി നേതാവ് വി വി രാജേഷിന്റെ ഉൾപ്പെടെ സാന്നിധ്യത്തിലായിരുന്നു നൂറോളം പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത്.
ന്യൂസ് 18 കേരളം, മാതൃഭൂമി, റിപ്പോർട്ടർ ടിവി, 24 ന്യൂസ് ചാനലുകളിലെ കാമറമാന്മാരെയും ന്യൂസ് മലയാളം, മാതൃഭൂമി ന്യൂസ് ചാനലുകളിലെ വനിതാ മാധ്യമപ്രവർത്തകരെയും കയ്യേറ്റം ചെയ്തു. നിരവധിപേർക്ക് പരിക്കേറ്റു.
ബിജെപി നേതൃത്വത്തിനെതിരെ അനിൽകുമാറിന്റെ ആത്മഹത്യാകുറിപ്പിൽ പരാമര്‍ശമുണ്ട്. സഹകരണ സംഘത്തിലെ സാമ്പത്തിക പ്രതിസന്ധിയിൽ പാര്‍ടി സഹായിച്ചില്ല എന്നും കുറിപ്പിലുണ്ട്. ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു അനിൽ.









0 comments