ശബരിപാത: പദ്ധതിച്ചെലവിന്റെ പകുതി കേരളം വഹിക്കും , മനോരമ വാർത്ത അവാസ്‌തവം

തിരുവനന്തപുരം
ശബരി പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ ചെലവിന്റെ പകുതി കേന്ദ്രം വഹിക്കണമെന്ന പുതിയ നിർദേശം വയ്ക്കാന്‍ കേരളം തയ്യാറെടുക്കുന്നതായ മനോരമ വാർത്ത അവാസ്‌തവവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ നിലപാടിൽ ഒരു മലക്കം മറിച്ചിലുമില്ല. പദ്ധതിക്കുവേണ്ടി മുടക്കുന്ന 50 ശതമാനം സംസ്ഥാനവിഹിതം സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽനിന്ന് ഒഴിവാക്കണമെന്ന നിർദ്ദേശംമാത്രമേ മുന്നോട്ടുവച്ചിട്ടുള്ളൂ. കേന്ദ്രം അനുഭാവപൂർവം പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇരുപത്തഞ്ച് വർഷത്തിലേറെയായി മുടങ്ങിക്കിടന്ന പദ്ധതി പുനരാരംഭിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രിയുമായി ജൂൺ മൂന്നിന് മുഖ്യമന്ത്രി ചർച്ച നടത്തിയിരുന്നു. ഭൂമി ഏറ്റെടുക്കലും മറ്റും ചർച്ചചെയ്യാൻ റെയിൽവേ ചുമതലയുള്ള സംസ്ഥാന മന്ത്രി വി അബ്ദുറഹിമാൻ ജൂലൈ 11ന് യോഗം വിളിച്ചു. ഭൂമിയേറ്റെടുക്കൽ യൂണിറ്റുകൾ പുനഃസ്ഥാപിക്കാനും പുതുക്കിയ അലൈൻമെന്റ് അന്തിമമാക്കാനും എറണാകുളം, ഇടുക്കി, കോട്ടയം കലക്ടർമാരോട് ആഗസ്‌ത് 21ന് രേഖാമൂലം നിർദേശിച്ചു.
സംസ്ഥാന സർക്കാർ പങ്കിടാമെന്നേറ്റ പദ്ധതി അടങ്കലിന്റെ 50 ശതമാനം തുകയിൽനിന്ന് പണം കണ്ടെത്തി ഭൂമി ഏറ്റെടുക്കൽ ആരംഭിക്കുന്ന മുറയ്‌ക്ക് പ്രവർത്തനങ്ങൾ പുനരാരംഭിക്കാമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. റെയിൽവേ ബോർഡ് ചീഫ് സെക്രട്ടറിക്കയച്ച കത്തിലും ഇത് വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ ഉറപ്പിന്റെകൂടി അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുക്കൽ പുനരാരംഭിക്കാൻ കലക്ടർമാരോട് നിർദേശിച്ചത്.
പുതുക്കിയ എസ്റ്റിമേറ്റ് അനുസരിച്ച് 3,810 കോടി രൂപയുടെ 50 ശതമാനമായ 1,905 കോടിയാണ് സംസ്ഥാനം വഹിക്കേണ്ടത്. ഇതിൽനിന്ന് തുക കണ്ടെത്തി ഭൂമി ഏറ്റെടുക്കൽ നടപടി ആരംഭിക്കുന്നതിന് നിലവിൽ തടസ്സമില്ല. കലക്ടർമാർ ഭൂമി ഏറ്റെടുക്കൽ നടപടി ആരംഭിക്കുന്ന മുറയ്‌ക്ക് അക്കാര്യം കേന്ദ്ര റെയിൽവേ മന്ത്രാലയത്തെ അറിയിച്ച് പദ്ധതി പുനരുജ്ജീവിപ്പിക്കാനും സമയബന്ധിതമായി പൂർത്തിയാക്കാനും കഴിയുമെന്നാണ് സംസ്ഥാന സർക്കാരിന്റെ പ്രതീക്ഷ. ചെലവാകുന്ന തുകയുടെ പകുതി കേരളം വഹിക്കുമെന്ന മുൻനിലപാടിൽ ഒരു മാറ്റവും ഉദ്ദേശിക്കുന്നില്ലെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു.









0 comments