പുരോഗമനപക്ഷത്ത് നിലയുറപ്പിച്ച വൈദിക ശ്രേഷ്‌ഠൻ

മാർ അപ്രേം മെത്രാപോലീത്തയുടെ മൃതദേഹം തൃശൂർ മാർത്ത് മറിയം വലിയപള്ളിയിൽ മാർ ഓഗിൻ കുര്യാക്കോസ് മെത്രാപോലീത്തയുടെ കാർമികത്വത്തിൽ പൊതുദർശനത്തിനായി കൊണ്ടുവരുന്നു
സി എ പ്രേമചന്ദ്രൻ
Published on Jul 08, 2025, 02:14 AM | 1 min read
തൃശൂർ
മാർ അപ്രേം മെത്രാപോലീത്ത എന്നും പുരോഗമന പക്ഷത്ത് നിലയുറപ്പിച്ച വൈദിക ശ്രേഷ്ഠനാണ്. മതനിരപേക്ഷവാദിയായ അദ്ദേഹം കേരളത്തിലെ സാംസ്കാരിക വേദികളിൽ നിറഞ്ഞുനിന്നു. സംഘപരിവാർ വർഗീയ ഭീഷണി തുറന്നുകാട്ടി സിപിഐ എം തൃശൂരിൽ നടത്തിയ സെമിനാറിൽ പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനോടൊപ്പം മാർ അപ്രേമും പ്രഭാഷകനായിരുന്നു.
കമ്യൂണിസ്റ്റുകാരോട് ഒരിക്കലും കൽദായസഭ ശത്രുത കാട്ടിയിട്ടില്ലെന്ന് മാർ അപ്രേം പലവേദികളിലും പറഞ്ഞിട്ടുണ്ട്. ‘‘ഒന്നാം ഇ എം എസ് മന്ത്രിസഭയെ അട്ടിമറിക്കാൻ നടത്തിയ വിമോചനസമരത്തിൽ പങ്കടുക്കാത്ത ഏക സഭയാണ് ഞങ്ങളുടേത്. കമ്യൂണിസ്റ്റുകാർ സമൂഹത്തിനുവേണ്ടി ചെയ്യുന്ന സേവനം ചെറുതായി കാണാനാവില്ലെന്ന് ഞാനും ഈ സഭയിലെ ബിഷപ്പായിരുന്ന അന്തരിച്ച ഡോ. പൗലോസ് മാർ പൗലോസും വളരെ മുമ്പേ തുറന്നു പറഞ്ഞിട്ടുള്ളതാണ്. ഇ എം എസ് ഞങ്ങളുടെ തൃശൂരിലെ അരമന സന്ദർശിച്ചിട്ടുണ്ട്. ഇ എം എസിന്റെ ജന്മദിനമാണ് എന്റെയും. സാമൂഹിക പ്രതിബദ്ധത എന്നിൽ സൃഷ്ടിക്കാൻ ഇ എം എസ് പ്രചോദനമായി. ഇറാഖിൽ പ്രശ്നങ്ങളുണ്ടായപ്പോൾ നായനാരോടൊപ്പം ഞാനും ഒരു യോഗത്തിൽ പ്രസംഗിച്ചു. ശ്രീനാരായണ ഗുരുവിന്റെ സമാധി ദിനത്തിലാണ് ഞാൻ ബിഷപ്പായത്. ഗുരുവിന്റെ ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം' എന്ന ആശയം ഏറെ സ്വാധീനിച്ചിട്ടുണ്ട്’’ മാർ അപ്രേം പലപ്പോഴും പറഞ്ഞ വാക്കുകളാണിത്.
ജനങ്ങൾക്കും സമൂഹ നന്മക്കുംവേണ്ടിയാകണം സഭാമേധാവികൾ നിലകൊള്ളേണ്ടത്. ജാതിയുടെയും മതത്തിന്റെയും അതിരുകളിൽ ഒതുങ്ങാത്ത അവർ സമൂഹത്തിലെ പ്രശ്നങ്ങൾക്കും കാതോർക്കണം. വർഗീയതയും ജാതീയതയും തീവ്രവാദവും നാടിനാപത്താണ്. വർഗീയതയോടൊപ്പം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സമൂഹത്തിൽ വർധിക്കുന്നു. മതനിരപേക്ഷതയാണ് നാം ഉയർത്തിപ്പിടിക്കേണ്ടത്. താനും സഭയും സ്വാർഥതയ്‌ക്കുവേണ്ടി നിലകൊണ്ടിട്ടില്ല. ഇനിയും അതു തുടരുമെന്നും അദ്ദേഹം പറയാറുണ്ട്. തൃശൂർ പൂരം ഉൾപ്പെടെയുള്ള ക്ഷേത്രാചാരങ്ങളിലും സജീവമായി പങ്കെടുത്തിരുന്നു.
വീടില്ലാത്തവർക്ക് വീട് വച്ച് നൽകുന്നതുൾപ്പെടെ പിണറായി വിജയൻ സർക്കാർ ചെയ്യുന്ന പ്രവൃത്തികൾ പ്രതീക്ഷയേകുന്നതാണെന്നും അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്.









0 comments