റാപിഡ് റെയില്‍ : സഹകരിക്കാമെന്ന് മനോഹര്‍ലാല്‍ ഖട്ടര്‍

കൊച്ചി
അതിവേഗ റെയില്‍ ഗതാഗത സംവിധാനമായ റീജണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം (ആർആർടിഎസ്) നടപ്പാക്കാൻ കേരളം വിശദ പദ്ധതിരേഖ (ഡിപിആർ) സമര്‍പ്പിച്ചാല്‍ കേന്ദ്രം സഹകരിക്കുമെന്ന് കേന്ദ്ര നഗരകാര്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ പറഞ്ഞു. മുഖ്യമന്ത്രി ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. വികസനകാര്യങ്ങളിൽ കേന്ദ്ര, സംസ്ഥാന, തദ്ദേശസ്ഥാപനങ്ങൾ കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള അർബൻ കോൺക്ലേവ് ഉദ്‌ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു ഖട്ടർ.
കേരള അർബൻ കോൺക്ലേവ് രാജ്യത്തെ മറ്റു നഗരങ്ങൾക്ക് വഴികാട്ടിയാണെന്നും ഇതിന് മുൻകൈയെടുത്ത മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ലോകത്തെ ഏറ്റവും നീളംകൂടിയ ലീനിയര്‍ സിറ്റിയായി മാറാന്‍ സാധ്യതയുള്ള സംസ്ഥാനമാണ് കേരളം. കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ 95 ശതമാനം നഗരവൽക്കരണം പൂര്‍ത്തിയാകും. സമീപഭാവിയില്‍ രാജ്യത്തെ ഏറ്റവും നഗരവൽക്കരണം കൈവരിച്ച സംസ്ഥാനമായി മാറും.
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പാക്കുകയാണ്. കേരളം എത്രയുംവേഗം ധാരണപത്രം ഒപ്പിടണം. നഗരവികസനം ഭരണഘടനാപരമായ ഉത്തരവാദിത്വംകൂടിയാണ്. കേന്ദ്ര–സംസ്ഥാന സർക്കാരുകൾ അതിന് പൂർണമായ സംഭാവന ചെയ്യണം. നഗരങ്ങളുടെ വികസനത്തിനായി ഒരുലക്ഷം കോടിയുടെ അർബൻ ചലഞ്ച് ഫണ്ട് രൂപീകരിച്ചിട്ടുണ്ട്. ഇത് നഗരങ്ങളെ സാന്പത്തിക കേന്ദ്രമാക്കാൻ സഹായിക്കും. രാജ്യത്തെ അഞ്ച് നഗരങ്ങളിൽക്കൂടി മെട്രോ ആരംഭിക്കും. മെട്രോ ദൂരദൈർഘ്യത്തിൽ ഇന്ത്യ ലോകത്ത് മൂന്നാംസ്ഥാനത്താണ്. രണ്ടാംസ്ഥാനത്തുള്ള യുഎസിനെ മൂന്ന് വർഷത്തിനുള്ളിൽ മറികടക്കും. കൊച്ചി മെട്രോയും ജലമെട്രോയും മികച്ച പ്രവർത്തനമാണ് നടത്തുന്നത്. വിവിധ സംസ്ഥാനങ്ങൾക്കായി 10,000 ബസുകൾ ഓർഡർ ചെയ്‌തിട്ടുണ്ട്.









0 comments