ഇന്റർനെറ്റ് മൗലിക അവകാശമായി പ്രഖ്യാപിച്ച ഏക സംസ്ഥാനമാണ് കേരളം
രാജ്യം മാതൃകയാക്കും ; മനോരമ അപഹസിക്കും

തിരുവനന്തപുരം
യുഡിഎഫ് അനുകൂല പത്രം എന്തെല്ലാം കോലിട്ടിളക്കിയാലും എല്ലാവർക്കും ഇന്റർനെറ്റെന്ന സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം യാഥാർഥ്യമാക്കാൻ പരിശ്രമിക്കുന്ന കെഫോൺ പദ്ധതിയെ തകർക്കാനാകില്ല. ഇന്റർനെറ്റ് മൗലിക അവകാശമായി പ്രഖ്യാപിച്ച രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. ദേശീയതലത്തിൽ ഇന്റർനെറ്റ് നൽകാനുള്ള ‘ഐഎസ്‌പി എ’ ലൈസൻസ് ഇതിനകം കെഫോൺ നേടിക്കഴിഞ്ഞു. വാല്യൂ ആഡഡ് സർവീസടക്കം നൽകാനുള്ള തയ്യാറെടുപ്പും അവസാനഘട്ടത്തിലാണ്.
ഇത് മനസ്സിലാക്കി തെലങ്കാന, സിക്കിം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ കേരളത്തിലെത്തി ഇതേക്കുറിച്ച് പഠിച്ചിരുന്നു. ഇന്റർനെറ്റിന്റെ പരിധിയിൽനിന്ന് മാറ്റിനിർത്തപ്പെട്ടിരുന്ന പാലക്കാട് അട്ടപ്പാടി, തിരുവനന്തപുരം കോട്ടൂർ, വയനാട് പന്തലാടിക്കുന്ന് തുടങ്ങിയ ആദിവാസി ഉന്നതികളിലും പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ മലയോര മേഖലകളിലും കെ ഫോൺ ഇന്റർനെറ്റ് എത്തിച്ചു. ഇവിടങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സാമൂഹിക പഠനമുറികളിൽ ഇന്റർനെറ്റ് സേവനം ഒരുക്കി. വാഹന ഗതാഗതംപോലും അസാധ്യമായ എറണാകുളം ജില്ലയിലെ വളന്തക്കാട് ദ്വീപിലും കണക്‌ഷൻ നൽകി.
ഒന്നര വർഷമായി സെക്രട്ടറിയറ്റിലെ എല്ലാ ഓഫീസും 2024 ജൂൺ മുതൽ നിയമസഭയിലും കെഫോണാണ് ഉപയോഗിക്കുന്നത്. വിവിധ സർക്കാർ ഓഫീസ്, എൻഎച്ച്എം, ടെക്‌നോപാർക്ക്, സ്റ്റാർട്ട് അപ്പ് മിഷൻ, കലക്ടറേറ്റുകൾ, തിരുവനന്തപുരം നഗരസഭയും സോണൽ ഓഫീസുകളും, കോഴിക്കോട് കോർപ്പറേഷൻ, ഐസിടി അക്കാദമി, അനർട്ട്, ഐകെഎം, സാങ്കേതിക സർവകലാശാല, കിഫ്ബി, കെഎസ്ആർടിസി, കെഎസ്ഐഡിസി, ഐടി മിഷൻ, സ്റ്റേറ്റ് ഡേറ്റ സെന്റർ, സ്പെയ്സ് പാർക്ക്, ഐസിഎഫ്ഒഎസ്, കെഎസ്ഐടിഎൽ, ഡയറക്ടറേറ്റ് ഓഫ് എൻസിസി, സി- ഡിറ്റ് തുടങ്ങിയ സ്ഥാപനങ്ങളും ഒരു പരാതിയുമില്ലാതെ കെഫോൺ ഉപയോഗിക്കുന്നു.
ഇത്തരത്തിലൊരു പദ്ധതിയെയാണ് വ്യജവാർത്താ നിർമിതിയിലൂടെ യുഡിഎഫ് പത്രം അപഹസിക്കാൻ ശ്രമിക്കുന്നത്.









0 comments