ശേഖരിച്ചത്‌ 2.15 ലക്ഷം ടൺ മാലിന്യം , അജൈവ വസ്തുക്കൾ ശേഖരിച്ചതിന്‌ ഹരിതകർമസേനയ്‌ക്ക്‌ 
 ക്ലീൻ കേരള കന്പനി നൽകിയത്‌ 33 കോടി

print edition വികേന്ദ്രീകൃത മാലിന്യസംസ്കരണം ; ഒഴിവാക്കിയത്‌ 
വൻ വായുമലിനീകരണം

Malinya Muktham Nava Keralam kerala model waste management
avatar
ബിജോ ടോമി

Published on Nov 07, 2025, 03:16 AM | 1 min read


തിരുവനന്തപുരം

സംസ്ഥാനത്തെ വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ മാതൃകയിലൂടെ തടയാനായത്‌ മനുഷ്യജീവന്‌ വൻ വിപത്താകുന്ന വായുമലിനീകരണവും. മാലിന്യം കത്തിക്കുന്നത്‌ വഴി അന്തരീക്ഷത്തിൽ നിറയേണ്ട 2.80 ലക്ഷം ടൺ കാർബർ ഡൈഓക്‌സൈഡാണ്‌ അഞ്ചര വർഷംകൊണ്ട്‌ ഒഴിവാക്കിയത്‌. 2020– 21 സാമ്പത്തിക വർഷംമുതൽ കഴിഞ്ഞ ഒക്‌ടോബർ വരെ തദ്ദേശ വകുപ്പിന്‌ കീഴിലുള്ള ക്ലീൻ കേരള കമ്പനി 2,15,724.5 ടൺ മാലിന്യമാണ്‌ ശേഖരിച്ചത്‌.


ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) മാർഗനിർദേശ പ്രകാരം ഒരു ടൺ പ്ലാസ്റ്റിക് കലർന്ന മാലിന്യം കത്തിച്ചാൽ ഏകദേശം 1.3 ടൺ കാർബൺ ഡൈഓക്‌സൈഡ്‌ പുറന്തള്ളപ്പെടും എന്നാണ്‌ കണക്ക്‌. അങ്ങനെ നോക്കിയാൽ വൻ അപകടത്തിൽനിന്നാണ്‌ നാം രക്ഷപ്പെട്ടത്‌. ഡൽഹിയിലടക്കം വായുമലിനീകരണംകൊണ്ട്‌ ജനങ്ങൾ ശ്വാസകോശസംബന്ധമായ രോഗങ്ങളാൽ വലയുന്പോഴാണ്‌ കേരളത്തിന്റെ പ്രകൃതി സ‍ൗഹൃദനീക്കം.


മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിലൂടെ സംസ്ഥാനത്ത്‌ പാഴ്‌വസ്‌തു ശേഖരണത്തിൽ വലിയ വർധന ഉണ്ടായതായി ക്ലീൻ കേരള എംഡി ജി കെ സുരേഷ്‌കുമാർ പറഞ്ഞു. 2024–25 സാമ്പത്തിക വർഷം 61,681 ടൺ മാലിന്യവും ഇ‍ൗ വർഷം ഒക്‌ടോബർ വരെ 42,997 ടൺ മാലിന്യവും നീക്കി. ഹരിതകർമ സേനയാണ്‌ ഇത്‌ ചെയ്യുന്നത്‌.


പുനരുപയോഗിക്കാവുന്ന അജൈവവസ്‌തുക്കൾക്ക്‌ ക്ലീൻ കേരള തുക ഹരിതകർമസേനക്ക്‌ നൽകും. 33 കോടി രൂപയാണ്‌ 37,183 ഹരിത കർമ സേനാംഗങ്ങളുടെ അക്ക‍ൗണ്ടിൽ എത്തിയത്‌. പുനരുപയോഗിക്കാനാകാത്തവ സിമന്റ്‌ കമ്പനികൾക്ക്‌ നൽകും. ഇത്‌ സംസ്ഥാനത്തുതന്നെ സംസ്‌കരിക്കാൻ നടപടി പുരോഗമിക്കുന്നു.


100 ടൺ സാനിട്ടറി മാലിന്യം കൈകാര്യം ചെയ്യാനാകുന്ന പ്ലാന്റും വരുന്നു. മാലിന്യത്തിൽനിന്ന്‌ ഊർജം ഉൽപ്പാദിപ്പിക്കാനാകുന്ന 500 ടൺ സംസ്‌കരണ ശേഷിയുള്ള വേസ്റ്റ് ടു എനർജി പ്ലാന്റ് നിർമിക്കാൻ പ്രാരംഭ നടപടി പൂർത്തിയായി.



deshabhimani section

Related News

View More
0 comments
Sort by

Home