മാർ അപ്രേം മെത്രാപ്പൊലീത്ത അന്തരിച്ചു

തൃശൂർ : ആഗോള പൗരസ്‌ത്യ കൽദായ സുറിയാനി സഭ മുൻ അധ്യക്ഷൻ മാർ അപ്രേം മെത്രാപ്പൊലീത്ത (85) അന്തരിച്ചു. ഇന്ത്യയിലെ പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ അധ്യക്ഷസ്ഥാനം ഒഴിഞ്ഞ ശേഷവും കർമരംഗത്ത് സജീവമായിരുന്നു. തിങ്കളാഴ്‌ച തൃശൂർ സൺ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ജൂബിലി മിഷൻ മെഡിക്കൽ കോളേജ് മോർച്ചറിയിൽ. സംസ്‌കാരം പിന്നീട്. അര നൂറ്റാണ്ടിലേറെക്കൊലം പൗരസ്‌ത്യ കൽദായ സഭയുടെ ഇന്ത്യയിലെ അധ്യക്ഷനായി പ്രവർത്തിച്ചു.
തൃശ്ശൂരിലെ മൂക്കൻ തറവാട്ടിൽ ദേവസിയുടെയും കൊച്ചുമറിയത്തിന്റെയും നാലാമത്തെ മകനായി 1940 ജൂൺ 13നാണ് ജനനം. ജോർജ് ഡേവിസ് മൂക്കൻ എന്നായിരുന്നു ആദ്യ പേര്. 1961 ജൂൺ 25-ന് ശെമ്മാശനായും പിന്നീട് 1965 ജൂൺ 13-ന് കശീശ്ശയായും മാർ തോമ ധർമ്മോയിൽനിന്ന് പട്ടം സ്വീകരിച്ച് വൈദികശുശ്രൂഷയിൽ പ്രവേശിച്ചു. 28-ാം വയസിൽ മാർ അപ്രേം മെത്രാപ്പോലീത്തയായപ്പോൾ അതുവരെയുള്ള ഭാരത ക്രൈസ്തവസഭാ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മെത്രാനായി.
സാംസ്കാരിക- സാഹിത്യമേഖലയിൽ വേറിട്ട മുഖം
ഇംഗ്ലീഷിലും മലയാളത്തിലുമായി ഏഴുപതിലേറെ പുസ്തകങ്ങൾ അദ്ദേഹം രചിച്ചു. യാത്രാവിവരണങ്ങൾ, ജീവചരിത്രം, ആത്മകഥ, ഫലിതം, സഭാചരിത്രം എന്നിങ്ങനെ വിവിധ മേഖലകളിൽ പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങളും രചിച്ചിട്ടുണ്ട്. ശ്രീനാരായണഗുരുവിന്റെ ദൈവദശകം സുറിയാനിയിലേക്കു പരിഭാഷപ്പെടുത്തുകയും ഷാർജയിൽ അത് വേദിയിൽ അവതരിപ്പിക്കുകയും ചെയ്‌തു.
സുറിയാനി ലിഖിതങ്ങളുടെ ശേഖരം
അത്യപൂർവവും അതിപുരാതനവുമായ നിരവധി സുറിയാനി ലിഖിതങ്ങളുടെ ഒരു വിപുലശേഖരം മാർ അപ്രേമിന് സ്വന്തമായുണ്ട്. 1585 ൽ എഴുതിയ പ്രതിദിന പ്രാർത്ഥനകളുടെ കാശ്‌കോൽ എന്ന പുസ്തകം മുതൽ മാർ തോമ ധർമോ തിരുമേനിയുടെ ഡയറി വരെയുള്ളവ ഇവയിലുൾപ്പെടുന്നു. ഈ പുസ്തകങ്ങളും രേഖകളും മാർ അപ്രേം മാനുസ്ക്രിപ്റ്റ്സ് എന്ന പേരിൽ ലോകമെമ്പാടുമുള്ള സുറിയാനി പണ്ഡിതരുടെയിടയിൽ അറിയപ്പെടുന്നു. ഈ അപൂർവ ശേഖരത്തെക്കുറിച്ചുള്ള ഒരു ഗ്രന്ഥം "Assyrian Manuscripts in India" എന്ന പേരിൽ പുറത്തിറക്കാനുള്ള ശ്രമത്തിലായിരുന്നു.









0 comments