സർക്കാരിനെതിരെ ഇല്ലാക്കഥ പ്രചരിപ്പിക്കുന്ന മനോരമ വിദഗ്‌ധരെകൊണ്ട് നടത്തിയ സർവേയിൽ പ്രധാന വകുപ്പുകൾക്ക് പത്തിൽ അഞ്ചിലധികം മാർക്ക് നൽകി
നേട്ടം മറയ്‌ക്കാനാകാതെ മാധ്യമങ്ങളും ; സർക്കാരിന്റെ പ്രകടനം വിദഗ്‌ധരെക്കൊണ്ട് വിലയിരുത്തി പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം
രണ്ടാം പിണറായി സർക്കാരിന്റെ നാലുവർഷത്തെ പ്രവർത്തന മികവ് മറച്ചുവയ്‌ക്കാനാകാതെ വലതുപക്ഷ മാധ്യമങ്ങൾ. മനോരമയും മാതൃഭൂമിയും ഇന്ത്യൻ എക്സ്‌പ്രസും അടക്കമുള്ള പത്രങ്ങൾ സർക്കാരിന്റെ പ്രകടനം വിവിധ മേഖലകളിലെ വിദഗ്‌ധരെക്കൊണ്ട് വിലയിരുത്തി പ്രസിദ്ധീകരിച്ചു.
സർക്കാരിനെതിരെ ഇല്ലാക്കഥ പ്രചിപ്പിക്കുന്ന മനോരമ വിദഗ്‌ധരെകൊണ്ട് നടത്തിയ സർവേയിൽ പ്രധാന വകുപ്പുകൾക്ക് പത്തിൽ അഞ്ചിലധികം മാർക്ക് നൽകി. പ്രധാന വകുപ്പുകളായ ഐടിക്ക് ഏഴും വ്യവസായം, പശ്‌ചാത്തല വികസനം, ധനം, ആസൂത്രണം എന്നിവയ്‌ക്ക് ആറും മാർക്കാണ് നൽകിയത്. സർക്കാരിനെ കുറ്റപ്പെടുത്തുക ലക്ഷ്യമിട്ടാണ് വിദഗ്‌ധരുടെ അഭിപ്രായം തേടിയത്. അതിനനുസരിച്ചുള്ള ചോദ്യാവലിയാണ് തയ്യാറാക്കിയതും. മനോരമ സമീപിച്ച ചില വിദഗ്‌ധർ പിന്മാറുകയും ചെയ്തു. പങ്കെടുത്ത മറ്റുള്ളവരാകട്ടെ, സർക്കാരിന്റെ പ്രകടനത്തെ മോശമല്ലെന്ന് വിലയിരുത്തി. പശ്‌ചാത്തല സൗകര്യ വികസനം അടക്കമുള്ള യാഥാർഥ്യത്തെ മറയ്‌ക്കാനാകില്ല എന്ന വസ്‌തുത ഇതിലൂടെ വെളിപ്പെട്ടു.
എന്നാൽ, ഒപ്പം സ്വന്തം നിലയിൽ പച്ചക്കള്ളവും മനോരമ എഴുതിപ്പിടിപ്പിച്ചു. 5000 രൂപ ക്ഷേമ പെൻഷൻ വാഗ്‌ദാനം ഒമ്പത് വർഷമായിട്ടും നടപ്പാക്കിയില്ലെന്നാണ് വാർത്ത. 2021 ലെ തെരഞ്ഞെടുപ്പിനുമുമ്പ് പുറത്തിറക്കിയ പ്രകടന പത്രികയിൽ പെൻഷൻ 2500 രൂപയാക്കുമെന്നാണ് എൽഡിഎഫ് വാഗ്‌ദാനം. യുഡിഎഫ് സർക്കാരിന്റെ കാലത്ത് 500 രൂപയായിരുന്ന പെൻഷൻ 18 മാസംവരെ കുടിശികയായിരുന്നു. കുടിശ്ശിക തീർത്ത് പെൻഷൻ പടിപടിയായി വർധിപ്പിച്ച് 1600 രൂപയാക്കുകയാണ് എൽഡിഎഫ് സർക്കാർ ചെയ്തത്.
തുടർഭരണത്തിന്റെ നാലു വർഷങ്ങളെക്കുറിച്ച് മുഖപ്രസംഗം എഴുതിയ മാതൃഭൂമിക്കും നേട്ടങ്ങൾ ഒളിച്ചുവയ്‌ക്കാനായില്ല. വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായതും ദേശീയപാത വികസനവും സംസ്ഥാന സർക്കാരിന് അഭിമാനിക്കാവുന്ന നേട്ടമാണെന്ന് മുഖപ്രസംഗം പറയുന്നു. കൊച്ചി ജല മെട്രോ, വ്യവസായ സൗഹൃദ സംസ്ഥാനം എന്നിവയും എടുത്തുകാട്ടുന്നു. ക്ഷേമപെൻഷൻ രണ്ടു മാസത്തെ വിതരണമേ ബാക്കിനിൽക്കുന്നുള്ളൂ എന്നും വയനാട്ടിൽ ടൗൺഷിപ്പിന് നടപടിയാരംഭിച്ചത് പ്രശംസാർഹമാണെന്നും പറയുന്നു.
മന്ത്രിമാരുടെ പ്രകടനമാണ് ഇന്ത്യൻ എക്സ്‌പ്രസ് വിലയിരുത്തിയത്. മുഖ്യമന്ത്രിയടക്കം 11 മന്ത്രിമാർക്കും പത്തിൽ അഞ്ചിലധികം മാർക്കാണ് നൽകിയത്. മറ്റു മന്ത്രിമാർക്ക് നാലും അതിലധികവും.









0 comments