ശമ്പളം മുടങ്ങിയതിന് ഉത്തരവാദി സർക്കാറോ ?; വ്യാജ വാർത്തകളുമായി മാധ്യമങ്ങൾ

മഞ്ചേരി: മെഡിക്കൽ കോളേജിലെ താൽക്കാലിക ജീവനക്കാർക്ക് ശമ്പളം മുടങ്ങിയതിൽ സർക്കാരിനെയും മന്ത്രിയേയും പ്രതികൂട്ടിൽ നിർത്തിയുള്ള പ്രചാരണത്തിന് ശക്തി പകരുന്നതാണ് മാധ്യമങ്ങളുടെ ഇതുസംബന്ധിച്ച തെറ്റായ വാർത്തകൾ. ആശുപത്രി വികസന സമിതിയാണ് താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നത്. ഇവർക്ക് സർക്കാരല്ല, ആശുപത്രി വികസന സമിതിയാണ് വേതനം നൽകേണ്ടത്.
ജില്ലാ കലക്ടറും എംഎൽഎയും എംപിയും നഗരസഭാധ്യക്ഷയും അടങ്ങുന്നതാണ് ആശുപത്രി വികസനസമിതി. കഴിഞ്ഞ അഞ്ചുമാസമായി ഇവർ ആരുംതന്നെ ആശുപത്രിയിലേക്ക് എത്തി നോക്കിയിട്ടുപോലുമില്ല. അതുകൊണ്ടുതന്നെ ആശുപത്രി വികസന സമിതി യോഗം ചേർന്നിട്ട് അഞ്ചുമാസമായി. വികസന സമിതി യോഗവും ചേർന്നില്ല. കൃത്യമായ സമയങ്ങളിൽ യോഗം വിളിച്ചു ചേർക്കുകയും ജീവനക്കാരുടെ വേതനം നൽകുകയും ചെയേണ്ടതിന്റെ ഉത്തരവാദിത്തം എംഎൽഎക്കും ജില്ലാ കലക്ടർക്കുമുണ്ട്.
ഇക്കാര്യം മറച്ചുവെച്ചാണ് യുഡിഎഫ് ഈ വിഷയത്തിൽ സർക്കാരിനെ പ്രതികൂട്ടിൽ നിർത്താൻ നിരന്തരശ്രമം നടത്തുന്നത്. യുഡിഎഫ് നേതാക്കൾ എഴുതി നൽകിയ വാർത്താ കുറിപ്പ് അതേപടി പ്രസിദ്ധീകരിക്കുകയാണ് മനോരമയും മാതൃഭൂമിയും ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ചെയ്തത്. ജനറൽ ആശുപത്രി സംബന്ധിച്ച് യുഡിഎഫ് നടത്തിയ കള്ളത്തരം ഉദ്ഘാടന വേദിയിൽവെച്ച് രേഖകൾ സഹിതം മന്ത്രി പൊളിച്ചടക്കി. ഇതിൽ ക്ഷുഭിതരായ യുഡിഎഫ് നേതാക്കൾ ലീഗ് അനുകൂല ജീവനക്കാരുടെ സഹായത്തോടെ മന്ത്രിക്ക് മുന്നിലെത്തി ബഹളം വെക്കുകയായിരുനുന്നു.
മന്ത്രിക്ക് മുന്നിൽ യൂത്ത് കോൺഗ്രസുകാർ കരിങ്കൊടി കാട്ടിയെന്നും മാധ്യമങ്ങൾ കള്ളം പ്രചരിപ്പിച്ചു. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കരുതൽ തടവിലാക്കുകയായിരുന്നു. ഒരാളുപോലും കരിങ്കൊടി വീശാതിരുന്നിട്ടും മനോരമ മന്ത്രിക്കെതിരെ കരിങ്കൊടി കാട്ടിയെന്ന തരത്തിലാണ് വാർത്ത നൽകിയത്. തെളിവുകൾ സഹിതം വിദ്യാർഥികൾ ഉൾപ്പെടെ ചോദ്യം ചെയ്തതോടെ മാധ്യമപ്രവർത്തകരും നാണം കെട്ടു.









0 comments