മലപ്പുറത്ത് കിണറ്റിൽ വീണ ആനയെ കരകയറ്റാനുള്ള ശ്രമം തുടരുന്നു

മലപ്പുറം: ജനവാസമേഖലയിലെ കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്താനുള്ള ശ്രമം അവസാനഘട്ടത്തിൽ. ഊർങ്ങാട്ടിരി പഞ്ചായത്ത് രണ്ടാം വാർഡ് ഓടക്കയത്ത് കൂരങ്കൽ അട്ടറമാക്കൽ സണ്ണിയുടെ പുരയിടത്തിലെ കിണറ്റിൽ വ്യാഴം പുലർച്ചെ 12.30ഓടെ വീണ കൊമ്പനെയാണ് രാത്രി വൈകിയും രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്. ജെസിബി ഉപയോഗിച്ച് കിണർ പൊളിച്ച് വഴിയൊരുക്കിയാണ് ആനയെ രക്ഷിക്കാനുള്ള ശ്രമം നടത്തുന്നത്. ബുധൻ രാത്രി പത്തോടെ പ്രദേശത്തിറങ്ങിയ കാട്ടാനകളെ നാട്ടുകാർ തുരത്തുന്നതിനിടെ കൊമ്പൻ ആൾമറയില്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു. വലിപ്പം കുറഞ്ഞ കിണറ്റിൽ ആന മുന്നോട്ടോ പിന്നോട്ടോ നീങ്ങാനാകാതെ കുടുങ്ങി.
ആനയെ കാട്ടിലേക്ക് തുരത്തിയോടിക്കാമെന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശം നാട്ടുകാർ അംഗീകരിച്ചില്ല. ആനയെ മയക്കുവെടിവച്ച് മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നായിരുന്നു ആവശ്യം. നാട്ടുകാർ പ്രതിഷേധിച്ചതോടെ ആനയെ പുറത്തെത്തിക്കാനുള്ള ദൗത്യം വൈകി.
പകൽ രണ്ടോടെ വയനാട്ടിൽനിന്ന് വെറ്ററിനറി സംഘമെത്തി ആനയുടെ ആരോഗ്യനില പരിശോധിച്ചു. ആനയെ മറ്റൊരിടത്തേക്ക് മാറ്റുക, പ്രദേശത്ത് ഫെൻസിങ് ഏർപ്പെടുത്തുക, കൃഷിനാശത്തിന് നഷ്ടപരിഹാരം നൽകുക, പുതിയ കിണർ നിർമിക്കാൻ സണ്ണിക്ക് നഷ്ടപരിഹാരം നൽകുക എന്നിവയായിരുന്നു നാട്ടുകാരുടെ ആവശ്യം. സണ്ണിക്ക് 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ദുരന്തനിവാരണ നിധിയിൽനിന്ന് ഫെൻസിങ്ങിന് ഒരുകോടി രൂപ അനുവദിക്കാനും ചർച്ചയിൽ തീരുമാനമായി. തുടർന്നായിരുന്നു രക്ഷാദൗത്യം. പ്രദേശത്ത് വ്യാഴാഴ്ചമുതൽ കുങ്കിയാനകളെ നിർത്തും. ഫെൻസിങ് പൂർത്തിയാകുന്നതുവരെ പ്രദേശത്ത് ആർആർടി വളന്റിയർമാർ സുരക്ഷ ഏർപ്പെടുത്തും. തുടർനടപടി ചർച്ചചെയ്യാനായി വെള്ളിയാഴ്‌ച കലക്ടറുടെ നേതൃത്വത്തിൽ യോഗംചേരും.









0 comments