പാസാക്കിയിട്ട് 10 വർഷം: മലയാള ഭാഷാ ബില്ലിലും കേന്ദ്രം അടയിരിക്കുന്നു

സി എ പ്രേമചന്ദ്രൻ
Published on Apr 14, 2025, 12:00 AM | 1 min read
തൃശൂർ: കേരള നിയമസഭ 2015-ൽ പാസാക്കിയ മലയാള ഭാഷാ ബില്ലിന് 10 വർഷമായിട്ടും അംഗീകാരം നൽകാതെ കേന്ദ്രസർക്കാർ. രാഷ്ട്രപതിയുടെ അംഗീകാരത്തിനായി കാത്തുകിടക്കുകയാണ് മലയാള ഭാഷാ (വ്യാപനവും, പരിപോഷണവും) ബിൽ. ബില്ലുകൾ അകാരണമായി വൈകിക്കരുതെന്ന സുപ്രീംകോടതി വിധിയോടെ ഈ ഭാഷാബില്ലും ചർച്ചയാകുകയാണ്. 1969ലെ ഔദ്യോഗിക ഭാഷ ആക്ട് പ്രകാരം കേരളത്തിന്റെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷോ അല്ലെങ്കിൽ മലയാളമോ ആണ്. ഇത് റദ്ദാക്കി മലയാളം മാത്രമാക്കാനാണ് സമഗ്ര ബിൽ നിയമസഭ പാസ്സാക്കിയത്.
ബിൽ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ തൃശൂർ മുല്ലശേരി ചിരിയങ്കണ്ടത്ത് ബാബു രാഷ്‌ട്രപതിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും കത്തയച്ചു. വിവരാവകാശ നിയമപ്രകാരവും കത്തയച്ചിരുന്നു. പരിഗണനയിലാണെന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് അധികൃതരുടെ മറുപടി. ബന്ധപ്പെട്ട കേന്ദ്രമന്ത്രിമാരുടെയും വകുപ്പുകളുടെയും അഭിപ്രായം സ്വരൂപിക്കാൻ അയച്ചെന്നാണ് 2022ൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നൽകിയ മറുപടി. ആഭ്യന്തര മന്ത്രാലയം അറിയിച്ച സംശയങ്ങളിൽ വ്യക്തതവരുത്തി 2024 ഏപ്രിൽ ഒന്നിന് ഗവർണർ മുഖേന കേന്ദ്രത്തിന് സംസ്ഥാന സർക്കാർ കത്തയച്ചതായി സംസ്ഥാന ഔദ്യോഗിക ഭാഷാവകുപ്പിൽനിന്ന് മറുപടി ലഭിച്ചതായി ബാബു പറഞ്ഞു.
സ്കൂളിൽ മലയാളം ഒന്നാം ഭാഷയാക്കുക, സെക്രട്ടറിയറ്റിലെ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിനെ മലയാള ഭാഷാ വികസന വകുപ്പ് ആക്കുക, ബില്ലുകൾ, പാസാക്കുന്ന നിയമങ്ങൾ, ഗവർണറുടെ ഉത്തരവുകൾ, ജില്ലാ കോടതി ഭാഷ, പെറ്റിക്കേസുകളിലെയും അർധ ജുഡീഷ്യൽ സ്ഥാപനങ്ങളുടെയും വിധി, പിഎസ്‌സി പരീക്ഷ എന്നിവ മലയാളത്തിലാക്കുക, മലയാളം പഠനഭാഷയാക്കിയവർക്ക് പ്രൊഫഷണൽ കോഴ്‌സുകളിൽ സംവരണം നൽകുക. സ്വയംഭരണ, സഹകരണ പൊതുമേഖലാ സ്ഥാപനങ്ങളുടെ പേര് രേഖപ്പെടുത്തുന്ന ബോർഡുകൾ, വാഹനങ്ങളുടെ ബോർഡുകൾ എന്നിവ മലയാളത്തിലാക്കുക. ഉൽപ്പന്നങ്ങളിൽ മലയാളത്തിൽ വിവരങ്ങൾ രേഖപ്പെടുത്തുക തുടങ്ങിയ വ്യവസ്ഥ ഉൾപ്പെടുന്നതാണ് ബിൽ.









0 comments