എം എസ് വിശ്വനാഥൻ പറഞ്ഞു: അയ്യോ എനിക്ക് പറ്റില്ല

കൊച്ചി : ‘അയലത്തെ സുന്ദരി’യിലെ ഗാനങ്ങൾ ഹിറ്റായിനിൽക്കുന്ന സമയം. അടുത്ത ഗാനങ്ങൾ ഒരുക്കുന്നത് എം എസ് വിശ്വനാഥനായിരിക്കണമെന്ന് മങ്കൊമ്പിന്റെ ആഗ്രഹം. ആ ഘട്ടത്തിലാണ് ‘ബാബുമോൻ’ എന്ന ചിത്രത്തിന്റെ ചർച്ച തുടങ്ങിയത്. സംഗീതസംവിധായകനായി ഹരിഹരൻ നിർദേശിച്ചത് എം എസ് വിശ്വനാഥനെ. മങ്കൊമ്പിന് സന്തോഷമായി.
ഇരുവരും അദ്ദേഹത്തെ പോയി കണ്ടു. ഗാനം ചെയ്യാമെന്ന് എം എസ് വിശ്വനാഥൻ സമ്മതിച്ചു. തുടർന്ന് പാട്ടെഴുതിനൽകിയപ്പോൾ ‘അയ്യോ എനിക്ക് പറ്റില്ല’ എന്ന് എം എസ് വിശ്വനാഥൻ പറഞ്ഞത് കേട്ട് മങ്കൊമ്പ് ഞെട്ടി. പാട്ട് മോശമായോ എന്ന് ചിന്തിച്ചു. എന്നാൽ, ആശങ്കയ്‌ക്ക് അൽപ്പായുസ്സായിരുന്നു. വലിയ അക്ഷരത്തിൽ എഴുതണമെന്ന് എം എസ് വിശ്വനാഥൻ ആവശ്യപ്പെട്ടപ്പോഴാണ് പറ്റില്ലെന്ന് പറഞ്ഞതിനുപിന്നിൽ എന്താണെന്ന് മങ്കൊമ്പിന് മനസ്സിലായത്. അതേത്തുടർന്നാണ് പാട്ടുകൾ വലിയ അക്ഷരത്തിൽ എഴുതാനാരംഭിച്ചതെന്നും മങ്കൊമ്പ് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഇരുവരും ആദ്യം ഒത്തുചേർന്ന ആദ്യചിത്രത്തിലെ ഗാനങ്ങൾ ഹിറ്റായി. ‘നാടൻപാട്ടിന്റെ മടിശീല’ ഉൾപ്പെടെയുള്ള ഗാനങ്ങൾ ‘ബാബുമോനി’ലേതാണ്. തുടർന്നും നിരവധി മികച്ച ഗാനങ്ങൾ എം എസ് വിശ്വനാഥനൊപ്പം ചേർന്ന് മങ്കൊമ്പ് മലയാളികൾക്ക് സമ്മാനിച്ചു. സംഗീതജീവിതത്തിൽ ഏറ്റവും കടപ്പെട്ടിരിക്കുന്നത് എം എസ് വിശ്വനാഥനോടും ഹരിഹരനോടുമാണെന്ന് മങ്കൊമ്പ് പറയുമായിരുന്നു.









0 comments