എല്ലാ ക്ലാസിലും 30 ശതമാനം മാർക്ക് ഉറപ്പാക്കണം

തിരുവനന്തപുരം
: എല്ലാ ക്ലാസിലും കുട്ടികൾ 30 ശതമാനത്തിൽ കൂടുതൽ മാർക്ക് എഴുത്തുപരീക്ഷയിൽ നേടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. തുടർച്ചയായ, സമഗ്ര മൂല്യനിർണയം കുട്ടികളുടെ വിലയിരുത്തലിന്റെ ഭാഗമാക്കാനും നിർദേശം നൽകി.
വാർഷിക പരീക്ഷകൾക്കുപുറമെ നിശ്ചിത ഇടവേളകളിലുള്ള മൂല്യനിർണയം തത്സമയം കുട്ടികളുടെ പഠനനില കണ്ടെത്താനും ആവശ്യമെങ്കിൽ അധിക പിന്തുണ നൽകാനും സഹായിക്കും. കുട്ടികളുടെ മാർക്ക് 30 ശതമാനമാക്കി നിജപ്പെടുത്തുകയല്ല, ശേഷിയനുസരിച്ച് ഉയർന്ന മാർക്ക് നേടുന്നുവെന്ന് ഉറപ്പാക്കലാണ് ലക്ഷ്യമെന്നും അക്കാദമിക് മാസ്റ്റർപ്ലാനുമായി ബന്ധപ്പെട്ടുള്ള മാർഗ നിർദേശത്തിൽ പറയുന്നു.
മൂല്യനിർണയരീതി കാര്യക്ഷമമാക്കി പരിഷ്‌കരിക്കണം. ഓരോ കുട്ടിയുടെയും സമഗ്ര പഠനപുരോഗതിരേഖ രക്ഷിതാക്കളെ ബോധ്യപ്പെടുത്തണം. എഴുത്തുപരീക്ഷയ്‌ക്കപ്പുറം എൽപി, യുപി ക്ലാസുകളിൽ കട്ടികളുടെ വായന, ആലാപനം, എഴുത്ത്, സർഗരചന -എന്നിങ്ങനെയുള്ള കഴിവ് മൂല്യനിർണയത്തിൽ ഉൾപ്പെടുത്തണം. ഹൈസ്‌കൂളിൽ വിഷയാടിസ്ഥാനത്തിൽ പ്രവർത്തനം രൂപീകരിക്കണം. മാസ്റ്റർ പ്ലാനിൽ ഭിന്നശേഷി വിദ്യാർഥികൾക്ക് പ്രത്യേകം ശ്രദ്ധനൽകണം
എല്ലാകുട്ടികൾക്കും മാതൃഭാഷയിൽ എഴുതാനും വായിക്കാനും കഴിയണം.
അടിസ്ഥാന ഗണിതം, ഇംഗ്ലീഷിലും ഹിന്ദിയിലും ആത്മവിശ്വാസത്തോടെ ആശയവിനിമയം എന്നിവ ഉറപ്പാക്കണം. നിർമിത ബുദ്ധി, റോബോട്ടിക്‌സ് സാധ്യത പ്രയോജനപ്പെടുത്തണം. തൊഴിൽ അവബോധം നേടാനും ഇഷ്‌ടമേഖല തിരിച്ചറിയാനും കുട്ടികളെ പ്രാപ്‌തരാക്കണം. ആരോഗ്യ, കായിക വിദ്യാഭ്യാസം ഉറപ്പാക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.









0 comments