മൂവാറ്റുപുഴയിൽ വൻ ലഹരിവേട്ട; 30 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ വൻ ലഹരിവേട്ട. 30 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ. പശ്ചിമബംഗാൾ മൂർഷിദാബാദ് ഗോഷ്പാറ സ്വദേശി സുഹേൽ റാണ മണ്ഡൽ (40), മൂർഷിദാബാദ് ജാലംഗി സ്വദേശി അലൻ ഗിൽ ഷെയ്ക്ക് (33), മൂർഷിദാബാദ് ജാലംഗി സ്വദേശിനി ഹസീന ഖാട്ടൂൺ (33) എന്നിവരാണ് പൊലീസ് പിടിയിലായത്.
ഒഡിഷയിൽനിന്ന് കഞ്ചാവുമായി ട്രെയിനിൽ തൃശൂരിലെത്തിയ സംഘം തുടർന്ന് ഓട്ടോറിക്ഷയിലാണ് മൂവാറ്റുപുഴയിൽ എത്തിയത്. പൊലീസ് പരിശോധനയ്ക്കിടെ 30 കിലോയോളം കഞ്ചാവാണ് പിടികൂടിയത്. 27 പൊതികളായാണ് കഞ്ചാവ് എത്തിച്ചത്. മൂവാറ്റുപുഴ സംഗമംപടി ബസ് സ്റ്റോപ്പിൽനിന്ന് റൂറൽ ജില്ലാ ഡാൻസാഫ് ടീമും മൂവാറ്റുപുഴ പൊലീസും ചേർന്നാണ് മൂന്നംഗ സംഘത്തെ പിടികൂടിയത്.
കിലോയ്‌ക്ക് 2000 രൂപയ്ക്ക് ഒഡിഷയിൽനിന്ന് വാങ്ങി 20,000 രൂപയ്‌ക്ക് ഇവിടെ കൈമാറിയശേഷം ഉടൻ തിരിച്ചുപോവുകയായിരുന്നു ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. ഇവരിൽനിന്ന് കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ചും പാെലീസ് അന്വേഷിക്കുന്നു. ജില്ലാ പാെലീസ് മേധാവി എം ഹേമലതയുടെ നേതൃത്വത്തിൽ നാർകോട്ടിക് സെൽ ഡിവൈഎസ്‌പി ജെ ഉമേഷ് കുമാർ, മൂവാറ്റുപുഴ ഡിവൈഎസ്‌പി പി എം ബൈജു, ഇൻസ്പെക്ടർ ബേസിൽ തോമസ്, ഡാൻസാഫ് ടീം എന്നിവരുൾപ്പെട്ട സംഘമാണ് ഇവരെ പിടികൂടിയത്.









0 comments