വിവാഹ തട്ടിപ്പ്: രേഷ്മയുടെ ആദ്യവിവാഹം 2014ൽ

marriage-fraud
വെബ് ഡെസ്ക്

Published on Jun 08, 2025, 09:27 PM | 2 min read

തിരുവനന്തപുരം: വിവാഹ തട്ടിപ്പ് കേസിൽ വെള്ളിയാഴ്ച ആര്യനാട് പൊലീസിന്റെ പിടിയിലായ യുവതി നടത്തിയത് 10 വിവാഹത്തട്ടിപ്പുകൾ. എറണാകുളം ഉദയംപേരൂർ മണക്കുന്നം ഇല്ലത്ത് പറമ്പിൽ കോരയത്ത് ഹൗസിൽ രേഷ്മ (30) 2014ൽ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ആദ്യ വിവാഹം നടത്തിയത്. എറണാകുളം സ്വദേശിയുമായായിരുന്നു വിവാഹം. 2017 വരെ ഇയാളോടൊപ്പം താമസിച്ചു. അതിനുശേഷം 2022നകം നാല് വിവാഹങ്ങൾ നടത്തി. 2023ൽ കുട്ടിയുണ്ടായി. 2025 ഫെബ്രുവരി 19നും മാർച്ച് ഒന്നിനും ഓരോ വിവാഹങ്ങൾ കഴിച്ചു. ഏപ്രിലിൽ തിരുമല സ്വദേശിയുമായി വിവാഹം തീരുമാനിച്ചെങ്കിലും യുവാവ് അപകടത്തിൽപ്പെട്ടതിനാൽ വിവാഹം നടന്നില്ല.


അതിനിടയിലാണ് ആര്യനാട് പഞ്ചായത്തംഗം സി ജെ അനീഷുമായും തിരുവനന്തപുരത്തുള്ള മറ്റ് രണ്ടു പേരുമായും വിവാഹം പറഞ്ഞുറപ്പിക്കുന്നത്. സംഭവത്തെക്കുറിച്ചറിഞ്ഞ് ഇവരിലൊരാൾ ആര്യനാട് സ്റ്റേഷനിലെത്തിയെങ്കിലും പരാതി നൽകാൻ തയ്യാറായില്ല. അനീഷ് നൽകിയ പരാതിയിൽ വിവാഹത്തട്ടിപ്പിനാണ് കേസെടുത്തത്.


ഓൺലൈനിൽ വിവാഹപരസ്യം നൽകിയാണ് രേഷ്മ തട്ടിപ്പ് നടത്തിയത്. പരസ്യംകണ്ട് ബന്ധപ്പെടുന്നവരോട് സിനിമക്കഥകളെ വെല്ലുന്ന കഥകൾ പറഞ്ഞ് വശത്താക്കി വിവാഹത്തിന് പിന്നാലെ പണവും മറ്റുമായി സ്ഥലംവിടുകയാണ്‌ രീതി. അനീഷ് വിവാഹപരസ്യം നൽകിയ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത ഫോൺ നമ്പരിലേക്ക് യുവതിയുടെ അമ്മയാണെന്ന് പരിചയപ്പെടുത്തി ഒരു സ്ത്രീ വിളിച്ചതാണ് തട്ടിപ്പിന് തുടക്കം. ഈ സ്ത്രീ രേഷ്മയുടെ ഫോൺ നമ്പർ കൈമാറി. തുടർന്ന് ഇവർ പരസ്പരം സംസാരിക്കുകയും കോട്ടയത്ത് ഷോപ്പിങ് മാളിൽ വച്ച് കണ്ടുമുട്ടുകയും ചെയ്തു. തന്നെ ദത്തെടുത്തതാണെന്നും വിവാഹം നടത്തുന്നതിൽ അമ്മയ്ക്ക് താൽപ്പര്യമില്ലെന്നും ഉപദ്രവിക്കാറുണ്ടെന്നും രേഷ്മ അനീഷിനെ പറഞ്ഞ് വിശ്വസിപ്പിച്ചു.


തുടർന്ന് ആര്യനാട്ടുവച്ച് വിവാഹം നടത്താമെന്ന് അനീഷ് ഉറപ്പുനൽകി. അഞ്ചിന് വൈകിട്ട് വെമ്പായത്തെത്തിയ യുവതിയെ അനീഷ് തന്നെ കൂട്ടിക്കൊണ്ടുവന്ന് സുഹൃത്തായ ഉഴമലയ്ക്കൽ പഞ്ചായത്തംഗത്തിന്റെ വീട്ടിൽ താമസിപ്പിച്ചു. വിവാഹദിവസം രാവിലെ ബ്യൂട്ടിപാർലറിൽ പോകണമെന്ന് പറഞ്ഞ് വാശിപിടിച്ചതോടെ യുവതിയുടെ പെരുമാറ്റത്തിൽ ഉഴമലയ്ക്കൽ പഞ്ചായത്തംഗത്തിന് സംശയം തോന്നി. തുടർന്ന് രേഷ്മയെ ബ്യൂട്ടിപാർലറിൽ കൊണ്ടുപോയശേഷം അനീഷിനൊപ്പം ബാഗ് പരിശോധിച്ചപ്പോൾ മുമ്പ് വിവാഹംകഴിച്ചതിന്റെ രേഖകൾ കണ്ടെടുത്തു.

ഇതേത്തുടർന്ന് അനീഷ് നൽകിയ പരാതിയിൽ കാട്ടാക്കട ഡിവൈഎസ്‌പി എൻ ഷിബു, എസ്എച്ച്ഒ വി എസ് അജീഷ്, എസ്ഐ വേണു എന്നിവരുടെ നേതൃത്വത്തിൽ രേഷ്മയെ വിവാഹമണ്ഡപത്തിൽനിന്ന്‌ അറസ്റ്റ് ചെയ്യുകയായിരുന്നു. എറണാകുളം, തൊടുപുഴ, കോട്ടയം, കൊട്ടാരക്കര, വാളകം, വൈക്കം, തിരുവനന്തപുരം എന്നിവിടങ്ങളിലുള്ളവരാണ് മുമ്പ്‌ തട്ടിപ്പിന്‌ ഇരകളായത്.




deshabhimani section

Related News

View More
0 comments
Sort by

Home