മാധ്യമങ്ങൾ വാർത്ത നൽകുന്നത് കൃത്യമായ അജണ്ടയോടെ; മാതൃഭൂമിയുടെ ഇരട്ടത്താപ്പ് വ്യക്തമാക്കി മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : ആശാ വർക്കർമാരുടെ സമരത്തെ മറയാക്കി മാധ്യമങ്ങൾ പ്രത്യേക ഇടത് വിരുദ്ധ അജണ്ടയോടെയാണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി വീണാ ജോർജ്. മാതൃഭൂമി ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്ത ഉദാഹരണ സഹിതം വ്യക്തമാക്കിയാണ് മന്ത്രി മാധ്യമങ്ങളുടെ ഇരട്ടത്താപ്പ് വ്യക്തമാക്കിയത്. 'മുൻകൂർ അനുമതിയിൽ വിവാദം, തിരിച്ചടിയായി, വീണാ ജോർജിന്റെ ഡൽഹി യാത്ര' എന്ന തലക്കെട്ടോടെ നൽകിയ വാർത്തയിലാണ് മാധ്യമങ്ങളുടെ അജണ്ട മന്ത്രി ചൂണ്ടിക്കാട്ടിയത്.
കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള സന്ദർശനത്തിൽ മുൻകൂർ അനുമതി തേടിയില്ലെന്നും ആശമാരെ പറഞ്ഞുപറ്റിച്ചു എന്നുമടക്കമുള്ള കാര്യങ്ങൾ ആദ്യം തന്നെ പറഞ്ഞ പത്രം സന്ദർശനാനുമതി തേടി കേന്ദ്ര ആരോഗ്യമന്ത്രിക്ക് ഇ-മെയിൽ അയച്ച സമയം ഉൾപ്പെടെ പിന്നീട് അപ്രധാനമായി പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാൻ ശ്രമം നടത്തുന്നുണ്ടെന്നും അനുമതി ഇതുവരെ ലഭിച്ചില്ലെന്നും മാധ്യമങ്ങളോട് ഡൽഹിയിൽ വച്ച് പറഞ്ഞതുൾപ്പെടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വസ്തുതകളെല്ലാം ഇതാണെന്നിരിക്കെ സംസ്ഥാന ആരോഗ്യമന്ത്രി പറഞ്ഞു പറ്റിച്ചുവെന്ന് എഴുതി പിടിപ്പിക്കുകയാണ് മാധ്യമങ്ങളെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
വീണാ ജോർജ് കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയത് താൻ അറിഞ്ഞില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ലോക്‌സഭയെ അറിയിച്ചിരിക്കുന്ന വാർത്തയും അപ്രധാനമായി മാതൃഭൂമി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇത്തരത്തിലൊരു വീഴ്ച കേന്ദ്ര മന്ത്രിക്ക് സംഭവിച്ചിട്ടും അതിനെപ്പറ്റി പറയാതെ സംസ്ഥാനത്തെയും ഇടത് സർക്കാരിനെയും പ്രതിക്കൂട്ടിലാക്കാൻ തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ നൽകുകയാണ് മാധ്യമങ്ങൾ. യാഥാർത്ഥ്യങ്ങൾ കാണാത്തത് ചില മാധ്യമപ്രവർത്തകരുടെ ഇടതുവിരുദ്ധത മൂലമുള്ള അന്ധത കൊണ്ടാണെന്നും സത്യം തിരിച്ചറിയപ്പെടുമെന്നും മന്ത്രി കുറിച്ചു.
മന്ത്രി വീണാ ജോർജിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഇനി പറയാതെ വയ്യ ....കൃത്യമായ അജണ്ടയുമായാണ് കേരളത്തിലെ ചില മുഖ്യധാര മാധ്യമങ്ങൾ വാർത്ത നൽകുന്നത് എന്നതിന് മറ്റൊരു ഉദാഹരണം കൂടി. ഇന്നത്തെ മാതൃഭൂമി പത്രത്തിലെ 'മുൻകൂർ അനുമതിയിൽ വിവാദം, തിരിച്ചടിയായി, വീണാ ജോർജിന്റെ ഡൽഹി യാത്ര' എന്ന വാർത്ത പരിശോധിച്ചാൽ ഇക്കാര്യം കൂടുതൽ വ്യക്തമാകും. മുൻകൂർ അനുമതി തേടിയില്ല,, ആശമാരെ പറഞ്ഞുപറ്റിച്ചു തുടങ്ങിയ തീർത്തും തെറ്റായ കാര്യങ്ങൾ ആദ്യ വരികളിൽ തന്നെ കൊടുക്കാൻ അതിജാഗ്രത പുലർത്തിയ മാതൃഭൂമി, എന്നാൽ തൊട്ടടുത്ത വരികളിൽ തന്നെ അറിയാതെ സത്യം പറഞ്ഞു പോകുന്നുമുണ്ട്. സന്ദർശനാനുമതി തേടി കേന്ദ്ര ആരോഗ്യമന്ത്രിക്ക് ഇ-മെയിൽ അയച്ച സമയം ഞാൻ തന്നെ പുറത്ത് വിട്ടു എന്നും ബുധനാഴ്ച ഉച്ചയ്ക്ക് 12-ന് മെയിൽ അയച്ചുവെന്നും റിപ്പോർട്ട് ചെയ്യുന്നുണ്ട്. സന്തോഷം.
