നയപ്രഖ്യാപനം മുക്കി മാധ്യമങ്ങൾ

തിരുവനന്തപുരം
: കഴിഞ്ഞ എട്ടുവർഷത്തിനിടെ കേരളത്തിന്റെ മുഖഛായ മാറ്റിയ പദ്ധതികളുടെയും മാറ്റങ്ങളുടെയും പട്ടിക അക്കമിട്ട് നിരത്തിയ നയപ്രഖ്യാപന പ്രസംഗം മുക്കി മുഖ്യധാര മാധ്യമങ്ങൾ. പുതിയ ഗവർണർ ആർ വി ആർലേക്കർ വെള്ളിയാഴ്‌ച നിയമസഭയിൽ നടത്തിയ നയപ്രഖ്യാപനം പ്രമുഖ മാധ്യമങ്ങൾ അവഗണിക്കുകയായിരുന്നു. ഇതുവരെ നടപ്പാക്കിയ പദ്ധതികളും ഇനി ലക്ഷ്യമിടുന്നവയുമാണ് നയപ്രഖ്യാപനത്തിലുണ്ടായിരുന്നത്.
വിവിധ മേഖലകളിൽ രാജ്യത്ത് മുന്നിലെത്തിയ സംസ്ഥാനത്തിന്റെ പൊതുസ്ഥിതി പ്രസംഗത്തിന്റെ ആമുഖത്തിൽത്തന്നെയുണ്ട്.
യുഡിഎഫ് പത്രമടക്കം നയപ്രഖ്യാപനം ഒന്നാംപേജിൽ പരിഗണിച്ചില്ല. ഉൾപ്പേജിൽ ചില വാർത്തകൾ പേരിനുമാത്രംകൊടുത്തു. എൽഡിഎഫ് സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ ജനം അറിയുമെന്നതാണ് അവരെ വാർത്ത നൽകുന്നതിൽനിന്ന് തടഞ്ഞതെന്ന് വ്യക്തം. പ്രസംഗം ചാനലുകൾ ലൈവ് നൽകിയെങ്കിലും തുടർന്ന് ചർച്ച ചെയ്തില്ല.
നയത്തിൽ കേന്ദ്രത്തെ വിമർശിച്ചില്ലെന്ന വ്യാജവാർത്ത ഏതാണ്ടെല്ലാവരും ഒരേപോലെ കൊടുക്കുകയുംചെയ്തു. കേന്ദ്രസർക്കാർ സാമ്പത്തികമായി തുടരുന്ന ഞെരുക്കലാണ് പല പദ്ധതികളും സംസ്ഥാനം ആഗ്രഹിക്കുന്നതുപോലെ മുന്നോട്ട് പോകാൻ തടസ്സമെന്ന് നയപ്രഖ്യാപനത്തിലുണ്ട്. കേന്ദ്ര നിലപാടിലുള്ള സംസ്ഥാനത്തിന്റെ ഉൽക്കണ്ഠയും ആമുഖത്തിൽ പറയുന്നു.
ഇതൊന്നും കാണാതെയാണ് മൃദുനയമെന്ന പ്രചാരണത്തിന് മിക്കമാധ്യമങ്ങളും പ്രാധാന്യം നൽകിയത്. 96 പേജുള്ള നയപ്രഖ്യാപന പ്രസംഗം പൂർണമായും ഗവർണർ വായിച്ചിരുന്നു.









0 comments