കുട്ടികള്‍ക്ക് അക്കാദമിക മാനസിക പിന്തുണയ്ക്ക് സ്കൂളില്‍ മെന്റര്‍മാര്‍ വരും ; അക്കാദമിക മാസ്റ്റര്‍ പ്ലാനിന് അംഗീകാരം

തിരുവനന്തപുരം
വിദ്യാർഥികളുടെ മാനസിക സമ്മർദ്ദം പോലെയുള്ളവ വിലയിരുത്തി പിന്തുണ നൽകാൻ സ്കൂളുകളിൽ മെന്റർമാരെ നിയമിക്കണമെന്ന് നിർദേശിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അക്കാദമിക മാസ്റ്റർ പ്ലാൻ. 20 വിദ്യാർഥികൾക്ക് ഒരു മെന്റർ ഉണ്ടാകണമെന്നാണ് നിർദേശം.
മൂല്യനിർണയം കുട്ടികളെ അറിയാനും പിന്തുണയൊരുക്കാനുമുള്ള സൂചകമാകണം. കുട്ടി പ്രതീക്ഷിച്ചതുപോലെ പ്രകടനം കാഴ്ചവച്ചില്ലെങ്കിൽ കാര്യമെന്താണെന്ന് വിലയിരുത്തി ആവശ്യമായ പരിഗണന ലഭ്യമാക്കണം. സ്കൂൾതലത്തിൽ കൗൺസലിങ് വൈദഗ്ധ്യമുള്ളവരുടെ ക്ലാസുകൾ സംഘടിപ്പിക്കണമെന്നുമുള്ള വിവിധ നിർദേശങ്ങളോടെ അക്കാദമിക മാസ്റ്റർ പ്ലാൻ അംഗീകരിച്ച് സർക്കാർ ഉത്തരവായി.
വിദ്യാർഥികളുടെ പഠനനിലവാരം മനസ്സിലാക്കി, പ്രത്യേക പരിഗണന ആവശ്യമുള്ളവർക്കു വ്യക്തിഗത മാസ്റ്റർപ്ലാൻ തയ്യാറാക്കണമെന്നും നിർദേശമുണ്ട്. ഭിന്നശേഷിക്കാരെ പരിഗണിച്ചുള്ള പ്രത്യേക പരിശീലനമുറികൾ, പഠനോപകരണങ്ങൾ എന്നിവയ്ക്കൊപ്പം നവീന സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തിയ പരിശീലനവും ആസൂത്രണം ചെയ്യും. ഇവർക്ക് തൊഴിൽപരിശീലനത്തിനും അവസരമൊരുക്കണം. ക്ലാസ്റൂം പഠനം ആസ്വാദ്യകരമാക്കാനും വിഭവലഭ്യത ഉറപ്പാക്കാനും ലൈബ്രറി, ലബോറട്ടറി, കംപ്യൂട്ടർ ലാബ്, കൈറ്റ് തുടങ്ങിയ ആധുനിക പഠനപിന്തുണാ സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനും മാസ്റ്റർപ്ലാനിൽ പദ്ധതികളുണ്ട്. പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന ഭാഷകളിലെല്ലാം ആശയവിനിമയ ശേഷി ഊന്നൽ നൽകുന്ന പ്രവർത്തനങ്ങൾ നൽകും. അധ്യയന വർഷത്തിലെ ഓരോ മാസവും ചെയ്യേണ്ട പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി കലണ്ടറും തയ്യാറാക്കി. പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ സ്കൂൾതല മോണിറ്ററിങ് സമിതി രൂപീകരിച്ച് പ്രതിമാസ അവലോകന യോഗങ്ങൾക്കുള്ള സംവിധാനവും ഏർപ്പെടുത്തും.









0 comments