ഒടുവിൽ സമ്മതിച്ചു; കേരളം കടക്കെണിയിലല്ല ; സ്വന്തം വാർത്തകളെ ‘തള്ളിപ്പറഞ്ഞ്‌’ മനോരമ

manorama news
വെബ് ഡെസ്ക്

Published on Sep 26, 2025, 02:55 AM | 1 min read


തിരുവനന്തപുരം

‘കടമെടുപ്പിനെപ്പറ്റി സിഎജി: കേരളം വലിയ അപകടാവസ്ഥയിലല്ല’– കേരളം കടക്കെണിയിലെന്ന്‌ നിരന്തരം പറയുന്ന മനോരമയ്‌ക്ക്‌ ഒടുവിൽ സ്വന്തം വാർത്തയെ നിഷേധിക്കേണ്ടിവന്നു. സംസ്ഥാനങ്ങളുടെ 10 വർഷത്തെ സാന്പത്തികസ്ഥിതി അവലോകനം ചെയ്‌തുള്ള കംപ്‌ട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ട്‌ അടിസ്ഥാനമാക്കിയാണ്‌ വാർത്ത. 2023 ഡിസംബർ 14ലെ ‘കേരളത്തിന്റെ കടഭാരം അപകടകരം’ വാർത്തയിൽ ഇ‍ൗ സാന്പത്തിക വർഷത്തിന്റെ അവസാനം സംസ്ഥാനത്തിന്റെ ആകെ കടം 4.29 ലക്ഷം കോടി രൂപയാകുമെന്ന്‌ പ്രവചിച്ചിരുന്നു.


അപകടകരമായ കടഭാരപ്പട്ടികയിൽ‌ കേരളം രാജ്യത്ത് പത്താമതെത്തുമെന്ന്‌ റിസർ‌വ് ബാങ്കിന്റെ (ആർബിഐ) കണക്കുകൾ പറയുന്നതായാണ്‌ ആധികാരികമെന്നവിധം അന്ന്‌ മനോരമ വാർത്ത ചമച്ചത്‌. ഭീകരാവസ്ഥ വ്യക്തമാക്കാൻ പാന്പ്‌ ചുറ്റിയ കേരളത്തിന്റെ രേഖാചിത്രവും നൽകി. ‘കേരളത്തിന്റെ കടം ജിഎസ്ഡിപിയുടെ 36.5 ശതമാനമായി ഉയരുമെന്നാണ് വിലയിരുത്തൽ. 2023 ജനുവരിയിൽ 39.1 ശതമാനമായിരുന്നു’ എന്നും പറയുന്നു. അതായത്‌ പൊതുകടം കുറഞ്ഞുകൊണ്ടിരിക്കുന്നു എന്ന്‌ മനോരമ ഫലത്തിൽ അന്നുതന്നെ സമ്മതിച്ചു.


എന്നിട്ടും ഇ‍ൗ വർഷം ഏപ്രിൽ എട്ടിന്‌, നവകേരള മുന്നേറ്റത്തെ പരിഹസിച്ച്‌ ‘നവകേരള കടം: ആറുലക്ഷം കോടിയിലേക്ക്‌’ എന്നായിരുന്നു മനോരമ ലീഡ്‌. ‘ഒന്നാം പിണറായി സർക്കാർ വരുമ്പോൾ കടം 1.75 ലക്ഷം കോടിയായിരുന്നു. ഇപ്പോൾ ആറുലക്ഷം കോടിയിലേക്ക്‌’ എന്ന്‌ എൽഡിഎഫ്‌ ഭരണം നൽകിയത്‌ കടക്കെണി മാത്രമെന്ന ദുസ്സൂചനയും നൽകി. യുഡിഎഫിന്‌ ഒരാഴ്‌ചത്തെ പ്രചാരണത്തിനുള്ള കുറിപ്പായിരുന്നു വാർത്ത. കേരളം ശ്രീലങ്കയെപ്പോലെ പ്രതിസന്ധിയിലാകുമെന്ന്‌ യുഡിഎഫിനൊപ്പമുള്ള സാന്പത്തിക വിദഗ്‌ധർ ‘കണ്ടെത്തി’.


എന്നാൽ കേരളം പൊതുകടം കുറച്ചുകൊണ്ടുവരികയാണെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ കണക്കുസഹിതം വ്യക്തമാക്കി. അത്‌ ശരിവയ്‌ക്കുന്നതാണ്‌, സംസ്ഥാന ധനസെക്രട്ടറിമാരുടെ യോഗത്തിൽ സിഎജി കഴിഞ്ഞദിവസം പുറത്തുവിട്ട റിപ്പോർട്ട്‌. ഇതാണ്‌ ‘കേരളം അപകടാവസ്ഥയിലല്ല’ എന്ന്‌ മനോരമ ഉൾപ്പേജിൽ രണ്ടു കോളത്തിലൊതുക്കിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Home