പാക് ഷെല്ലാക്രമണം; രാജസ്ഥാനിൽ മലയാള സിനിമാ ചിത്രീകരണം നിർത്തിവച്ചു

ജയ്പൂർ: രാജസ്ഥാനിൽ പാക് ഷെല്ലാക്രമണത്തെ തുടർന്ന് മലയാള സിനിമാ ചിതിരീകരണം നിർത്തിവച്ചു. ഗോളം എന്ന ചിത്രത്തിന്റെ സംവിധായകൻ സംജാദിന്റെ പുതിയ സിനിമയായ ഹാഫിന്റെ ചിത്രീകരണം ആണ് നിർത്തിവച്ചത്. മലയാളികളുൾപ്പെടെ 200ഓളം പേർ അടങ്ങുന്ന സംഘമാണ് ജയ് സാൽമീറിൽ കുടുങ്ങിയത്. എല്ലാവരും നിലവിൽ സുരക്ഷിതരാണെന്ന് സംഘം അറിയിച്ചു.
രാജസ്ഥാനിൽ സംഘം പത്ത് ദിവസമായി സിനിമ ചിത്രീകരിച്ച് വരികയായിരുന്നു. ഇന്നലെ രാത്രിയോടെയാണ് ഷെല്ലാക്രമണമുണ്ടായത്. വലിയ രീതിയിലുള്ള ശബ്ദം കേട്ടതായും ഉടൻ തന്നെ പ്രദേശത്ത നിന്ന് സുരക്ഷിത സ്ഥലത്തേക്ക് മാറിയതായുമാണ് സംഘം പ്രതികരിച്ചത്. ഇവർ ചിത്രീകരണം അവസാനിപ്പിച്ച് മടങ്ങാൻ ഒരുങ്ങുകയാണ്. സംഘർഷം അവസാനിച്ച് സ്ഥിതിഗതികൾ ശാന്തമായതിന് ശേഷം ചിത്രീകരണം പുനരാംഭിക്കുമെന്ന് ക്രൂ അറിയിച്ചു.
ഫ്രാഗ്രനന്റ് നേച്ചർ ഫിലിംസിന്റെ ബാനറിൽ ആൻസജീവും, സജീവുമാണ് ‘ഹാഫ്’ എന്ന ചിത്രം നിർമിക്കുന്നത്. വൻ മുതൽമുടക്കിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് നൂറ്റിയമ്പതോളം ദിവസങ്ങൾ നീണ്ടുനിൽക്കുന്നതാണ്. 90 ദിവസത്തെ ഷെഡ്യൂളായിരുന്നു ജയ്സാൽമീറിൽ പ്ലാൻ ചെയ്തിരുന്നത്. രാജസ്ഥാനിലെ അതിർത്തി പ്രദേശങ്ങളോട് ചേർന്നാണ് കൂടുതൽ ചിത്രീകരണവും നടന്നിരുന്നത്. യൂറോപ്യൻ രാജ്യങ്ങളിലാണ് പിന്നീടുള്ള പ്രധാന ചിത്രീകരണം.









0 comments