പെൺകുട്ടികളെ മുംബൈയിൽ കണ്ടതായി സൂചന: അന്വേഷണ സംഘം മുംബൈയിലേക്ക്

താനൂർ: താനൂരിൽ നിന്നും കാണാതായ പെൺകുട്ടികളെ മുംബൈയിൽ കണ്ടെത്തിയതായി സൂചന. വിവരത്തിൻ്റെയടിസ്ഥാനത്തിൽ താനൂർ പൊലീസ് നാല് സംഘങ്ങളായി മഹാരാഷ്ട്രയിലേക്ക് തിരിച്ചിട്ടുണ്ട്. പെൺകുട്ടികളുടെ നമ്പറിലേക്ക് വിളിച്ച എടവണ്ണ സ്വദേശിയുടെ കൂടെയാണ് ഇവർ മുംബൈയിലെത്തിയതെന്നാണ് നിഗമനം.
ടെക്സ്റ്റൈൽസ് മേഖലയിൽ ജോലിയെടുക്കുന്ന എടവണ്ണ സ്വദേശി ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ചിട്ടുള്ളത്. ഇയാളുമായി പൊലീസ് ബന്ധപ്പെട്ടെങ്കിലും കുട്ടികളെ കണ്ട കാര്യം ഇയാൾ നിഷേധിച്ചെന്നാണറിയുന്നത്. ഇതിനിടെ മുംബെയിലെ ഒരു ബ്യൂട്ടിപാർലറിൽ ഇവരെ കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് മുംബൈ പൊലീസ് സ്ഥലത്തെത്തിയെങ്കിലും മലയാളിയായ ബ്യൂട്ടിപാർലർ ഉടമയുടെ സഹായത്തോടെ പിൻവാതിൽ വഴി ഇവർ രക്ഷപ്പെടുകയായിരുന്നുവെന്നാണറിയുന്നത്.
കുട്ടികളെ മുംബൈയിൽ കണ്ടെത്തിയെന്ന വാർത്ത പരന്നതോടെ മലയാളി സംഘടന പ്രവർത്തകരും മഹാരാഷ്ട്ര പൊലീസും കുട്ടികളെ കണ്ടെത്താനുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. പുതിയ വിവരങ്ങളുടെയടിസ്ഥാനത്തിൽ ജില്ല പൊലീസ് മേധാവി താനൂർ സ്റ്റേഷനിലെത്തി അന്വേഷണം വിലയിരുത്തി.









0 comments