ഓണക്കാലത്ത് വിലക്കയറ്റമായിരുന്നെന്ന് പറഞ്ഞാൽ നിങ്ങളുടെ വീട്ടിലുള്ളവർ അംഗീകരിക്കുമോ? പ്രതിപക്ഷത്തോട് മന്ത്രി

മന്ത്രി ജി ആർ അനിൽ
തിരുവനന്തപുരം: ഓണക്കാലത്ത് ഉൾപ്പെടെ പൊതുവിപണിയിൽ സംസ്ഥാന സർക്കാർ ഫലപ്രദമായി ഇടപെട്ടെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ. സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന ഒന്നിലും വിലവർധനവുണ്ടായിട്ടില്ല. കഴിഞ്ഞ ഓണക്കാലത്ത് കമ്പോളത്തിലേക്ക് പോയ മാധ്യമങ്ങൾ ആളുകളുടെ പ്രതികരണം ചോദിച്ചപ്പോൾ വിലക്കയറ്റമുണ്ടെന്ന് ഒരാളും പറഞ്ഞുകണ്ടില്ല. പ്രതിപക്ഷം കാണുന്നത് സമ്പന്നരുടെയും ലാഭത്തിന്റെയും കണക്ക് മാത്രമാണ്. എന്നാൽ സർക്കാരിന്റേത് സാധാരണക്കാരെ ചേർത്തുനിർത്തുന്ന നിലപാടാണ്. യുഡിഎഫ് കാലത്ത് തകർന്നുകിടന്ന പൊതുമേഖല സ്ഥാപനങ്ങളെ സംരക്ഷിച്ചത് എൽഡിഎഫ് സർക്കാരുകളാണ്. അരി, പച്ചക്കറി, പലവ്യഞ്ജനം ഇവ ജനങ്ങൾക്ക് ന്യായവിലയ്ക്ക് ലഭ്യമാക്കാൻ സർക്കാർ ഫലപ്രദമായി ഇടപെട്ടുവെന്നും മന്ത്രി പറഞ്ഞു. വിലക്കയറ്റം ആരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ഓണത്തിന് ഒരുമണി അരിപോലും കേന്ദ്രസർക്കാർ തന്നില്ല. എന്നാൽ അത് കേട്ട് തിരിച്ചുവന്ന് വെറുതെ ഇരിക്കുകയായിരുന്നില്ല സർക്കാർ. വിപണിയിൽ 50 രൂപയിലധികം വിലയുള്ള അരി വെള്ള കാർഡുകാർക്ക് 15 കിലോയാണ് നൽകിയത്. നീല കാർഡുകാർക്ക് ലഭിക്കുന്ന അരിക്ക് പുറമെ 10 കിലോ നൽകി. ചുവന്ന കാർഡുകാർക്കും അധികമായി 5 കിലോ നൽകി. അതിന് പുറമെയാണ് സപ്ലൈകോ വഴി 20 കിലോ അരി 25 രൂപ നിരക്കിൽ കൊടുത്തത്. ഒരു കുടുംബത്തിന് 44 കിലോയോളം അരി സൗജന്യ നിരക്കിലും ന്യായവിലയ്ക്കും വാങ്ങാനുള്ള അവസരമൊരുക്കി.
22.36 ലക്ഷം ലിറ്റർ ശബരി വെളിച്ചെണ്ണയാണ് ഓണക്കാലത്ത് സപ്ലൈകോ ഔട്ട്ലൈറ്റിലൂടെ വിറ്റത്. എഎവൈ കാർഡുകാരായ ആറ് ലക്ഷം കുടുംബങ്ങൾക്ക് അരലിറ്റർ വെളിച്ചെണ്ണ സൗജന്യമായി നൽകി. 87 ശതമാനം മലയാളി കടുബംങ്ങളാണ് റേഷൻ കടയിൽനിന്ന് അരിവാങ്ങിയത്. ഇത് ചരിത്രമാണ്. എഎഐ കാർഡുകാരിൽ 99 ശതമാനവും അരി വാങ്ങി. ആ കുടുംബങ്ങളോട് പ്രതിപക്ഷം വിലക്കയറ്റിതിന്റെ കഥപറഞ്ഞാൽ വിശ്വസിക്കില്ല. എഎഐ കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങൾക്കുമായി 6.14 ലക്ഷം സൗജന്യ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. 500 ഗ്രാം മുളക് സബ്സിഡിയായി നൽകിയ സ്ഥാനത്ത് രണ്ട് കിലോ മുളകാണ് ഇത്തവണ നൽകിയത്. എല്ലാ സബ്സിഡി സാധനങ്ങളും ഇരട്ടിയായി നൽകി.
ഓണക്കാലത്ത് വിലക്കയറ്റമാണെന്ന് പറഞ്ഞാൽ നിങ്ങളുടെ കുടുംബങ്ങളിൽ പോയി പറഞ്ഞാൽ വീട്ടിലുള്ളവർ അംഗീകരിക്കുമോയെന്നും മന്ത്രി പ്രതിപക്ഷത്തോട് ചോദിച്ചു. അടിയന്തരപ്രമേയ വിഷയം അവതരിപ്പിച്ച പി സി വിഷ്ണുനാഥാണ് കുണ്ടറയിലെ ഓണച്ചന്ത ഉദ്ഘാടനം ചെയ്തത്. പറവൂരിലെ ഓണച്ചന്ത ഉദ്ഘാടനം ചെയ്തത് പ്രതിപക്ഷനേതാവാണ്. അവിടെ എവിടെയെങ്കിലും സപ്ലൈകോ ഔട്ട്ലെറ്റുകളിൽ സാധനം ഇല്ലായ്മയുടെയോ വിലക്കയറ്റത്തിന്റെയോ ഗുണമേന്മയുടെയോ പരാതി ലഭിച്ചോ? മലയാളിക്ക് അരി നിഷേധിച്ച കേന്ദ്രസർക്കാരിനെതിരെ ഒരു പ്രസ്താവന ഇറക്കാൻ പോലും പ്രതിപക്ഷം തയ്യാറായില്ലെന്നും മന്ത്രി പറഞ്ഞു.









0 comments