സർവത്ര മലയാളം ; ഭാഷാബില്ലുമായി സംസ്ഥാന സർക്കാർ

malayalam language bill
വെബ് ഡെസ്ക്

Published on Oct 07, 2025, 02:30 AM | 1 min read


തിരുവനന്തപുരം

സർക്കാർ ഉത്തരവുകളും ജില്ലാകോടതിവരെയുള്ള വിധിന്യായങ്ങളും മലയാളത്തിലാക്കാൻ വ്യവസ്ഥ ചെയ്യുന്ന മലയാളം ഭാഷാബില്ലുമായി സംസ്ഥാന സർക്കാർ. ന്യൂനതകൾ പരിഹരിച്ച്‌ അവതരിപ്പിച്ച ബിൽ നിയമസഭ സബ്‌ജക്ട്‌ കമ്മിറ്റിക്ക്‌ വിട്ടു. എല്ലാ ഒ‍ൗദ്യോഗികാവശ്യങ്ങൾക്കും മലയാളം ഉപയോഗിക്കാനും സമസ്‌തമേഖലകളിലും നടപ്പാക്കാനും ബിൽ ലക്ഷ്യമിടുന്നു. ഭാഷയുടെ വളർച്ച, പരിപോഷണം, പരിപാലനം എന്നിവ ഉറപ്പുവരുത്തുന്നതിനൊപ്പം ന്യൂനപക്ഷ ഭാഷാവിഭാഗങ്ങളുടെ അവകാശവും സംരക്ഷിക്കും.


ബിൽ നിയമമാകുന്നതോടെ നിലവിലുള്ള ഉദ്യോഗസ്ഥഭരണപരിഷ്‌കാര (ഒ‍ൗദ്യോഗികഭാഷ) വകുപ്പിനെ മലയാള ഭാഷാവികസന വകുപ്പാക്കി മാറ്റും. വിവിധ വകുപ്പുകളിൽനിന്നുള്ള ഉദ്യോഗസ്ഥരെ പുനർവിന്യസിച്ച്‌ മലയാള ഭാഷാവികസന ഡയറക്ടറേറ്റുണ്ടാക്കും. നിയമസഭയിൽ അവതരിപ്പിക്കുന്ന ബില്ലുകൾ, പാസാക്കുന്ന നിയമങ്ങൾ, സർക്കാർ ഓർഡിനൻസുകൾ, ഭരണഘടനാപ്രകാരമോ പാർലമെന്റോ നിയമസഭയോ ഉണ്ടാക്കിയ ഏതെങ്കിലും നിയമപ്രകാരമോ സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ, ചട്ടങ്ങൾ, റെഗുലേഷനുകൾ, ബൈലോകൾ എന്നിവയിൽ ഉപയോഗിക്കേണ്ട ഭാഷ മലയാളമായിരിക്കും. ആവശ്യമെങ്കിൽ ഇംഗ്ലീഷ്‌ പരിഭാഷകൂടി പ്രസിദ്ധീകരിക്കും.


കേന്ദ്രസംസ്ഥാന നിയമങ്ങളും ഭേദഗതികളും നിശ്‌ചിതകാലയളവിനകം മലയാളത്തിലാക്കും. കേന്ദ്രസർക്കാർ, കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ, ഇതര രാജ്യങ്ങൾ, ഇതര സംസ്ഥാനങ്ങൾ, ഹൈക്കോടതി, സുപ്രീംകോടതി എന്നിവയുമായുള്ള കത്തിടപാടുകൾക്കായി ഇംഗ്ലീഷ്‌ ഉപയോഗിക്കും. തമിഴ്‌, കന്നഡ എന്നിവ ഒഴിച്ചുള്ള ഭാഷക്കാരുമായുള്ള കത്തിടപാടുകൾക്കും ഇംഗ്ലീഷ്‌ ഉപയോഗിക്കും.


പ്രധാന നേട്ടങ്ങൾ


•സർക്കാർ, എയ്‌ഡഡ്‌ സ്‌കൂളുകളിൽ പത്താംക്ലാസ്‌ വരെ മലയാളം നിർബന്ധമാക്കും

• മറ്റ്‌ ഭാഷ മാതൃഭാഷയായ വിദ്യാർഥികൾക്ക്‌ മലയാളവും പഠിക്കാൻ സ‍ൗകര്യമൊരുക്കും

•ഏകീകൃത ലിപി വിന്യാസം നടപ്പാക്കും

•ഭാഷാ ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട ഉത്തരവുകൾ അവരുടെ മാതൃഭാഷയിലോ ഇംഗ്ലീഷിലോ ലഭ്യമാക്കും

•തദ്ദേശ, സഹകരണ, പൊതുമേഖലാ സ്ഥാപനങ്ങളുടെ പേര്‌, ഉദ്യോഗസ്ഥരുടെ പേര്‌, ഉദ്യോഗപ്പേര്‌ എന്നിവ ബോർഡുകളിലും വാഹനങ്ങളിലും മലയാളത്തിലും ഇംഗ്ലീഷിലും രേഖപ്പെടുത്തും

• സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന വാണിജ്യ, വ്യവസായ, വ്യാപാരസ്ഥാപനങ്ങൾ, ട്രസ്‌റ്റുകൾ, ക‍ൗൺസലിങ്‌ സെന്ററുകൾ,ആശുപത്രികൾ, ലാബുകൾ, വിനോദ കേന്ദ്രങ്ങൾ, ഹോട്ടലുകൾ തുടങ്ങിയവയുടെ ആദ്യപകുതി മലയാളത്തിലും രണ്ടാംപകുതി ഇംഗ്ലീഷിലുമാകും

•സർക്കാർ വെബ്‌സൈറ്റുകൾ, ആപ്പുകൾ എന്നിവയ്‌ക്ക്‌ മലയാളം പതിപ്പുകൾ

•സർക്കാർ വെബ്‌സൈറ്റുകളിൽ മലയാളം തെരഞ്ഞെടുക്കാം




deshabhimani section

Related News

View More
0 comments
Sort by

Home