ഡെറാഡൂണിൽ മലയാളി ജവാൻ നീന്തൽകുളത്തിൽ മരിച്ച നിലയിൽ

ഡെറാഡൂൺ: ഡെറാഡൂണിൽ മലയാളി ജവാൻ മരിച്ച നിലയിൽ. തിരുവനന്തപുരം സ്വദേശി ബാലു(33) ആണ് മരിച്ചത്. നീന്തൽ പരിശീലനത്തിനിടയാണ് മരണം. അസ്വാഭാവിക മരണത്തിൽ അന്വേഷണം ആരംഭിച്ചു.
ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലാണ് ജവാനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അക്കാദമിയിലെ നീന്തൽകുളത്തിൽ ബാലുവിനെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ലെഫ്റ്റനന്റ് പദവിയ്ക്കായുള്ള ഫിസിക്കൽ പരിശീലനത്തിനായാണ് നാലുമാസം മുമ്പ് ബാലു ഡെറാഡൂണിൽ എത്തിയത്. 12 വർഷമായി ജവാനായി സേവനമനുഷ്ഠിക്കുന്ന ബാലു ജയ്പൂരിൽ ഹവിൽദാർ ആയിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് നീന്തൽ കുളത്തിൽ ബ്രീത്തിങ് എക്‌സസൈസിനിടെയാണ് അപകടം എന്നാണ് നിഗമനം. പരിശീലനം കഴിഞ്ഞ് എല്ലാവരും നീന്തൽകുളത്തിൽനിന്ന് മടങ്ങിയിരുന്നു. എന്നാൽ ഏറെനേരം കഴിഞ്ഞിട്ടും ബാലുവിനെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.









0 comments