മലയാളി വിദ്യാർത്ഥികൾ നാട്ടിലേക്ക് പുറപ്പെട്ടു; ടിക്കറ്റ് ഉറപ്പാക്കിയത് സംസ്ഥാന സർക്കാറിൻ്റെ സമയോചിത ഇടപെടലിൽ

ന്യൂഡല്‍ഹി: ഇന്ത്യ–പാകിസ്ഥൻ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തി സംസ്ഥാനങ്ങളിൽ നിന്നും കേരള ഹൗസിലെത്തിയ നൂറോളം മലയാളി വിദ്യാർത്ഥികൾ നാട്ടിലേക്ക് പുറപ്പെട്ടു. കേരള എക്‌സ്പ്രസ്, ദുരന്തോ എക്‌സ്പ്രസ് എന്നീ ട്രെയിനുകളിലായാണ് വിദ്യാർഥികൾ യാത്ര തുടങ്ങിയത്. ബാക്കിയുള്ള വിദ്യാർഥികൾ വിവിധ വിമാനങ്ങളിലായി പുലർച്ചെയും പകലുമായി നാട്ടിലേക്ക് മടങ്ങും.
ഡല്‍ഹിയിലെ കേരള ഹൗസ് മുഖേന മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ ഇടപെടലുകള്‍ വഴിയാണ് എൺപതോളം വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകൾ ട്രെയിൻ പുറപ്പെടുന്നതിന് മുമ്പ് ഉറപ്പാക്കാനായത്. അതിര്‍ത്തി സംസ്ഥാനങ്ങളിലെ യൂണിവേഴ്‌സിറ്റികളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായം നൽകാൻ കേരള ഹൗസില്‍ സൗകര്യമൊരുക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയിരുന്നു.
ജമ്മുകാശ്മീര്‍, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ കേന്ദ്ര- സംസ്ഥാന യൂണിവേഴ്‌സിറ്റികളില്‍ നിന്നായി ഇന്നലെയും ഇന്നുമായി നൂറിലധികം വിദ്യാര്‍ത്ഥികളാണ് കേരള ഹൗസിലെത്തിയത്. ന്യൂഡല്‍ഹി കേരള ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുമായി വെടിനിർത്തൽ പ്രഖ്യാപനം എത്തുന്നത് വരെ 356 പേര്‍ ബന്ധപ്പെട്ടു.









0 comments