പൃഥ്വിരാജിനെ കല്ലെറിയുന്നത് എന്തിനെന്ന് മല്ലികാ സുകുമാരൻ

mallika sukumaran
വെബ് ഡെസ്ക്

Published on Mar 31, 2025, 12:51 PM | 1 min read

കൊച്ചി: എമ്പുരാൻ വിവാദത്തിൽ പൃഥിരാജിനെ കല്ലെറിയുന്നത് എന്തിനെന്ന് മാതാവ് മല്ലിക സുകുമാരന്‍. തിരക്കഥ എല്ലാവരും കണ്ടതാണ്. സീന്‍ നമ്പര്‍ ഒന്ന് മുതല്‍ പല ആവര്‍ത്തി വായിച്ചതിന് ശേഷമാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയത്.

ഒരു സംഘടനയുടേയും സംഘത്തിന്റേയും പേര് പറഞ്ഞ് പേടിപ്പിക്കേണ്ടതില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആരുമില്ലാത്ത അനാഥാവസ്ഥയിലാണ് മല്ലികാസുകുമാരനും കുടുംബവുമെന്ന് ആരും ധരിക്കരുത്. ഇപ്പോഴത്തെ ഈ പ്രകമ്പനം കൊള്ളിക്കുന്ന രീതിയില്‍ സംസാരിക്കുന്ന ചെറുപ്പക്കാരുടെ നേതാക്കന്മാരുടെ നേതാക്കന്മാര്‍ ജീവിച്ചിരുന്ന കാലത്ത് ഈ ഭൂമിയിലുള്ളതാണ് മല്ലികാ സുകുമാരന്‍. അതുകൊണ്ട് തന്നെ കാര്യങ്ങള്‍ പറയുമ്പോള്‍ പഠിച്ച് സംസാരിക്കണമെന്നും അവർ പറഞ്ഞു.


പൃഥിരാജിന് ആരെയെങ്കിലും ചതിക്കുന്നതിന്റെയോ ഒരു പ്രസ്ഥാനത്തില്‍നിന്നോ രാഷ്ട്രീയ പാര്‍ട്ടിയില്‍നിന്നോ ഒരു പൈസ വാങ്ങേണ്ടതിന്റെയോ ആവശ്യമില്ല. അങ്ങനെ ഒന്നും ഞങ്ങളെ ആരും പേടിപ്പിക്കണ്ട.

mallika prithvi

പൃഥിരാജിനെതിരായ ആരോപണമല്ല, ഇതെല്ലാം പറയാന്‍ ആരോ പണം കൊടുത്തിരിക്കുകയാണ്. എമ്പുരാന്റെ ഫിലിം മേക്കര്‍ പൃഥിരാജല്ല. ഫിലിം മേക്ക് ചെയ്യണമെന്ന് പറഞ്ഞ് കാശുള്ളവര്‍ പൃഥിരാജിനെ വിളിച്ചു. സംവിധാനം ചെയ്യണം, ലൂസിഫറിന്റെ രണ്ടാംഭാഗം എടുക്കണമെന്ന് പറഞ്ഞപ്പോള്‍ കിട്ടിയ വലിയ അവസരം പരമാവധി വിനിയോ​ഗിച്ചു. തിരക്കഥ എഴുതിയയാളും പണം മുടക്കുന്നയാളും പ്രധാനനടനായ മോഹന്‍ലാലുമായും എത്രയോ ആഴ്ചകള്‍ ചര്‍ച്ച ചെയ്താണ് തീരുമാനം എടുത്തത്.


മേജര്‍ രവിയുടെ പോസ്റ്റ് കണ്ടപ്പോള്‍ വല്ലാത്ത വിഷമം തോന്നിയെന്നും അതിനാലാണ് പ്രതികരിച്ചതെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു. മോഹന്‍ലാല്‍ ഒരു പോസ്റ്റിട്ടാല്‍ ഒരു സംവിധായകന്‍ എന്ന നിലയില്‍ അത് ഷെയര്‍ ചെയ്യേണ്ടത് ഒരു മര്യാദയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


ഫെയ്‌സ്ബുക്ക് പോസ്റ്റ് കണ്ടുവെന്ന് പറഞ്ഞ് മെഗാസ്റ്റാര്‍ മമ്മൂട്ടി മെസേജ് ചെയ്തപ്പോള്‍ വലിയ സന്തോഷം തോന്നി. വിശ്രമവേളയിലും പിന്തുണ അറിയിച്ച് മമ്മൂട്ടി മെസേജ് ഇട്ടത് ജീവിതത്തില്‍ മറക്കില്ല. പെരുന്നാളായിട്ട് മക്കളും കൊച്ചുമക്കളുമായി ഇരിക്കുന്നതിനിടയിലും മനുഷ്യത്വപരമായി ചിന്തിക്കാന്‍ ആ മനുഷ്യന് തോന്നി. മറ്റാര്‍ക്കും അത് തോന്നിയില്ലെന്നും മറ്റാരും മെസേജ് അയച്ചില്ലെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു



deshabhimani section

Related News

View More
0 comments
Sort by

Home