ആ വാർത്തയ്‌ക്കൊപ്പമുള്ള എന്റെ പ്രതികരണത്തിൽ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ് ആശമാർ നിരാഹാര സമരത്തിലേക്ക് കടക്കുന്നുവെന്ന് കണ്ടതോടെയാണ് കേന്ദ്രമന്ത്രിയെ കാണാൻ ശ്രമിച്ചതെന്ന്. സമരക്കാരുമായി നടത്തിയ ചർച്ച വീണ്ടും തീരുമാനമാകാതെ പിരിഞ്ഞപ്പോഴാണ് കേന്ദ്ര ആരോഗ്യമന്ത്രിയെ നേരിട്ട് കണ്ട് പ്രശ്‌നം അവതരിപ്പിക്കാൻ ശ്രമം നടത്തിയത്. കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാൻ ശ്രമം നടത്തുന്നുണ്ടെന്നും അനുമതി ഇതുവരെ ലഭിച്ചില്ലെന്നുമാണ് ദില്ലിയിൽ എത്തിയപ്പോൾ മാധ്യമങ്ങളോട് പറഞ്ഞത്. ഇക്കാര്യവും റിപ്പോർട്ട് ചെയ്യുന്നുണ്ട് മാതൃഭൂമി.
ഈ വാർത്തയുടെ തൊട്ടടുത്തായി ഏഴാം പേജിൽ ഒരു ഒറ്റക്കോളം വാർത്തയുണ്ട്. ഇപ്പോഴത്തെ സംഭവങ്ങളിലെ ചിലരുടെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാക്കുന്ന വാർത്ത. കേരളത്തിന് എതിരു നിൽക്കുന്ന മാധ്യമങ്ങൾ അത് തമസ്‌കരിക്കുകയോ, ഒറ്റക്കോളത്തിലേക്ക് ഒതുക്കുകയോ ചെയ്ത ആ വലിയ വാർത്ത. 'വീണാ ജോർജിനെ കാണുമെന്ന് കേന്ദ്രമന്ത്രി നഡ്ഡ'യെന്ന തലക്കെട്ടിൽ നടത്തിയ ആ വാർത്തയിൽ വീണാ ജോർജ് കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയത് താൻ അറിഞ്ഞില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി ലോക്‌സഭയെ അറിയിച്ചിരിക്കുന്നതെന്ന് പറഞ്ഞു പോകുന്നു. കേന്ദ്ര സർക്കാർ സ്‌ക്രീമിലെ സന്നദ്ധ പ്രവർത്തകർ ഒരു സംസ്ഥാനത്ത് സമരം നടത്തുമ്പോൾ, അത് നിരാഹാര സമരത്തിലേക്ക് മാറുമ്പോൾ ആ വിഷയം ചർച്ച ചെയ്യാൻ സംസ്ഥാനത്തെ ആരോഗ്യമന്ത്രി അനുമതി തേടിയിട്ട് ആ വിഷയം അറിഞ്ഞില്ലെന്ന് ഒരു കേന്ദ്ര മന്ത്രി പറയുമ്പോൾ, അവിടെ ഉണ്ടായ വീഴ്ച മാധ്യമങ്ങൾ ചിന്തിക്കുന്നതേയില്ല. പകരം സംസ്ഥാന ആരോഗ്യമന്ത്രി പറഞ്ഞു പറ്റിച്ചുവെന്ന് എഴുതി പിടിപ്പിക്കാനാണ് മാധ്യമങ്ങൾക്ക് ധൃതി.
ആ ഒറ്റക്കോളം വാർത്തയിൽ തന്നെയുണ്ട് മറ്റൊരു വരി. വീണാ ജോർജിനെ കാണാൻ ആരോഗ്യമന്ത്രി തയ്യാറായില്ലെന്ന് അഭ്യൂഹമുണ്ടൈന്നും അതിൽ വ്യക്തത വരുത്താൻ കെ സി വേണുഗോപാൽ എം.പി ആവശ്യപ്പെട്ടുവെന്നും. ആ ചോദ്യത്തിന് കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമായി ഉത്തരം പറഞ്ഞില്ലെന്ന് റിപ്പോർട്ട് ചെയ്യുന്നു മാതൃഭൂമി. സഭയിൽ വ്യക്തമായി ഉത്തരം പറയാതെ ചേംബറിലേക്ക് എംപിയെ ക്ഷണിച്ചെന്നും പ്രത്യേകം പറയുന്നു. യാഥാർത്ഥ്യങ്ങൾ കാണാത്തത് ചില മാധ്യമപ്രവർത്തകരുടെ ഇടതുവിരുദ്ധത മൂലമുള്ള അന്ധത കൊണ്ടാണ്. സത്യം തിരിച്ചറിയപ്പെടുക തന്നെ ചെയ്യും.









0 comments