പണം തിരിച്ചുകിട്ടാത്തതാണ് ഭർത്താവിന്റെ മരണകാരണം; പ്രചരിപ്പിച്ചത് ഇല്ലാത്ത കഥ: ആനാട് ശശിയുടെ ഭാര്യ ലത

തിരുവനന്തപുരം: കാൻസർ അല്ല ഭർത്താവിന്റെ മരണകാരണമെന്നും സൊസൈറ്റിയിലിട്ട പണം തിരിച്ചുകിട്ടാത്തതിന്റെ ആധിയിലാണ് ഇങ്ങനൊരു കടുംകൈ ചെയ്തതെന്നും നെടുമങ്ങാട് കോൺഗ്രസ് സഹകരണ സംഘത്തിലെ നിക്ഷേപ തട്ടിപ്പിനിരയായി ആത്മഹത്യ ചെയ്ത ആനാട് ശശിയുടെ ഭാര്യ ലത.
ഇത്രയും വേദന അദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടെന്നത് അറിഞ്ഞിരുന്നില്ല. 50വർഷത്തെ സമ്പാദ്യമാണ് നിക്ഷേപിച്ചിരുന്നത്. ആയുസിന്റെ പ്രയ്‌തനമാണ് ഇല്ലാതായത്. അത് പൂർണമായും പോയി എന്നറിയുന്നത് താങ്ങാവുന്നതിലും അപ്പുറമാണ്. കോൺഗ്രസിന് വേണ്ടി ജീവിച്ചയാളായതിനാൽ അവർ പറഞ്ഞതെല്ലാം വിശ്വസിച്ചുകാണും. ഞങ്ങൾക്ക് നഷ്‌ടം മാത്രമാണ് സംഭവിച്ചത്. നെഞ്ച് പൊട്ടിയാണ് ഭർത്താവ് ആത്മഹത്യചെയ്തത്. മരിച്ചാലും വിടാതെ ഇല്ലാത്ത കഥയാണ് പലരും പ്രചരിപ്പിച്ചത്. കാൻസർ മരണമെന്ന് പ്രചരിപ്പിച്ച് ഇല്ലാത്ത രോഗം അടിച്ചേൽപ്പിച്ചു–ലത മാധ്യമങ്ങളോട് പറഞ്ഞു.
മനോരമ നെടുമങ്ങാട് ലേഖകനും പ്രാദേശിക കോൺഗ്രസ് നേതാവുമായ ശശിധരൻനായർ (ആനാട് ശശി) മുണ്ടേല രാജീവ്‌ഗാന്ധി റസിഡൻസ് വെൽഫെയർ സഹകരണസംഘത്തിലെ അഴിമതിയുടെ രക്തസാക്ഷിയാണ്. സ്വന്തം പ്രസ്ഥാനത്തിന്റെ ഭരണസമിതിയിൽ വിശ്വസിച്ച ശശി ജീവനൊടുക്കിയത് നിക്ഷേപിച്ച പണം ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന് മനസ്സിലായതോടെയാണ്. രാജീവ്‌ഗാന്ധി സഹകരണസംഘത്തിൽ 1.62 കോടി രൂപയാണ് ശശി നിക്ഷേപിച്ചിരുന്നത്. പണം തിരികെ ലഭിക്കാൻ ഉന്നത കോൺഗ്രസ് നേതാക്കളെവരെ ബന്ധപ്പെട്ടിട്ടും എല്ലാവരും കൈമലർത്തി. മാസങ്ങൾക്ക്‌മുമ്പ് കോൺഗ്രസ് നേതാവും ബാങ്ക് പ്രസിഡന്റുമായിരുന്ന എം മോഹനകുമാരൻ നായർ ജീവനൊടുക്കിയിരുന്നു.
നിക്ഷേപകരുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ 2024 സെപ്‌തംബറിലാണ് സംഘത്തിൽ 24 കോടിയുടെ അഴിമതി കണ്ടെത്തിയത്. ഇതോടെ ഭരണസമിതി പിരിച്ചുവിട്ടു. ഗ്രാമീണമേഖലയിലെ സാധാരണക്കാരായ ജനങ്ങളുടെ ചെറിയ നിക്ഷേപങ്ങൾവരെ കോൺഗ്രസ് ഭരണസമിതി തട്ടിയെടുത്തിരുന്നു.









0 comments