രഹസ്യരേഖയല്ല, അസ്സൽ വ്യാജവാർത്ത ; മാതൃഭൂമി വാർത്ത തെറ്റിദ്ധരിപ്പിക്കുന്നത്

മാതൃഭൂമി വാർത്ത
തിരുവനന്തപുരം
സിപിഐ എം പൊളിറ്റ്ബ്യൂറോയുടെ വലിയ രഹസ്യം ചോർന്നു എന്ന നിലയിൽ ഞായറാഴ്‌ച ഒന്നാം പേജിൽ മാതൃഭൂമിപത്രം പ്രസിദ്ധീകരിച്ചത് വ്യാജവാർത്ത. വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതിനൊപ്പം സിപിഐ എമ്മിനെതിരായി നൽകിക്കൊണ്ടിരിക്കുന്ന വാർത്താപരമ്പരയിലെ മറ്റൊരു കള്ളമാണിത്. പിബി രേഖ ചോർന്ന് എതിർകക്ഷിക്ക് ലഭിക്കുകയും അത് കോടതിയിൽ ഉപയോഗിക്കുകയും ചെയ്‌തെന്നാണ് മാതൃഭൂമിയുടെ വ്യാജസൃഷ്‌ടിയിലെ കണ്ടെത്തൽ. രേഖ കോടതിയിലെത്തിയതറിഞ്ഞ് സിപിഐ എം നേതാക്കൾ ഞെട്ടിയത്രേ. ചില നേതാക്കളുടെ ബന്ധുക്കൾ ഇതിന് പിന്നിലുണ്ടെന്നും വാർത്തയിലുണ്ട്.
ഒരാൾ പിബിക്ക് അയച്ച പരാതിയാണ് മാതൃഭൂമിക്ക് പാർടി രേഖ. ഇതാകട്ടെ വളരെ നേരത്തെ പരാതിക്കാരൻ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്‌തതും. "2022-ൽ പരാതി നൽകിയകാര്യം ചെന്നൈയിൽ പാർടി കോൺഗ്രസ് നടക്കുമ്പോൾത്തന്നെ ഈ വ്യവസായി സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു’ എന്ന് മാതൃഭൂമി സമ്മതിക്കുന്നു. പരാതിക്കാരൻ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ്‌ചെയ്‌തത് അങ്ങനെ മാതൃഭൂമിക്ക് ‘രഹസ്യരേഖ’യാകുന്നു. വാർത്തയിലെ ഉള്ളടക്കത്തെ അതേ വാർത്തയിൽതന്നെ നിഷേധിക്കുന്ന അപൂർവകാഴ്‌ച.
വ്യാജവാർത്ത സൃഷ്‌ടിക്കാനുള്ള വിഭ്രമത്തിനിടയിൽ ചെന്നൈയും മധുരയും തിരിച്ചറിയാത്ത സ്ഥിതിയിലായി ലേഖകൻ. ‘ചെന്നൈയിൽ നടന്ന പാർടി കോൺഗ്രസ്’ എന്നാണ് പ്രയോഗം. പാർടി കോൺഗ്രസ് ചെന്നൈയിൽ അല്ല, മധുരയിലായിരുന്നു. തനിക്കെതിരെ വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ ഒരാൾ നൽകിയ ഹർജിയെ സിപിഐ എമ്മിനെതിരെ ഉപയോഗിക്കാനാകുമോ എന്നാണ് മാതൃഭൂമിയുടെ നോട്ടം. അനുബന്ധ പരാതിയുണ്ടെന്നും അത് പിബിക്ക് നൽകിയ പരാതിയാണെന്നുമാണ് സങ്കൽപം. ഇത്തരമൊന്ന് മാതൃഭൂമിക്ക് കണ്ടെത്താനായിട്ടില്ല.
പരാതിയെ രേഖയാക്കി കെട്ടുകഥയുണ്ടാക്കിയാൽ യുഡിഎഫും ബിജെപിയും ഏറ്റുപിടിക്കുമെന്നും പ്രചരിപ്പിക്കുമെന്നും പുകമറയുണ്ടാക്കാമെന്നുമാണ് മാതൃഭൂമി ധരിച്ചത്. പുനഃസംഘടനയുടെയും ആഭ്യന്തര പ്രശ്‌നത്തിന്റെയും ചുഴിയിൽ ബിജെപിയും കോൺഗ്രസും കലങ്ങിമറിയുകയാണ്. ബിജെപി സംസ്ഥാന പ്രസിഡന്റിനെതിരെ യുവമോർച്ചാ നേതാക്കൾ പ്രതികരിക്കുന്നുണ്ട്. ഇതൊന്നും വാർത്തയല്ലാത്ത മാതൃഭൂമി സിപിഐ എമ്മിലേക്ക് ഭൂതക്കണ്ണാടി തിരിച്ചുവച്ചിട്ടും ഒന്നും കിട്ടാതിരുന്നപ്പോഴാണ് വ്യാജവാർത്ത.
നേരത്തെ പരസ്യമാക്കിയ പരാതിയെ ‘പിബി രേഖ’ എന്ന് ആവർത്തിക്കുന്നു. തെരഞ്ഞെടുപ്പടുക്കുമ്പോൾ പ്രതിസന്ധിയിലായ വലതുപക്ഷത്തെ രക്ഷിക്കാനുള്ള അഭ്യാസമാണിത്.









0 comments